palakkad local

റെയില്‍വേ അടിപ്പാത: നഗരത്തിലെ ഗതാഗതത്തിരക്കു കുറയുമെന്ന് പ്രതീക്ഷ

പട്ടാമ്പി: നഗരത്തില്‍ ബസ് സ്റ്റാന്റിന് സമീപം റെയില്‍പ്പാതയ്ക്കടിയിലൂടെയുള്ള പാത യാഥാര്‍ഥ്യമാക്കാനുള്ള ആദ്യപരിശോധന നടന്നു. പള്ളിപ്പുറം റോഡിലെ പടിഞ്ഞാറുവശത്തെ കമാനത്തിന് സമീപം അടിപ്പാത നിര്‍മിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ഇതിന്റെ പരിശോധനയ്ക്കായി കഴിഞ്ഞദിവസം ജനപ്രതിനിധികളും റെയില്‍വേ അധികൃതരും സ്ഥലം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു.
ഉടന്‍ അടങ്കല്‍ തയ്യാറാക്കി ഫണ്ടടക്കമുള്ള കാര്യങ്ങളില്‍ നടപടിയെടുക്കാനാണ് തീരുമാനം. നിലവില്‍ പട്ടാമ്പി നഗരത്തിലെ രൂക്ഷമായ ഗതാഗതത്തിരക്കിന് അടിപ്പാതവന്നാല്‍ പരിഹാരം ഉണ്ടാകുമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും പ്രതീക്ഷ. വര്‍ഷങ്ങളായി അടിപ്പാതയ്ക്കും നടപ്പാലത്തിനുമായി പട്ടാമ്പിക്കാര്‍ കാത്തിരിക്കുന്നു. ഒരുഭാഗത്ത് ഭാരതപ്പുഴയും മറുഭാഗത്ത് റെയില്‍വേ ലൈനും ഞെരുക്കിയ പട്ടാമ്പിനഗരത്തില്‍ മേല്‍പ്പാലങ്ങളും അടിപ്പാതകളും വന്നാല്‍ മാത്രമേ ഗതാഗതം സുഗമമാവുകയുള്ളൂ. ഇപ്പോള്‍ മേലേ പട്ടാമ്പിയിലെത്തണമെങ്കില്‍ കാറുകളടക്കമുള്ള വാഹനങ്ങള്‍ക്ക് നഗരത്തിലൂടെതന്നെ പോകണം. ബൈപാസില്ലാത്തതാണ് പ്രശ്‌നം. അതുകൊണ്ടുതന്നെ പലപ്പോഴും വാഹനത്തിരക്കു കാരണം ഗതാഗതം സ്തംഭിക്കുന്ന സ്ഥിതിയാണ്. പടിഞ്ഞാറു ഭാഗത്ത് റെയില്‍വേ കമാനമുണ്ടെങ്കിലും ഇതുവഴി ഓട്ടോറിക്ഷകള്‍ക്കും ഇരുചക്രവാഹങ്ങള്‍ക്കും മാത്രമേ സഞ്ചരിക്കാനാവുകയുള്ളൂ.
മുമ്പ് ഇതുവഴി ചെറുവാഹനങ്ങള്‍ കടന്നുപോകാനുള്ള വഴിയൊരുക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും റെയില്‍വേയുടെ അനുമതി ലഭിച്ചില്ല. അടിപ്പാത യാഥാര്‍ഥ്യമായാല്‍ പള്ളിപ്പുറം റോഡില്‍ നിന്നുള്ള ചെറുവാഹനങ്ങള്‍ക്ക് നഗരത്തിലൂടെയല്ലാതെ തന്നെ മേലേ പട്ടാമ്പിയിലേക്കും പെരിന്തല്‍മണ്ണ റോഡിലേക്കും എത്തി യാത്ര തുടരാനാവും. ഇത് നഗരത്തിനുള്ളിലെ പ്രധാന റോഡിലെ വാഹനത്തിരക്ക് കുറയ്ക്കുന്നതിന് സഹായകരമാവും. ഫണ്ടനുവദിക്കലടക്കമുള്ള കാര്യങ്ങള്‍ പെട്ടെന്ന് സജ്ജമാക്കിയാല്‍ അടിപ്പാതനിര്‍മാണം ഉടന്‍ തുടങ്ങാനാവും.
പട്ടാമ്പി കെഎസ്ആര്‍ടിസി സ്റ്റേഷന്‍ പരിസരത്തുനിന്ന് സിവില്‍ സ്റ്റേഷന്‍ റോഡിലേക്കുള്ള നടപ്പാതയും പട്ടാമ്പിയില്‍ ആവശ്യമാണ്. നടപ്പാലംവന്നാല്‍ പട്ടമ്പി ബസ്സ്റ്റാന്റ് പരിസരത്തുനിന്ന് അപ്പുറത്തേക്ക് കാല്‍നടയാത്രക്കാര്‍ക്ക് എളുപ്പത്തിലെത്താനാവും. പട്ടാമ്പി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, താലൂക്കോഫിസ്, മിനി സിവില്‍സ്റ്റേഷന്‍, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് ഇവയെല്ലാം റെയില്‍വേ ലൈനിന് അപ്പുറത്താണ്. ഇതിനായി 2.12 കോടി രൂപയുടെ അടങ്കല്‍ തയ്യാറാക്കി റെയില്‍വേ അധികൃതര്‍ നഗരസഭയ്ക്ക് മുമ്പ് നല്‍കിയിട്ടുണ്ട്. എംപി, എംഎല്‍എ ഫണ്ടുകളും നഗരസഭയുടെ ഫണ്ടും ചേര്‍ത്ത് പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് തീരുമാനം.
Next Story

RELATED STORIES

Share it