kannur local

റെയിന്‍ ആര്‍മി ജില്ലാതല പരിശീലനത്തിന് തുടക്കം



കണ്ണൂര്‍: ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ കിണര്‍ റീച്ചാര്‍ജിങ് സംവിധാനമൊരുക്കാനായി കുടുംബശ്രീ ആവിഷ്‌കരിച്ച റെയിന്‍ ആര്‍മിയുടെ ജില്ലാതല പരീശീലനം മുണ്ടേരി ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കോംപൗണ്ടിലെ കിണറിന് റീചാര്‍ജിങ് സംവിധാനം ഒരുക്കിക്കൊണ്ടായിരുന്നു ഉദ്ഘാടനം.  അടുത്ത വര്‍ഷത്തോടെ ജില്ലയിലെ കുടിവെള്ളക്ഷാമത്തിന് കാര്യമായ മാറ്റമുണ്ടാക്കാന്‍ ഇത് സഹായകമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് എ പങ്കജാക്ഷന്‍ അധ്യക്ഷത വഹിച്ചു. മേയര്‍ ഇ പി ലത മുഖ്യാതിഥിയായി. കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ സി പി ഫൗസിയ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയരക്ടര്‍ രാമകൃഷ്ണന്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഡോ. എം സുര്‍ജിത്,  പി സലാം സംസാരിച്ചു.  തിരഞ്ഞെടുക്കപ്പെട്ടവരെ പരിശീലിപ്പിച്ചാണ് റെയിന്‍ ആര്‍മിക്ക് രൂപം നല്‍കുന്നത്. ഇവര്‍ കിണര്‍ റീച്ചാര്‍ജിങ് ആവശ്യമായ വീടുകളിലെത്തി റീച്ചാര്‍ജിങ് യൂനിറ്റ് നിര്‍മിച്ചുകൊടുക്കും. ഓരോ ഗ്രാമപ്പഞ്ചായത്തില്‍ നിന്നും  10 വീതം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് റെയിന്‍ ആര്‍മിക്ക് രൂപം നല്‍കുന്നത്. ആദ്യഘട്ടം ഒരോ പഞ്ചായത്തിലെയും അഞ്ചുപേര്‍ക്ക് വീതം ബ്ലോക്ക് തലത്തില്‍ പരിശീലനം നല്‍കും. ഐആര്‍ടിസിക്കാണ് പരിശീലനചുമതല. കണ്ണൂര്‍, എടക്കാട് ബ്ലോക്കുകള്‍ക്ക് കീഴിലുള്ള ഗ്രാമപ്പഞ്ചായത്തുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 45 പേര്‍ക്കുള്ള പരിശീലനമാണ് മുണ്ടേരിയില്‍ തുടങ്ങിയത്. പരിശീലനം ഇന്ന് സമാപിക്കും. നാലിന് തലശ്ശേരി ബ്ലോക്ക് പരിശീലനം വേങ്ങാടും ആറിന് കൂത്തുപറമ്പ്, പാനൂര്‍ ബ്ലോക്കിന്റേത് മൊകേരിയിലും നടക്കും. 15നകം ജില്ലയിലെ മുഴുവന്‍ ബ്ലോക്കുകളിലെയും പരിശീലനം പൂര്‍ത്തിയാക്കാനാണ് പദ്ധതി. ആദ്യഘട്ടത്തില്‍ ജില്ലയില്‍ 375 പേരെ പരിശീലിപ്പിച്ച് കര്‍മപഥത്തിലിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഡോ. എം സുര്‍ജിത് പറഞ്ഞു. കുടുംബശ്രീയുടെ മഹിളാ കിസാന്‍ സശാക്തീകരണ്‍ പദ്ധതിക്കു കീഴിലാണ് റെയിന്‍ ആര്‍മി രൂപീകരിക്കുന്നത്. കുടുംബശ്രീ അംഗങ്ങള്‍ക്ക് മികച്ച വരുമാന സാധ്യത നല്‍കുന്നതിനൊപ്പം കിണര്‍ റീച്ചാര്‍ജ് രംഗത്ത് വൈദഗ്ധ്യമുള്ളവരുടെ ദൗര്‍ലഭ്യം പരിഹരിക്കാനും പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it