kasaragod local

റെഡ് വോളന്റിയര്‍ ക്യാപ്റ്റനെ പദവിയില്‍ നിന്നു നീക്കം ചെയ്തു

കാസര്‍കോട്: സിപിഎം പ്രകടനത്തിനിടെ റോഡരികിലൂടെ കടന്നു വന്ന കാറിനെ റെഡ് വോളന്റിയര്‍ ക്യാപ്റ്റന്‍ ചവിട്ടിയ സംഭവം സിപിഎമ്മിന് നാണക്കേടുണ്ടാക്കി. സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ ക്യാപ്റ്റനെ പദവിയില്‍ നിന്നും നീക്കം ചെയ്തു. പള്ളിക്കര വെളുത്തോളിയിലെ കെ വേണുവിനെയാണ് റെഡ് വളണ്ടിയര്‍ ക്യാപ്റ്റന്‍ പദവിയില്‍ നിന്നും നീക്കം ചെയ്തത്. സിപിഎം ഉദുമ ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ മണികണ്ഠന്റെ സഹോദരനാണ് വേണു.
സിപിഎം ഉദുമ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി വ്യാഴാഴ്ച വൈകിട്ട് കളനാട് ജങ്ഷനില്‍ നിന്നും ബാന്റ് മേളത്തിന്റെ അകമ്പടിയോടെ മേല്‍പറമ്പിലേക്ക് നടന്ന പ്രകടനം കളനാട് പെട്രോള്‍ പമ്പിന് സമീപം എത്തിയപ്പോഴാണ് സംഭവം. വീതിയുള്ള കെഎസ്ടിപി റോഡിന്റെ ലൈനും കടന്ന് ഇടത്തോട്ട് മാറിയാണ് റെഡ് വോളന്റിയര്‍ പരേഡ് നടന്നത്. പിറകിലുണ്ടായിരുന്ന നേതാക്കള്‍ ജാഥയെ ക്രമീകരിച്ച് വാഹനങ്ങളെ കടത്തി വിട്ടത് കൊണ്ടാണ് ഉദുമ ഭാഗത്ത് നിന്ന് വന്ന കാര്‍ പ്രകടനത്തിനരികിലൂടെ കടന്നുപോയത്. ഇതു കണ്ട് പരേഡ് നടത്തുകയായിരുന്ന വോളന്റിയര്‍  ക്യാപ്റ്റന്‍ ആക്രോശത്തോടെ ഓടിവന്ന് കാറിന്റെ ബോണറ്റില്‍ ചവിട്ടി അരിശം തീര്‍ക്കുകയായിരുന്നു. സംഭവം കണ്ട ഉടനെ ഡിവൈഎഫ്‌ഐ നേതാവ് മധു മുതിയക്കാലും സിപിഎം നേതാവ് കെ സന്തോഷ് കുമാറും ഇടപെട്ട് കാര്‍ നീക്കിവിടുകയാണുണ്ടായത്. സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നീട് ഇത് സമൂഹമാധ്യമങ്ങളില്‍ പരക്കുകയായിരുന്നു. ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, സംസ്ഥാന കമ്മിറ്റിയംഗം എം വി ബാലകൃഷ്ണന്‍, പി കെ പ്രേംനാഥ് തുടങ്ങിയവരും പ്രകടനത്തിലുണ്ടായിരുന്നു. സിപിഎം നേതാക്കള്‍ ജനങ്ങളോട് വിനയത്തോടെ പെരുമാറണമെന്ന സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയുടെ മഷി ഉണങ്ങും മുമ്പാണ് നടുറോഡില്‍ പാര്‍ട്ടിക്ക് നാണക്കേട് വരുത്തിയ സംഭവം റെഡ് വളണ്ടിയര്‍ ക്യാപ്റ്റന്റെ ഭാഗത്ത് നിന്നുണ്ടായത്.
Next Story

RELATED STORIES

Share it