kozhikode local

റെയില്‍വേ കുളം ശുചീകരിക്കുന്നു; ജനകീയ കൂട്ടായ്മ രംഗത്ത്

വടകര: റെയില്‍വെ കുളം നവീകരിക്കുന്നതിന്റെ മുന്നോടിയായി കുളത്തിലേക്കുള്ള അഴുക്കുചാലുകള്‍ ഇന്നു ശുചീകരിക്കും. ജനകീയ കൂട്ടായ്മയില്‍ നടക്കുന്ന ശ്രമദാനത്തില്‍ റെയില്‍വേ തൊഴിലാളികളുംസന്നദ്ധസംഘടനാ പ്രവര്‍ത്തകരും പങ്കാളികളാകും.
ഉപയോഗശൂന്യമായിക്കിടക്കുന്ന കുളത്തിലേക്ക് സമീപത്തെ നാല് അഴുക്കുചാലുകളില്‍നിന്നുള്ള വെള്ളം ഒഴുക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നഗരസഭയുടെ ഓവുചാലില്‍ നിന്നും റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തുനിന്നുള്ള മൂന്ന് അഴുക്കുചാലുകളുകളില്‍ നിന്നും കുളത്തിലേക്കാണ് മലിനജലം ഒഴുകിയെത്തുന്നത്.
കിഴക്കുഭാഗത്തെ ഓവുചാലിന്റെ ഗതി തിരിച്ചുവിടണമെന്നു റെയില്‍വെ നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌റ്റേഷന്‍ പരിസരത്തുനിന്നുള്ള അഴുക്കുചാലുകളില്‍ ചെളിമൂടി ഒഴുക്ക് നിലച്ച് ഇവിടെ കൊതുകുവളര്‍ത്തു കേന്ദ്രമായിരിക്കുകയാണ്. ഇതാണ് റെയില്‍വെ തൊഴിലാളികള്‍ ജനകീയകൂട്ടായ്മയില്‍ വൃത്തിയാക്കുക. അഴുക്കുജലം റെയില്‍വേ കോളനിഗ്രൗണ്ടില്‍നിന്ന് പടിഞ്ഞാറുഭാഗത്തുള്ള കലുങ്ക് വഴി തിരിച്ചുവിടാനാണ് പരിപാടി. കുളത്തിലേക്ക് മരച്ചില്ലകളും ഇലകളും വീഴുന്നത് തടയാന്‍ കുളത്തിന്റെ കരയിലുള്ള മരത്തിലെ ചില്ലകള്‍ റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം മുറിച്ചുമാറ്റും. റെയില്‍വേ യൂസേഴ്‌സ് ഫോറം, സേവനം ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിലാണ് കുളം സംരക്ഷിക്കാന്‍ ജനകീയകൂട്ടായ്മ രൂപവത്കരിച്ചത്.
റെയില്‍വേ കുളമുള്‍പ്പെടെ വടകരയില്‍ ഉപയോഗശൂന്യമായി കിടക്കുന്ന എല്ലാ ജലസ്രോതസ്സുകളും സംരക്ഷിക്കുന്നതിന്റെ ഭാഗമായി എംപി., എംഎല്‍എ., നഗരസഭ, രാഷ്ട്രീയസാംസ്‌കാരികസന്നദ്ധസംഘടനാ പ്രതിനിധികള്‍ എന്നിവരുടെ വിപുലമായ യോഗം 22ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഹാളില്‍ ചേരും.
Next Story

RELATED STORIES

Share it