wayanad local

റെയില്‍വേ: കോണ്‍ഗ്രസ് നേതാക്കള്‍നിലപാട് വ്യക്തമാക്കണമെന്ന്

കല്‍പ്പറ്റ: വയനാട് വഴി കേരളത്തിലേക്കുള്ള റെയില്‍വേ ലൈന്‍ സ്ഥാപിക്കുന്നതില്‍ കര്‍ണാടക പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള കോ ണ്‍ഗ്രസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്ന് എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു എന്നിവര്‍ ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തലക്കൊപ്പം ഐ സി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ കര്‍ണാടക മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുകയും കേരളമാണ് ഇക്കാര്യത്തില്‍ അനാസ്ഥ കാണിക്കുന്നതെന്നുമായിരുന്നു പ്രചരിപ്പിച്ചത്. ഈ കള്ളത്തരമാണ് ഇപ്പോള്‍ പൊളിഞ്ഞത്. റെയില്‍വേ യാഥാര്‍ഥ്യമാക്കാന്‍ രാഷ്ട്രീയ മുതലെടുപ്പ് മാറ്റിവച്ച് കൂട്ടായ ശ്രമത്തിന് ഇനിയെങ്കിലും തയ്യാറാവണം. കര്‍ണാടക വ്യവസായമന്ത്രി ആര്‍ വി ദേശ്പാണ്ഡെയാണ് വയനാട് വഴി കേരളത്തിലേക്ക് ഒരു തരത്തിലും റെയില്‍വേ ലൈന്‍ അനുവദിക്കില്ലെന്നു നിയമസഭയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളം ഒരിക്കലും വയനാട് വഴിയുള്ള റെയില്‍വേ ലൈനുകളെ അവഗണിച്ചിട്ടില്ല. നഞ്ചന്‍കോട്-നിലമ്പൂര്‍ പാതയും തലശ്ശേരി-മാനന്തവാടി -മൈസൂരു പാതയും യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. നിലമ്പൂര്‍-വയനാട് -നഞ്ചന്‍കോട് ലൈനിനായി നിരവധി മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമാണ് ഇ  ശ്രീധരനെ റെയില്‍വേ ലൈനിന്റെ അലൈന്‍മെന്റും തുടര്‍ന്ന് ഡിപിആര്‍ തയ്യാറാക്കുന്നതിനുമുള്ള ചുമതലയും ഏല്‍പ്പിച്ചത്. ഇ ശ്രീധരന്‍ തന്നെ ജില്ലയിലെത്തുകയും ബന്ധപ്പെട്ടവരുടെ യോഗം നടത്തുകയും ചെയ്തു. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഈ പാതയുടെ പ്രധാന്യം അദ്ദേഹം തന്നെ വിശദീകരിച്ചതും എല്‍ഡിഎഫ് ഭരണകാലത്ത് തന്നെയാണ്. ഡിഎംആര്‍സി തയ്യാറാക്കിയ അലൈമെന്റ് കര്‍ണാടക സര്‍ക്കാരിന് നല്‍കി. എന്നാല്‍, കര്‍ണാടക അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ദിഷ്ട പദ്ധതി നടപ്പാക്കാനുള്ള വിവിധ തടസ്സങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയായിരുന്നു ചെയ്തത്. പിന്നീട്  ബംഗളൂരുവില്‍ നടന്ന യോഗത്തില്‍ കേരള ചീഫ് സെക്രട്ടറി നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍പാത യാഥാര്‍ഥ്യമാവേണ്ടതിന്റെ ആവശ്യകതയും പ്രധാന്യവും വിശദമായി വിവരിച്ചു. ഡിഎംആര്‍സി നിര്‍ദേശിച്ച ഭൂഗര്‍ഭ റെയില്‍പാത സംബന്ധിച്ചും ചര്‍ച്ച ചെയ്തു. കര്‍ണാടക അതിനെയും തള്ളിപ്പറയുന്ന നിലപാടാണ് അന്നു സ്വീകരിച്ചത്. ഇപ്പോള്‍ കര്‍ണാടക തങ്ങളുടെ എതിര്‍പ്പ് ഔദ്യോഗികമായി പറഞ്ഞതോടെ കോണ്‍ഗ്രസ് നേതാക്കള്‍ വയനാട്ടുകാരെ തെറ്റിദ്ധപ്പിക്കുകയായിരുന്നുവെന്നു വ്യക്തമായി. ഈ സാഹചര്യത്തില്‍ റെയില്‍വേ യാഥാര്‍ഥ്യമാക്കുന്നതിന് മുഴുവന്‍ പേരുടെയും സഹകരണം ഇനിയെങ്കിലും ഉണ്ടാവണം. വനം കണ്‍കറന്റ് ലിസ്റ്റിലുള്ളതാണ്. അതിനാല്‍ വനത്തില്‍ കേന്ദ്ര സര്‍ക്കാരിനും ചുമതലയുണ്ട്- എംഎല്‍എമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it