Flash News

റെക്കോഡുകളുടെ ഒന്നാം തമ്പുരാന്‍



കാണ്‍പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എന്നും വിസ്മയം സൃഷ്ടിക്കുന്ന താരമാണ് വിരാട് കോഹ്‌ലി. സചിനും ഗാംഗുലിയും ദ്രാവിഡും സെവാഗുമെല്ലാം പടിയിറങ്ങിയ ശേഷം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാറ്റിങ് പാരമ്പര്യം കൈവിടാതെ കാത്തു സൂക്ഷിച്ച കോഹ്‌ലിയാണ് ഇന്നത്തെ ബാറ്റ്‌സ്മാന്‍മാരില്‍ ഏറ്റവും മിടുക്കനെന്ന് നിസ്സംശയം പറയാം. ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡുകള്‍ക്ക് ഭീഷണി ഉയര്‍ത്താന്‍ പോന്ന ഏക താരമായി കോഹ്‌ലി മുന്നേറുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് പ്രതീക്ഷകള്‍ വാനോളം. നായകനായ ശേഷവും ചുവടുപിഴക്കാത്ത കളി മികവുമായി ഇന്ത്യന്‍ ക്രിക്കറ്റിനെ ഈ 28കാരന്‍ കൈപിടിച്ചുയര്‍ത്തുമ്പോള്‍ എന്നും ഒരുപിടി റെക്കോഡുകളും കോഹ്‌ലിക്കൊപ്പമുണ്ടാവും. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷവും പതിവ് തെറ്റിക്കാതെ ഒരുപിടി ബഹുമതികള്‍ കോഹ്‌ലി സ്വന്തമാക്കി.ന്യൂസിലന്‍ഡിനെതിരായ മൂന്നാം മല്‍സരത്തിലൂടെ കോഹ്‌ലി പൂര്‍ത്തിയാക്കിയത് തന്റെ 32ാം ഏകദിന സെഞ്ച്വറിയാണ്. 49 ഏകദിന സെഞ്ച്വറികളുള്ള സാക്ഷാല്‍ സചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ് ഇനി കോഹ്‌ലിക്ക് മുന്നിലുള്ളത്. തന്റെ 32 സെഞ്ച്വറികളില്‍ 18 എണ്ണവും വിദേശ മണ്ണിലായിരുന്നു എന്നത് കോഹ്‌ലിയുടെ മികവിന്റെ മറ്റൊരു അടയാളമാണ്. ഈ വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍ 2000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാനാണ് കോഹ്‌ലി. ഇത് രണ്ടാം തവണയാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കുന്നത്. കൂടാതെ ഏകദിന ക്രിക്കറ്റില്‍ 9000 റണ്‍സ് ഏറ്റവും വേഗത്തില്‍ മറികടക്കുന്ന താരമെന്ന ബഹുമതിയും കോഹ്‌ലി സ്വന്തം അക്കൗണ്ടിലാക്കി. 194 ഇന്നിങ്‌സുകളില്‍ നിന്ന് 9000 പൂര്‍ത്തിയാക്കിയ കോഹ്‌ലി 205 ഇന്നിങ്‌സില്‍ നിന്ന് 9000 പിന്നിട്ട ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സിന്റെ റെക്കോഡാണ് തിരുത്തി എഴുതിയത്.പല സമയങ്ങളിലും നായകനെന്ന നിലയില്‍ കോഹ്‌ലിയുടെ മികവിനെതിരെ ചോദ്യങ്ങളുയര്‍ന്നിട്ടുണ്ടെങ്കിലും പ്രകടനം കൊണ്ട് വിമര്‍ശനങ്ങളുടെ വായടപ്പിക്കുന്ന താരമാണ് കോഹ്‌ലി. നായകന്റെ സമ്മര്‍ദങ്ങളേതുമില്ലാതെ ബാറ്റുവീശുന്ന താരം, ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കുന്ന നായകനെന്ന റെക്കോഡും നേടിയെടുത്തു. 93 ഇന്നിങ്‌സുകളില്‍ നിന്നാണ് കോഹ്‌ലി 5000 റണ്‍സ് പിന്നിട്ടത്. കൂടാതെ ഇന്ത്യക്ക് തുടര്‍ച്ചയായി ഏഴ് ഏകദിന പരമ്പര വിജയം നേടിക്കൊടുക്കുന്ന ആദ്യ നായകനെന്ന നേട്ടവും കോഹ്‌ലിക്കവകാശപ്പെട്ടതാണ്. എം എസ് ധോണിയുടെയും രാഹുല്‍ ദ്രാവിഡിന്റെയും ആറ് തുടര്‍ പരമ്പര ജയങ്ങളുടെ കണക്കാണ് കോഹ്‌ലിയുടെ നായകത്വത്തിന് കീഴില്‍ തിരുത്തപ്പെട്ടത്. കാണ്‍പൂരില്‍ നടന്ന മൂന്നാം ഏകദിനത്തിലെ രോഹിത് ശര്‍മയ്‌ക്കൊപ്പമുള്ള ഇരട്ട സെഞ്ച്വറി കൂട്ടുക്കെട്ടോടെ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടില്‍ പങ്കാളിയാവുന്ന താരമെന്ന റെക്കോഡും കോഹ്‌ലി കൈപ്പിടിയിലാക്കി. കൂടാതെ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ താരങ്ങളെന്ന ലോക റെക്കോഡും രോഹിതും കോഹ്‌ലിയും സ്വന്തം പേരിലാക്കി. നാല് തവണയാണ് ഇരുവരും ഇന്ത്യക്കുവേണ്ടി ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്. സചിന്റെയും ഗാംഗുലിയുടെയും റെക്കോഡാണ് ഇരുവരും ചേര്‍ന്ന് പഴങ്കഥയാക്കിയത്. കാണ്‍പൂരില്‍ സെഞ്ച്വറി നേടിയ രോഹിത് കോഹ്‌ലിക്ക് പിന്നാലെ ഏകദിന ക്രിക്കറ്റില്‍ ഈ വര്‍ഷം 1000 റണ്‍സും പിന്നിടുന്ന രണ്ടാമത്തെ താരമായും മാറി.
Next Story

RELATED STORIES

Share it