റെയില്‍വേയുടെ രാഷ്ട്രീയ ബജറ്റ്

കെ പി വിജയകുമാര്‍

ബിജെപിയുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് മുന്തിയ പ്രാധാന്യം നല്‍കിയ റെയില്‍വേ ബജറ്റ് സ്വപ്‌നപദ്ധതികള്‍കൊണ്ടു നിറഞ്ഞു.
അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേന്ദ്ര ഭരണകക്ഷിക്ക് അനുകൂലമായ വോട്ടുവേട്ടയാണ് ബജറ്റിന്റെ ലക്ഷ്യം. മൗലികവും ദേശീയവുമായ കാഴ്ചപ്പാടില്ലാത്ത ബജറ്റാണിത്. ആഴത്തില്‍ പരിശോധിച്ചാല്‍ ചില പദ്ധതികള്‍ക്ക് വര്‍ഗീയമുഖം നല്‍കാന്‍ ശ്രമിക്കുന്നതായും കാണാം. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കാനുള്ള ബോധപൂര്‍വമായ പരിശ്രമമാണ് ബജറ്റിലൂടെ പ്രകടമാവുന്നത്. യാഥാര്‍ഥ്യബോധത്തിലധിഷ്ഠിതമായ പദ്ധതികളും അനിവാര്യമായ അധിക വിഭവസമാഹരണത്തിനുള്ള നിര്‍ദേശങ്ങളും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതാണ്. താനൊരു രാഷ്ട്രീയക്കാരനല്ലെന്നു പ്രഖ്യാപിച്ച റെയില്‍വേമന്ത്രി സുരേഷ് പ്രഭു ബജറ്റിലൂടെ കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളോടും ചിറ്റമ്മനയം അനുവര്‍ത്തിച്ചു. അതേസമയം, കേന്ദ്രഭരണകൂടത്തിലെ ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും ഭരണം നേടാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങള്‍ക്കും വാരിക്കോരി പദ്ധതികള്‍ അനുവദിച്ചു.
യാത്രക്കൂലിയും ചരക്കുകൂലിയും ബജറ്റിലൂടെ വര്‍ധിപ്പിച്ച് അധികഭാരം കെട്ടിവച്ചില്ല എന്നത് ആശ്വാസകരമാണ്. എന്നാല്‍, ഇത് എടുത്തുപറയേണ്ട നേട്ടമായി കൊട്ടിഘോഷിക്കാന്‍ കഴിയില്ല. കഴിഞ്ഞ വര്‍ഷമാണ് ചരിത്രത്തില്‍ ഇല്ലാത്തവിധം യാത്രക്കൂലിയും ചരക്കുകൂലിയും വര്‍ധിപ്പിച്ചത്. മാത്രമല്ല, രണ്ടു കൂലിയും കൂട്ടാന്‍ റെയില്‍വേ റെഗുലേറ്ററി അതോറിറ്റിക്ക് പൂര്‍ണ അധികാരം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ യാത്രക്കൂലിയും ചരക്കുകൂലിയും കുത്തനെ വര്‍ധിപ്പിക്കുമെന്ന വ്യക്തമായ സൂചനയാണ് ബജറ്റിലുള്ളത്.
1.84 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ബജറ്റില്‍ കാണുന്നത്. നിക്ഷേപം പരമാവധി വര്‍ധിപ്പിക്കുമെന്ന് ബജറ്റില്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. ഒന്നരലക്ഷം കോടി രൂപ എല്‍ഐസി നിക്ഷേപിക്കുമെന്നു വെളിപ്പെടുത്തിയിട്ടുണ്ട്. വിദേശ മൂലധന സമാഹരണത്തെക്കുറിച്ചും സ്വകാര്യ നിക്ഷേപങ്ങളെക്കുറിച്ചും വ്യക്തമാക്കിയിട്ടില്ല. ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് റെയില്‍വേ അധികം കണ്ടെത്തേണ്ടത് 32,000 കോടി രൂപയാണ്. ഇപ്പോള്‍ നടപ്പില്‍ വരുത്തുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ 10 ലക്ഷം കോടിയോളം രൂപ ആവശ്യമാണ്. യാത്രക്കൂലിയും ചരക്കുകൂലിയും കൂട്ടാതെയും സ്വകാര്യ സഹായം തേടാതെയും ഇന്ത്യന്‍ റെയില്‍വേക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് ബജറ്റ് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം ബോധ്യപ്പെടുത്തുന്നുണ്ട്. 14 കോടി തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുമെന്ന ഒരു വാചകം മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറയുകയുണ്ടായി. എങ്ങനെയാണ് ഇതു സൃഷ്ടിക്കുകയെന്നു വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യന്‍ റെയില്‍വേയില്‍ നാലുലക്ഷം തസ്തികകള്‍ ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന യാഥാര്‍ഥ്യം മന്ത്രി ബോധപൂര്‍വം മറച്ചുവച്ചു. 17 ലക്ഷം തസ്തികകള്‍ ഉള്ളതില്‍ 13 ലക്ഷം ജീവനക്കാരേ ഇപ്പോഴുള്ളൂ. പുതുതായി ജീവനക്കാരെ നിയമിക്കുമെന്നും തസ്തികകള്‍ നികത്തുമെന്നും പറയാതെ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുമെന്നു മാത്രം പറഞ്ഞാല്‍ സ്വകാര്യവല്‍ക്കരണത്തിലൂടെ സൃഷ്ടിക്കുമെന്നു മനസ്സിലാക്കണം.
ചില സംസ്ഥാന സര്‍ക്കാരുകളോട് വിവേചനവും ചിറ്റമ്മനയവും സ്വീകരിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് 44 പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ 92,000 കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചത്. നേരത്തേയും പല സംസ്ഥാന സര്‍ക്കാരുകളുമായി കേന്ദ്രം കരാര്‍ ഉണ്ടാക്കിയിരുന്നു. രാഷ്ട്രീയം ഉള്‍പ്പെടെ പല കാരണങ്ങളാല്‍ സംസ്ഥാനസര്‍ക്കാരുകളെ അവഗണിക്കുകയായിരുന്നു പതിവ്. ഉദാഹരണത്തിന്, കേന്ദ്ര റെയില്‍വേ വകുപ്പുമായി എംഒയു ഒപ്പിട്ട അപൂര്‍വം സംസ്ഥാനങ്ങളില്‍ ഒന്നാണു കേരളം. എന്നാല്‍, കേന്ദ്രം അനുകൂലമായ നിലപാടുകള്‍ കൈക്കൊണ്ടിട്ടില്ല. പ്രധാനമായും നിലമ്പൂര്‍-സുല്‍ത്താന്‍ ബത്തേരി-നഞ്ചന്‍ഗോഡ് റെയില്‍പ്പാത ഒപ്പിട്ടതില്‍ ഉള്‍പ്പെടും. അതേക്കുറിച്ച് ബജറ്റില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല.
ഏവരും പ്രതീക്ഷിച്ചപോലെ കേരളത്തിനു പുതിയ തീവണ്ടികളൊന്നും ലഭിച്ചില്ല. മുന്‍കാലങ്ങളെ അപേക്ഷിച്ച് മുഖ്യമന്ത്രിയും കേരളത്തിലെ എംപിമാരും നന്നായി ഹോംവര്‍ക്ക് ചെയ്ത് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല. തിരുവനന്തപുരത്തെ സബര്‍ബന്‍ സര്‍വീസും ശബരി പാതയ്ക്ക് 20 കോടി അനുവദിച്ചതും കോഴിക്കോട്-മംഗലാപുരം പാത ഇരട്ടിപ്പിക്കാന്‍ രണ്ടുകോടി രൂപ അനുവദിച്ചതും ആശ്വാസമാണ്.
പാത ഇരട്ടിപ്പിക്കല്‍ ഉള്‍പ്പെടെ അടിസ്ഥാന വികസന സൗകര്യങ്ങളുടെ അഭാവത്തിലാണത്രെ സംസ്ഥാനത്തിനു പുതിയ തീവണ്ടികള്‍ അനുവദിക്കാതിരുന്നത്. ഇങ്ങനെയാണെങ്കില്‍ അടുത്ത 10 വര്‍ഷത്തേക്ക് പുതിയ തീവണ്ടികള്‍ പ്രതീക്ഷിക്കേണ്ടതില്ല. ബജറ്റില്‍ ആധുനികവല്‍ക്കരണത്തിനുവേണ്ടി 8.5 ലക്ഷം രൂപ വകയിരുത്തിയത് ശ്രദ്ധേയമാണ്. 2,800 കിലോമീറ്ററില്‍ പുതിയ പാതകള്‍ നിര്‍മിക്കാനും 1,600 കിലോമീറ്റര്‍ വൈദ്യുതീകരിക്കാനുമുള്ള നിര്‍ദേശങ്ങളും സ്വാഗതാര്‍ഹമാണ്. മുതിര്‍ന്ന പൗരന്മാരോടും സ്ത്രീകളോടും കുട്ടികളോടും ഭിന്നശേഷിയുള്ളവരോടും പ്രത്യേകമായ താല്‍പര്യം ബജറ്റില്‍ കാണിച്ചിട്ടുണ്ട്.
വേഗത്തിന്റെ കാര്യത്തില്‍ ലോകനിലവാരത്തിലേക്കുയരാന്‍ 130 കിലോമീറ്റര്‍ വേഗമുള്ള തേജസ്സ് തീവണ്ടികള്‍ ആരംഭിക്കുന്നത് പുതിയ തലമുറകള്‍ക്ക് ആവേശമായി. സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി അപകടങ്ങള്‍ ഒഴിവാക്കാനും സുരക്ഷാക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കാനും ചില പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. 2020 ആവുമ്പോഴേക്കും ലെവല്‍ക്രോസുകളൊക്കെ ആളില്ലാത്തതാവുമെന്ന് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കോച്ച് ഫാക്ടറികള്‍ തുടങ്ങാന്‍ 40,000 കോടി രൂപ നീക്കിവച്ചിട്ടുണ്ടെങ്കിലും പാലക്കാട് കോച്ച് ഫാക്ടറിയുടെ പൂര്‍ത്തീകരണത്തിനുള്ള നിര്‍ദേശങ്ങളൊന്നും ബജറ്റിലില്ല. റെയില്‍വേ പോര്‍ട്ടര്‍മാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം ഇത്തവണ നിറവേറ്റിയിട്ടുണ്ട്. പോര്‍ട്ടര്‍മാരുടെ യൂനിഫോം മാറ്റാനും അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനുമുള്ള നിര്‍ദേശം ബജറ്റിലുണ്ട്. ദീര്‍ഘദൂര എക്‌സ്പ്രസ്സുകളില്‍ ദീനദയാല്‍ കംപാര്‍ട്ട്‌മെന്റുകള്‍പോലുള്ള പദ്ധതികളിലൂടെ ബജറ്റിന് ജനകീയമുഖം നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. റെയില്‍വേക്ക് ദേശീയനയം ഇല്ലാത്ത പോരായ്മ ഇത്തവണത്തെ ബജറ്റിലും തെളിഞ്ഞുകാണുന്നുണ്ട്.
Next Story

RELATED STORIES

Share it