Alappuzha local

റെയില്‍പ്പാളത്തില്‍ കേബിളുകളും ഫൈബര്‍ ഹാന്‍ഡിലുകളും; വന്‍ദുരന്തം ഒഴിവായി

കായംകുളം: പൂട്ടിയിട്ടിരുന്ന ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ഷന്‍ വാഗണ്‍ കുത്തിത്തുറന്ന് കേബിളുകളും ഫൈബര്‍ ഹാന്റിലുകളും പാളത്തില്‍ നിരത്തി ട്രെയിന്‍ ഗതാഗതം അപകടപ്പെടുത്താന്‍ ശ്രമം.ഇന്നലെ പുലര്‍ച്ചെ കായംകുളം റെയില്‍വേ സ്‌റ്റേഷന് അടുത്തുള്ള കാക്കനാട് ലെവല്‍ക്രോസിന് സമീപമായിരുന്നു സംഭവം.
പുലര്‍ച്ചെ 2.40 ന് മംഗലാപുരം തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിന്‍ കടന്നുവന്ന ട്രാക്കിലാണ് ഫൈബര്‍ ഹാന്റിലുകളും എട്ട് കിലോയോളം തൂക്കം വരുന്ന ചെമ്പ് കേബിളുകളും സാധാരണ കേബിളുകളും നിരത്തിവെച്ചിരുന്നത്. ട്രെയിന്‍ കടന്നുവരുന്നതിനിടയില്‍ ലോക്കോപൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടെങ്കിലും അത് മറികടന്ന് സ്‌റ്റേഷനിലെത്തിയ ശേഷം സ്‌റ്റേഷന്‍ മാസ്റ്ററെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ കെ ജി അലക്‌സാണ്ടറും  ജീവനക്കാരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
കേബിളുകള്‍ മുറിഞ്ഞ്മാറിയെങ്കിലും ഫൈബര്‍ ഹാന്റിലുകള്‍ തെറിച്ചുപോയ നിലയിലാണ് കാണപ്പെട്ടത്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ഷന്‍ വാഗണിന്റെ വാതില്‍ പൂട്ട് തകര്‍ത്ത നിലയിലും കാണപ്പെട്ടു.ആര്‍പിഎഫ് സിഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സംഭവ സ്ഥലവും പരിസരവും തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ആര്‍പിഎപ് അസി.കമ്മീഷണര്‍ റ്റി എസ് ഗോപകുമാര്‍ കായംകുളത്ത് എത്തി പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. ലോക്കല്‍ പോലീസും സംഭവസ്ഥലത്തും പരിസര പ്രദേശങ്ങളിലും അന്വേഷണം നടത്തി. കൊച്ചിയില്‍നിന്ന് എത്തിയ ആര്‍പിഎഫ് ഡോഗ് സ്‌ക്വാഡിന്റെ നായ ജാക്‌സണ്‍ മണം പിടിച്ച് കാക്കനാടിന് കിഴക്ക് കാങ്കാലില്‍ ജങ്ഷന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശംവരെ ഓടിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
രാത്രിയില്‍ പ്രത്യേകിച്ച് ശബ്ദമൊന്നും  കേട്ടില്ലെന്നും പുലര്‍ച്ചെ ആര്‍പിഎഫ് സിഐ യും സംഘവുമെത്തിയപ്പോഴാണ് വിവരമറിയുന്നതെന്നുമാണ് നാട്ടുകാര്‍ പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ആര്‍പിഎഫ് സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചതായി  അസി.കമ്മീഷണര്‍ റ്റി എസ് ഗോപകുമാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും റെയില്‍വേ സ്‌റ്റേഷനും പരിസരവും കേന്ദ്രീകരിച്ച് രാത്രികാല പട്രോളിങ് ശക്തമാക്കിയതായും പോലീസ് പറഞ്ഞു.
Next Story

RELATED STORIES

Share it