റെയില്‍പ്പാതയില്‍ അറ്റക്കുറ്റപ്പണി; നാളെ തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം

കൊച്ചി: പുതുക്കാടിനും  ഒല്ലൂരിനും ഇടയില്‍ റെയില്‍പ്പാതയില്‍ അറ്റക്കുറ്റപണി നടത്തുന്നതിന്റെ ഭാഗമായി  നാളെ ഇതുവഴിയുള്ള തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.
എട്ടു തീവണ്ടികള്‍ പൂര്‍ണമായും ഏഴു തീവണ്ടികള്‍ ഭാഗികമായും റദ്ദാക്കി. നിരവധി തീവണ്ടികള്‍ വൈകും. എറണാകുളം ജങ്ഷനില്‍ നിന്നും രാവിലെ ആറിന് പുറപ്പെടുന്ന എറണാകുളം-ഗുരുവായൂര്‍ (56370) പാസഞ്ചര്‍, ഗുരുവായൂരില്‍ നിന്നും  രാവിലെ 6.45ന് പുറപ്പെടുന്ന ഗുരുവായൂര്‍-എറണാകുളം (56371) പാസഞ്ചര്‍, എറണാകുളത്ത് നിന്നും രാവിലെ 7.25 ന് പുറപ്പെടുന്ന എറണാകുളം-നിലമ്പൂര്‍ (56362) പാസഞ്ചര്‍, നിലമ്പൂരില്‍ നിന്നും ഉച്ചകഴിഞ്ഞ് 2.55 ന് പുറപ്പെടുന്ന നിലമ്പൂര്‍-എറണാകുളം(56363) പാസഞ്ചര്‍, എറണാകുളം ജങ്ഷനില്‍ നിന്നും രാവിലെ 10.05ന് പുറപ്പെടുന്ന എറണാകുളം-കായംകുളം(56381) പാസഞ്ചര്‍, കായംകുളത്ത് നിന്നും ഉച്ചകഴിഞ്ഞ് 01.10ന് പുറപ്പെടുന്ന കായംകുളം-എറണാകുളം(56382) പാസഞ്ചര്‍, ആലപ്പുഴയില്‍ നിന്നും രാവിലെ 07.05 ന് പുറപ്പെടുന്ന ആലപ്പുഴ-കായംകുളം(56377) പാസഞ്ചര്‍, കായംകുളത്ത് നിന്നും രാവിലെ 08.35 ന് പുറപ്പെടുന്ന കായംകുളം-എറണാകുളം(56380) പാസഞ്ചര്‍ തീവണ്ടികളാണ് റദ്ദാക്കിയത്.
രാവിലെ 06.45 ന് എറണാകുളം ജങ്ഷനില്‍ നിന്നു കണ്ണൂര്‍ക്ക് പുറപ്പെടുന്ന  എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് 20ന് രാവിലെ 8.10ന് തൃശൂരില്‍ നിന്നു പുറപ്പെടും. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് രാവിലെ 09.25ന് എറണാകുളത്തെത്തുന്ന തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ്  20ന് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. കോഴിക്കോട് നിന്നും ഉച്ചയ്ക്ക് 01.40ന് തിരുവന്തപുരത്തേക്ക് പുറപ്പെടുന്ന കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് അന്നേദിവസം കോഴിക്കോടിനും എറണാകുളത്തിനും ഇടിയില്‍ സര്‍വീസ് നടത്തില്ല. വൈകുന്നേരം 05.30ന് ഈ തീവണ്ടി എറണാകുളത്ത് നിന്നായിരിക്കും  പുറപ്പെടുക. പുനലൂരില്‍ നിന്നും പുലര്‍ച്ചെ 03.20ന് പുറപ്പെടുന്ന പുനലൂര്‍-പാലക്കാട് പാലരുവി എക്‌സ്പ്രസ് ആലുവയില്‍ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് അങ്കമാലിയില്‍ സര്‍വീസ് അവസാനിപ്പിക്കും. ഉച്ചകഴിഞ്ഞ് 02.25ന് ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ നിന്നും യാത്ര ആരംഭിക്കുന്ന ഷൊര്‍ണൂര്‍- തിരുവനന്തപുരം എക്‌സ്പ്രസ് അന്നേദിവസം വൈകുന്നേരം 3.55ന് അങ്കമാലിയില്‍ നിന്നു പുറപ്പെടും. നാഗര്‍കോവില്‍ നിന്നും പുലര്‍ച്ചെ രണ്ടിന് പുറപ്പെടുന്ന നാഗര്‍കോവില്‍-മാംഗ്ലൂര്‍ എക്‌സ്പ്രസ് അന്നേ ദിവസം ഒരു മണിക്കൂര്‍ 40 മിനിറ്റ് വൈകി പുലര്‍ച്ചെ 03.40ന്  യാത്ര ആരംഭിക്കും. എന്നു മാത്രമല്ല എറണാകുളത്തിനും പുതുക്കാടിനുമിടയിലായി ഒരു മണിക്കൂര്‍ 20 മിനിറ്റ് പിടിച്ചിടുകയും ചെയ്യും. ആലപ്പുഴയില്‍ നിന്നു പുലര്‍ച്ചെ 05.55ന് പുറപ്പെടുന്ന ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് അന്നേദിവസം രാവിലെ 07.55ന് മാത്രമെ പുറപ്പെടുകയുള്ളു. എറണാകുളത്തിനും പുതുക്കാടിനുമിടയിലായി രണ്ടു മണിക്കൂര്‍ പിടിച്ചിടും. എറണാകുളത്ത് നിന്നും രാവിലെ 09.10ന് പുറപ്പെടുന്ന  എറണാകുളം-കെഎസ്ആര്‍ ബംഗളൂരു ഇന്റര്‍ സിറ്റി എക്‌സ്പ്രസ് അന്നേദിവസം രാവിലെ 11.40 നു പുറപ്പെടും. ഗുരുവായൂരില്‍ നിന്നും പുലര്‍ച്ചെ 05.55ന് പുറപ്പെടുന്ന ഗുരുവായൂര്‍-ഇടമണ്‍ പാസഞ്ചര്‍  അന്നേദിവസം രാവിലെ 06.45 നായിരിക്കും പുറപ്പെടുക. നാഗര്‍കോവില്‍-മാംഗ്ലൂര്‍ പരശുറാം എക്‌സ്പ്രസ് ഒന്നര മണിക്കൂറും തിരുവന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസ് ഒരു മണിക്കൂറും എറണാകുളം-ഹസറത് നിസാമുദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് അരമണിക്കൂറും   എറണാകുളത്തിനും പുതുക്കാടിനും ഇടയില്‍ പിടിച്ചിടുമെന്നും അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it