wayanad local

റെയില്‍വേയുടെ പേരിലും മോദി മോഡല്‍ തട്ടിപ്പ്; നടപടികള്‍ ഉടനെന്നു വ്യാജ പ്രചാരണം

കല്‍പ്പറ്റ: നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പ്പാതയ്ക്ക് ബജറ്റില്‍ തുക അനുവദിച്ചെന്ന തരത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതായി ആക്ഷേപം. പാതയ്ക്ക് 6,000 കോടി രൂപ ചെലവ് വരുമെന്നും ഈ തുക മറ്റെവിടെ നിന്നെങ്കിലും കണ്ടെത്തണമെന്നുമാണ് ബജറ്റില്‍ പറയുന്നത്. എന്നാല്‍, ബജറ്റില്‍ വയനാട് റെയില്‍വേയ്ക്ക് 6,000 കോടി രൂപ നീക്കിവച്ചെന്നും ഇതു ജില്ലയുടെ റെയില്‍വേ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുമെന്നുമാണ് പ്രചാരണം നടക്കുന്നത്.
ആകെ 236 കിലോമീറ്റര്‍ നീളം വരുന്നതാണ് നിര്‍ദ്ദിഷ്ട പാത. തുക മറ്റെവിടെ നിന്നെങ്കിലും കണ്ടെത്തണമെന്നു ബജറ്റില്‍ പറഞ്ഞതു വളച്ചൊടിച്ച് പാതയ്ക്ക് തുക നീക്കിവച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരികയാണ്. സംസ്ഥാനം 49 ശതമാനം തുക കമ്പനി രൂപീകരിച്ചോ ഏജന്‍സികള്‍ വഴിയോ കണ്ടെത്തിയാല്‍ ബാക്കി റെയില്‍വേ അനുവദിക്കുമെന്നു 2016 ജനുവരി 27ന് കേന്ദ്രവുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. 6,000 കോടിയില്‍ 3,000 കോടിയെങ്കിലും സംസ്ഥാനം നീക്കിവയ്ക്കണം.
പുതിയ വര്‍ക്കുകള്‍ എന്ന വിഭാഗത്തില്‍ മൂന്നാമതാണ് നിലമ്പൂര്‍-നഞ്ചന്‍കോട് പാത. പദ്ധതിക്ക് അനുവദിച്ച തുക എന്ന കോളത്തില്‍ 'നില്‍' എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. പുറത്തുനിന്ന് മറ്റേതെങ്കിലും ഏജന്‍സിയുടെ സഹായത്തോടെയും തുക കണ്ടെത്തണമെന്നാണ് നിര്‍ദേശം. എന്നാല്‍, ഈ വസ്തുത മറച്ചുപിടിച്ചാണ് പാതയ്ക്ക് 6,000 കോടി അനുവദിച്ചുവെന്ന തരത്തില്‍ പ്രചാരണമുണ്ടായത്.
ബജറ്റില്‍ തുക ഇല്ലാതായതോടെ കഴിഞ്ഞ 95 വര്‍ഷങ്ങളായി പാതയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് ഇനിയും നീളും. ഏറ്റവുമൊടുവില്‍ സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയുമായി ചേര്‍ന്നു തയ്യാറാക്കിയ ധാരണാപത്രത്തില്‍ 49 ശതമാനം തുക സര്‍ക്കാരോ സര്‍ക്കാരിതര ഏജന്‍സികളോ വഹിക്കാന്‍ തയ്യാറായാല്‍ റെയില്‍വേ പാത പണിയുമെന്നാണ് വ്യവസ്ഥ. ഇതനുസരിച്ച് ഇതിനുള്ള തുക ആരു കണ്ടെത്തുമെന്നതാണ് പ്രശ്‌നം. ചെലവ് കാശുപോലുമില്ലെന്നു പരിതപിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ 3,000 കോടി കണ്ടെത്തിയാല്‍ പാത യാഥാര്‍ഥ്യമായേക്കും. വയനാട് വഴി റെയില്‍വേ എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1912ല്‍ ഡോ. രംഗാചാര്‍ലുവാണ് മൈസൂര്‍ അസംബ്ലിയില്‍ വയനാട് വഴിയുള്ള റെയില്‍വേ എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്.
2004ല്‍ നഞ്ചന്‍കോട്-വയനാട് റെയില്‍പ്പാതയുടെ ആദ്യ സര്‍വേ നടന്നു. 2008 ജനുവരി 23നാണ് അന്തിമ റിപോര്‍ട്ട് റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചത്. 2009 ജൂണില്‍ ആസൂത്രണ കമ്മീഷന്‍ അംഗീകരിച്ചു. എന്നാല്‍, തുടര്‍ന്നു വന്ന ബജറ്റുകളിലൊന്നും പാതയ്ക്ക് പണം വകയിരുത്തിയില്ല.
Next Story

RELATED STORIES

Share it