azchavattam

റെഡ് ജിഹാദ്, മോഹന്‍ലാല്‍, സോണി സോറി, വിശുദ്ധ ദേശീയത

റെഡ് ജിഹാദ്, മോഹന്‍ലാല്‍, സോണി സോറി, വിശുദ്ധ ദേശീയത
X
ucha

പോയ രണ്ടു വാരങ്ങളില്‍ സാമൂഹികമാധ്യമങ്ങളിലെ വര്‍ത്തമാനം


ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണവും അതിനോടനുബന്ധിച്ചു ഡല്‍ഹി പോലിസ് നടത്തിക്കൊണ്ടിരിക്കുന്ന uchaവിദ്യാര്‍ഥിവേട്ടയുമായിരുന്നു കഴിഞ്ഞ രണ്ടാഴ്ചയായി സാമൂഹികമാധ്യമങ്ങളിലെ സുപ്രധാന ചര്‍ച്ചാവിഷയം. ജെഎന്‍യുവില്‍ രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നതിന്റെ പേരില്‍ അറസ്റ്റ് കാത്തിരുന്ന സമയത്ത് ഉമര്‍ ഖാലിദ് 2016 ഫെബ്രുവരി 22ന് നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.

ഒരു മുത്തശ്ശിക്കഥ
ഇന്ന് ഏറ്റവും എളുപ്പം രാജദ്രോഹക്കുറ്റം ചുമത്തി നിശ്ശബ്ദമാക്കാവുന്നതാണ്. ഷമീം ഷാ പറയുന്നത് ഒരു മുത്തശ്ശിക്കഥയാണ്.
ആല്‍ത്തറേന്റെ ചോട്ടില് സംഘിക്കുഞ്ഞുങ്ങളങ്ങനെ നിരന്നിരുന്നു. സംഘിമുത്തശ്ശന്‍ കണ്ണ് രണ്ടും തുറുപ്പിച്ച് കൈകളൊക്കെ ചലിപ്പിച്ച് കഥ പറഞ്ഞു തുടങ്ങി. അതൊരു വെള്ളിയാഴ്ചയായിരുന്നു. രാജ്യദ്രോഹികള്‍ പോക്കുവരവ് നടത്തുന്ന ദിവസം. അന്നേ ദിവസം നമ്മെ പോലുള്ളവരൊന്നും പുറത്തിറങ്ങില്ല.
'യ്യ് കേള്‍ക്കണ്ണ്ടാ രാമന്നായരേ.. '
'ണ്ട് കേള്‍ക്കണ്ണ്ട്.'
ആ... ഹൈദരാബാദിലുള്ള തീവ്രവാദക്കോട്ടേന്ന് കൊലവിളിയും അട്ടഹാസൊക്കെ ഇങ്ങനെ കേള്‍ക്കും. ഞാന്‍ അമ്മമ്മയോട് ചേര്‍ന്ന് തണുത്തു വിറച്ചങ്ങനെ കെടന്ന്. പിറ്റേന്ന് നേരം വെളുത്തപ്പോ ഞാനും അപ്പുക്കുട്ടന്‍ നമ്പൂതിര്യും കൂടി കോട്ടയിലേക്കങ്ങട്ട് നടന്നു. പലരും പറഞ്ഞു പോവണ്ടാ പോവണ്ടാന്ന്... ആര് കേള്‍ക്കാന്‍. അന്നത്തെ ചോരത്തിളപ്പും പിന്നെ എന്തിനും ദൈവം കൂടെത്തന്നെ ഇണ്ടല്ലോന്നുള്ള ഉറച്ച വിശ്വാസം. വച്ച അടി പിന്നോട്ടെടുത്തില്ല. ഞങ്ങള് നടന്നു. പിന്നെ തിരിച്ചുവരുന്നതും കാത്ത് ഒരു ഗ്രാമം മുഴുവന്‍ ഹോമവും വഴിപാടുകളുമായി കാത്തിരിക്ക്യായി.
ഒരു ഉടുമ്പിന്റെ അരയില്‍ കയറ് കെട്ടി ഒറ്റ ഏറാ. കോട്ടമതിലിന്റെ തുഞ്ചത്തേക്ക്. അതില് പിടിച്ചുകയറി രണ്ടാളും. ഭീമാകാരമായ കോട്ടമതില് ചാടിക്കടന്നു നോക്കുമ്പം... അവിടെയാകമാനം കത്തിച്ചുവച്ച കര്‍പ്പൂരത്തിന്റെ മണം.
'കേക്കണ്ണ്ടാ രാമന്നായരേ...'
'ണ്ട് ഞങ്ങള് കേക്കണ്ണ്ട്.'
ആ... പകലായതുകൊണ്ട് ഒരൊറ്റ രാജ്യദ്രോഹി പോലും അവടെല്ല്യ. ഓരോ മുറിയുടെ ജനവാതിലിനു കീഴേയും പാതി കത്തിക്കിടക്കുന്ന സിഗരറ്റുകുറ്റികള്‍..! ചുമരിലൊക്കെ ഇവരെ നേതാക്കന്മാരായ രാജ്യദ്രോഹികളുടെ പടം വരച്ചുവച്ചിരി
ക്ക്ണു. ചെഗുവേര, മാര്‍ക്‌സ്, മാവോ, ബോബ് മാര്‍ലി... തുടങ്ങിയ ഭീകരന്മാരുടെ മുഖങ്ങള്‍. കണ്ടാ തന്നെ പേട്യാവും. പെറുക്കിയെടുത്തു. ഒന്നും അവശേഷിപ്പിക്കാതെ പെറുക്കിയെടുത്തു. സിഗരറ്റും ബീഡിയും അവരുടെ പുസ്തകക്കെട്ടുകളും സകലതും എണ്ണിയെണ്ണി പെറുക്കി. വാതിലിന്റെ മൂലകളില്‍ കൂട്ടിയിട്ടിരിക്കുന്നു കോണ്ടക്കെട്ടുകള്‍..! ഹൗ എന്റീശ്വരാ അതൊക്കെ കാണണ്ട കാഴ്ച തന്ന്യാണ്. ഒക്കെ ഒരു വാഴയിലയില് പൊതിഞ്ഞെടുത്തു. ഗ്രാമവാസികള്‍ക്ക് കാണിച്ചുകൊടുക്കാന്‍.
'കേക്കണ്ണ്ടാ രാമന്നായരേ...'
'ണ്ട് പിന്നല്ലേ,  എന്താ ഈ കോണ്ടം...!?'
അതെന്ന് പറയുമ്പോ ബീജത്തിന്റെ സുഗമമായ യാത്രയെ മൃഗീയമായി തടഞ്ഞുവച്ച് അതിനെ നിഷ്ഠൂരമായി കൊല്ലുന്ന ഹിംസാത്മകമായ പ്രക്രിയ ചെയ്യുന്ന ഒരു ഭീകര ഉല്‍പന്നമാവുന്നു ഈ കോണ്ടം. മനസ്സിലായോ...? ഇല്ല. ആ ഇത്ര മനസ്സിലാക്കിയാല്‍ മതി. കാണാത്തവര്‍ക്കൊക്കെ കാണാന്‍ വേണ്ടി ഞങ്ങള്‍ ശേഖരിച്ച കോണ്ടക്കെട്ടുകള്‍ നമ്മുടെ ഓഫിസില്‍ സൂക്ഷിച്ചിട്ടുണ്ട്. ടിക്കറ്റ് ഒന്നിന് 10 രൂപ മാത്രം.
വര്‍ഗീസ് പ്ലാത്തോട്ടത്തം കഥയിലേക്ക് കൂട്ടിച്ചേര്‍ക്കുന്നു: വൈകുന്നേരം ഒക്കെയാവുമ്പോ വല്ലാത്ത വിഷമം വരും. അപ്പൊ നേരെ ജെഎന്‍യു കാംപസിലേക്കു ചെല്ലും... അവിടെ വിദ്യാര്‍ഥികള്‍ ഉപയോഗിച്ചു വലിച്ചെറിഞ്ഞ കോണ്ടമൊക്കെ പെറുക്കിയെടുത്തു എണ്ണിനോക്കും... പിന്നെ കൊറേനേരം അവരുടെ നഗ്‌നനൃത്തം കാണും...
അപ്പൊ ചെറിയ ആശ്വാസം കിട്ടും...
BISCUT

റെഡ് ജിഹാദ്
റെനി ഐലിന്‍ തന്റെ ഫേസ്ബുക്ക് ചുവരില്‍ കഴിഞ്ഞ ദിവസം കുറിച്ചു: ഇന്ന് 'ജന്മഭൂമി' ലേഖകന്‍ എന്നെ വിളിച്ചു 'ഞാനും ഗിലാനിയും തമ്മിലുള്ള ബന്ധം. പിന്നെ എന്‍സിഎച്ച്ആര്‍ഒയുമായുള്ള ബന്ധം. ഇന്നലെ കുട്ടമ്പുഴയില്‍ എന്തോ ക്യാംപ് നടന്നു അതില്‍ ഞാന്‍ ഉണ്ടായിരുന്നോ എന്നാണ് അറിയേണ്ടത്. ഏത് ക്യാംപ് എന്ത് ക്യാംപ്. എന്തായാലും നാളത്തെ 'ജന്മഭൂമി'ക്കായ് ഞാന്‍ കാത്തിരിക്കുന്നു.'
അടുത്ത ദിവസം 'ജന്മഭൂമി' പത്രം വായിച്ച് റെനി ചിരിച്ചു: 'എന്റെ പഹവാനേ...  ഇതാ 'റെഡ് ജിഹാദ്' വന്നു കഴിഞ്ഞു. ഇനി അതിന്റെ കുറവും കൂടിയേ ഉണ്ടായിരുന്നുള്ളൂ. ഇതിനാണ് 'ജന്മഭൂമി' ഇന്നലെ വിളിച്ചത്.'
സംസ്ഥാനത്ത് മുസ്‌ലിം മതമൗലികവാദ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മാവോവാദി അനുകൂല സംഘടനകളുടെ സംയുക്ത കണ്‍വന്‍ഷന്‍ തീരുമാനിച്ചുവെന്നാണ് 'ജന്മഭൂമി' നല്‍കിയ വാര്‍ത്ത. അതിനവര്‍ ഒരു പേരും നല്‍കി, റെഡ് ജിഹാദ്. കൊള്ളാമല്ലേ?

ഖാന്‍മാരെ ഓര്‍മയുണ്ടോ?
കലാകാരന്‍മാര്‍ സാമൂഹിക പ്രതിബദ്ധരാവേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പറയുകയാണ് റിയാസ് എം റിഷ്തി. സാമൂഹികമായ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ട സമയത്ത് മൗനംപാലിച്ച മലയാളത്തിന്റെ മഹാനടന്‍ എന്ന വിശേഷണമുള്ള മോഹന്‍ലാലിനോടാണ് റിയാസിന്റെ ചോദ്യങ്ങള്‍. ജെഎന്‍യു വിദ്യാര്‍ഥികളെ വിമര്‍ശിച്ചുകൊണ്ടും പട്ടാളക്കാരെ പ്രകീര്‍ത്തിച്ചുകൊണ്ടും മോഹന്‍ലാല്‍ എഴുതിയതിനെക്കുറിച്ചാണ് റിയാസ് പ്രകോപിതനായത്.
പ്രിയപ്പെട്ട ലാലേട്ടാ, ലാലേട്ടന് ഈ ഖാന്‍മാരെ ഓര്‍മയുണ്ടോ? താങ്കളെപ്പോലെ അഭിനയിച്ചു നാല് കാശുണ്ടാക്കുന്ന രണ്ടു ഖാന്‍മാര്. തൊഴില്‍ താങ്കളുടെ തൊഴില്‍ തന്നെ. താങ്കള്‍ ഒരു നടന്‍ എന്ന നിലയ്ക്ക് ഈ നടന്മാരെ വച്ച് ഉദാഹരിക്കാലോ... ഇന്ത്യക്കകത്തെ രാജ്യസ്‌നേഹികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന തീവ്രവാദികള്‍ ഇവര്‍ക്കു നേരെ അക്രമം ഉണ്ടാക്കുമ്പോള്‍ എവിടെയായിരുന്നു? ഖാന്‍മാരുടെ സിനിമകള്‍ ലൗ ജിഹാദ് വളര്‍ത്തുന്നു എന്നും അവരുടെ സിനിമകള്‍ ഹിന്ദുക്കള്‍ ഉപേക്ഷിക്കണം എന്നും ചില തീവ്രവാദികള്‍ പറഞ്ഞപ്പോള്‍ ഒരക്ഷരവും മിണ്ടിയിരുന്നില്ല.
ഇവര്‍ ഇന്ത്യയില്‍ ജീവിക്കാന്‍ ഭയക്കുന്നു എന്ന് പറഞ്ഞപ്പോള്‍ അതെന്തുകൊണ്ടാണ് എന്ന് അന്വേഷിക്കാന്‍ താങ്കള്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ആഴ്ച ഇതില്‍ ഒരു ഖാന്റെ കാര്‍ രാജ്യസ്‌നേഹികള്‍ തല്ലിപ്പൊളിച്ചപ്പോള്‍ സംസ്‌കാരം പഠിപ്പിക്കാന്‍ ഒരു നടന്‍ എന്ന നിലയ്ക്കും ഒരു രാജ്യസ്‌നേഹി എന്ന നിലയ്ക്കും നിങ്ങളെ കണ്ടില്ല!

വിശുദ്ധ ദേശീയത
എന്‍ പി ജോണ്‍സന്‍ ദേശീയതയെ കീറിമുറിച്ചുകൊണ്ട് എഴുതുന്നു: 'സൈന്യം എന്ന അധികാരസ്വരൂപത്തെ ഉപയോഗിച്ച് കാത്തുരക്ഷിക്കാന്‍ കഴിയുന്ന ഒരു വിശുദ്ധ സങ്കല്‍പമാണ് ദേശീയത എന്നു കരുതുന്ന ഒരു ലോലഹൃദയം നമുക്കിടയില്‍ ജീവിച്ചിരിപ്പുണ്ട്. അങ്ങോര്‍ക്ക് ഒരു പത്മശ്രീ കൊടുത്ത് നികുതി 'പിരിവ്' ഉഷാറാക്കാം. ഹനുമാന്‍ സേനയുടെ സദാചാര വിചാരസത്രം പോലുള്ള പരിപാടികള്‍ കേണലിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാം.
ഫാഷിസ്റ്റ് വിരുദ്ധ പഠനശിബിരം, തീരദേശപരിപാലന സഞ്ചലനം, പശ്ചിമഘട്ട തീര്‍ത്ഥാടനം, അഖണ്ഡഭാരത പരാക്രമം തുടങ്ങിയ കലാപരിപാടികളും ഉടന്‍ പ്രതീക്ഷിക്കാം.
ഇതുകൊണ്ടൊന്നും ദേശം രക്ഷപ്പെടുന്നില്ലെങ്കില്‍ തൃപ്പൂണിത്തുറ ക്ഷേത്രത്തിലേക്ക് ഒരു വെടിവഴിപാട് നേര്‍ന്ന് വല്ലതും വന്ന് തടയുമോയെന്നു കാത്തിരിക്കാം. അല്ലെങ്കില്‍ അറ്റകൈയായ് പാകിസ്താന്‍ പട്ടാള ജനറല്‍മാരോട് എന്തെങ്കിലും ഒന്ന് കാട്ടിക്കൂട്ടി 'മോദി' ജി കോ കൃപയാ ബചാനേ എന്ന് ഒരു ദയാഹരജി സമര്‍പ്പിക്കാം.

പിന്തുണ സോണി സോറിക്കും വേണ്ടേ?
ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷി സോണി സോറിക്കുനേരെ രാസാക്രമണം നടന്നിട്ട് മൂന്നാം നാള്‍ തികയുന്നു. സെന്‍സേഷനലും ട്രെന്‍ഡിങുമാവുന്ന ചുരുക്കം ചില മധ്യവര്‍ഗ ഇടങ്ങളിലെ പ്രശ്‌നങ്ങളില്‍ മാത്രം ഹാഷ് ടാഗ് പൊട്ടിത്തെറികളുമായിറങ്ങുന്ന ബുദ്ധിജീവി ന്യൂജെന്‍ ആഘോഷവിഭാഗങ്ങളേ... വീണ്ടും വീണ്ടും സ്വയം വെളിപ്പെടുത്തുകയാണല്ലോ നിങ്ങള്‍- സുബിന്‍ ജെഎന്‍യു സമരങ്ങളോട് ഐക്യപ്പെടുന്നവരുടെ സത്യസന്ധതയെ ചോദ്യംചെയ്യുകയാണ്.
'രോഹിത് വെമുലയെക്കുറിച്ചു സംസാരിക്കുകയും സോണി സോറിയെക്കുറിച്ചുള്ള അലസമായ മൗനവും ഇരട്ടത്താപ്പല്ലെങ്കില്‍ മറ്റെന്താണ്? മാവോവാദി അനുകൂല മുദ്രാവാക്യം വിളിച്ചതിന് മഞ്ചേരിയില്‍ മൂന്നു യുവാക്കളെ യുഎപിഎ ഭീകരനിയമപ്രകാരം അറസ്റ്റ് ചെയ്ത് തടങ്കലിലിട്ടിരിക്കുമ്പോള്‍ ഇവിടെ ജെഎന്‍യുവില്‍ ദേശദ്രോഹ മുദ്രാവാക്യം വിളിച്ചാലെന്തെന്നാര്‍ക്കുന്ന കേരളത്തിലെ മണിയനീച്ചകള്‍?
ആപ്പിള്‍ബീഡി ദൈവങ്ങള്‍
കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് കൊടുങ്ങല്ലൂര്‍-തൃശൂര്‍ റൂട്ടില്‍ കോണത്തകുന്നിനടുത്ത് ഒരു മുത്തിയുണ്ടായിരുന്നു- അജയ് കുമാര്‍ എഴുതുകയാണ്, ആലുക്കത്തറ മുത്തി. അമ്മൂമ്മയുടെ കൂടെ അവിടെ പോയതോര്‍മയുണ്ട്. അമ്പലവും ഒന്നും ഇല്ലായിരുന്നു. കോഴിമുട്ടയാണ് പ്രധാന വഴിപാട്. ഒരു കറക്കം ഒക്കെ കഴിഞ്ഞു നാട്ടിലെത്തിയപ്പോഴേക്കും മുത്തി വിഷ്ണുമായ ആയി, നിത്യപൂജയായി, ഉല്‍സവമായി, ഐതിഹ്യമായി. മുത്തി പുലയരുടേതല്ലാതായി!
ഇങ്ങനെ സംസ്‌കൃത ഹൈന്ദവവല്‍ക്കരണത്തിന്റെ കാലത്ത് (അതില്‍ അരനൂറ്റാണ്ടിന്റെ കാര്‍മികത്വം ഇടതുപക്ഷത്തിനാണ്) കാഞ്ച ഐലയ്യ പറഞ്ഞപോലെ തികഞ്ഞ ജനാധിപത്യവാദികളായ, ഒരു യുദ്ധത്തിലും പങ്കെടുക്കാത്ത, ആരെയും കൊല്ലാത്ത, ഒരായുധവും കൊണ്ടുനടക്കാത്ത, പോത്തും കോഴിയും കഴിച്ചിരുന്ന, ചാരായവും റമ്മും കുടിച്ചിരുന്ന, ആപ്പിള്‍ ബീഡിയും കാജാബീഡിയും വലിച്ചിരുന്ന കീഴാളദൈവങ്ങളെ അവര്‍ക്ക് നഷ്ടപ്പെട്ടു.  മുത്തിയും മുത്തനും ചാത്തനും മറുതയും കണ്ടനും നീലിയെയുമൊക്കെ ദലിതര്‍ തിരികെ പിടിക്കണം. ബ്രാഹ്മണിക്കല്‍ ഹിന്ദൂയിസത്തിനെതിരേ ഫാഷിസത്തിനെതിരേ അവരെക്കാള്‍ നല്ല പ്രതിരോധമില്ല!

ഒരു ചെറിയ ചോദ്യം
അസ്‌കര്‍ ലസ്സ്‌റെയുടെ ചോദ്യം വളരെ ചെറുതാണ് പക്ഷേ, ശക്തം: 'കശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന് പറയുമ്പോള്‍ ഉണ്ടാവുന്ന രാജ്യദ്രോഹം ഇന്ത്യയെ ഹിന്ദുരാഷ്ട്രം ആക്കണമെന്ന് പറയുമ്പോള്‍ എവിടെ പോവുന്നു എന്ന് ആരെങ്കിലും ഒന്ന് വിശദീകരിച്ചു തരുമോ?'
Next Story

RELATED STORIES

Share it