Flash News

റെഡ്‌ക്രോസ് സൊസൈറ്റി : സുപ്രിംകോടതി വിധി നടപ്പാക്കാതെ സര്‍ക്കാര്‍



കൊച്ചി: സുപ്രിംകോടതി ഉത്തരവ് മാനിച്ച് റെഡ്‌ക്രോസ് സൊസൈറ്റിയുടെ സംസ്ഥാന ഘടകത്തിന്റെ ഭരണം വിട്ടുകൊടുക്കാന്‍  കേരള സര്‍ക്കാര്‍ തയ്യാറാവണമെന്നു ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന് സൊസൈറ്റിയുടെ മേല്‍ യാതൊരു അധികാരവുമില്ലാതിരിക്കെയാണ് രാഷ്ട്രീയവൈരം തീര്‍ക്കുന്നതിനായി ഭരണസംവിധാനത്തെ കൂട്ടുപിടിച്ച് സൊസൈറ്റിയുടെ ഭരണം പിടിച്ചെടുത്തത്. ഇതിനെതിരേ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ സൊസൈറ്റിക്കനുകൂലമായ വിധിയുണ്ടായി. എന്നാല്‍, ഇതിനെതിരേ സുപ്രിംകോടതിയെ സമീപിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മാത്രമല്ല അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിച്ച് ക്രൈംബ്രാഞ്ച് കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതിനിടെ സുപ്രിംകോടതിയിലെ വിധി എതിരായിട്ടും ഭരണം വിട്ടുകൊടുക്കാനോ അനധികൃതമായി പിടിച്ചെടുത്ത വാഹനവും ഓഫിസ് ഉപകരണങ്ങളും മറ്റും തിരികെ എത്തിക്കാനോ സര്‍ക്കാര്‍ തയ്യാറായില്ല. അതിനെതിരേ സൊസൈറ്റി നല്‍കിയ കോടതിയലക്ഷ്യ ഹരജിയില്‍ രണ്ടാഴ്ചയ്ക്കകം അധികാരക്കൈമാറ്റം നടത്താമെന്ന് സുപ്രിംകോടതിയെ അറിയിച്ചിരിക്കുകയാണ് സര്‍ക്കാര്‍. എന്നിരുന്നാലും മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട്  സൊസൈറ്റി ഭാരവാഹികള്‍ക്കെതിരേ നീക്കം നടത്തുകയാണെന്ന് ജില്ലാ ചെയര്‍മാന്‍ വി ഡി ബാലകൃഷ്ണ കര്‍ത്ത ആരോപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പേരുപറഞ്ഞ് വനിതാ ജീവനക്കാരെക്കൊണ്ട് സംസ്ഥാന ഭാരവാഹികള്‍ക്കെതിരേ മൊഴിനല്‍കാന്‍ പ്രേരിപ്പിക്കുകയാണെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി. ഇതിനിടെ സൊസൈറ്റിയുടെ വിദ്യാര്‍ഥി വിഭാഗമായ ജൂനിയര്‍ റെഡ്‌ക്രോസിന്റെ പ്രവര്‍ത്തനം തിരുവനന്തപുരം ജില്ലാ കലക്ടര്‍ മരവിപ്പിച്ചു. ഇക്കാരണത്താല്‍ ജെആര്‍എസ് കുട്ടികള്‍ക്കായി നടത്തുന്ന എ ലെവല്‍ പരീക്ഷകളും മുടങ്ങിയിരിക്കുകയാണെന്നും ഇദ്ദേഹം ആരോപിച്ചു. ഇത് കോടതിയലക്ഷ്യമാണ്. സുനില്‍ സി കുര്യന്‍, വി പി മുരളീധരന്‍, അനില്‍, എ കെ സിറാജുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it