റെയില്‍പ്പാളത്തില്‍ ജീപ്പ് കയറ്റി ഫോട്ടോയ്ക്ക് ശ്രമം; ട്രെയിനിടിച്ച് ജീപ്പ് തകര്‍ന്നു

ബംഗളൂരു: റെയില്‍പ്പാളത്തില്‍ ജീപ്പ് നിര്‍ത്തിയിട്ട് ഫോട്ടോയെടുക്കാന്‍ യുവാക്കളുടെ ശ്രമം. ട്രെയിനിടിച്ച് ജീപ്പ് തകര്‍ന്നു. ആളപായമില്ല. ലോക്കാ പൈലറ്റിന്റെ ജാഗ്രതയെ തുടര്‍ന്ന് മൈസൂരു-ബംഗളൂരു മംഗള എക്‌സ്പ്രസ് വന്‍ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടു. ബംഗളൂരുവില്‍നിന്ന് 45 കിലോമീറ്റര്‍ അകലെ രാമനഗരം ജില്ലയിലെ ബസവനപുരയില്‍ ഇന്നലെ രാവിലെ 7.25നാണു സംഭവം. രാമനഗരം റെയില്‍വേ സ്റ്റേഷനില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് സംഭവസ്ഥലം. റെയില്‍പ്പാളത്തില്‍ വിന്റേജ് ജീപ്പ് നിര്‍ത്തിയിട്ടതിനു ശേഷം ഫോട്ടോയെടുക്കുകയായിരുന്നു ബംഗളൂരു സ്വദേശികളായ നാലുപേര്‍. ഈസമയം 50 കിലോമീറ്റര്‍ വേഗത്തില്‍ മൈസൂരുവില്‍നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു ട്രെയിന്‍. 700ഓളം യാത്രികര്‍ വണ്ടിയിലുണ്ടായിരുന്നു.
അപകടസാധ്യത മനസിലാക്കി ലോക്കോ പൈലറ്റ് സൈറണ്‍ മുഴക്കിയെങ്കിലും ട്രാക്കില്‍നിന്ന് ജീപ്പ് മാറ്റാന്‍ യുവാക്കള്‍ തയ്യാറായില്ല. ലോക്കോ പൈലറ്റ് ബ്രേക്ക് ചെയ്‌തെങ്കിലും ജീപ്പില്‍ ഇടിച്ചാണ് ട്രെയിന്‍ നിന്നത്. അപ്പോഴേക്കും യുവാക്കള്‍ ഓടിമറഞ്ഞിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജീപ്പ് തകര്‍ന്നെങ്കിലും തീവണ്ടി എന്‍ജിനോ ട്രാക്കിനോ കേടുപാടുകള്‍ സംഭവിച്ചില്ല. സംഭവമറിഞ്ഞ് രാമനഗരം പോലിസും റെയില്‍വേയുടെ സാങ്കേതിക വിദഗ്ധരുമെത്തി. ഒരു മണിക്കൂര്‍ നീണ്ട പരിശോധനയ്ക്കു ശേഷമാണ് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത്. ജീപ്പുമായി എത്തിയ യുവാക്കളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അട്ടിമറിസാധ്യത പരിശോധിക്കുമെന്ന് രാമനഗരം പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it