Alappuzha local

റൂബെല്ല കുത്തിവയ്പ് : പ്രചാരണങ്ങള്‍ അടിസ്ഥാനമില്ലാത്തത് - ജില്ലാകലക്ടര്‍



ആലപ്പുഴ: മീസില്‍സ് റൂബല്ല പ്രതിരോധ കുത്തിവയ്പ് ജനസംഖ്യാ നിയന്ത്രണത്തിനുള്ള ഗൂഡപദ്ധതിയാണെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് ജില്ലാ കലക്ടര്‍ ടിവി അനുപമ, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഡി വസന്തകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരത്തിലുള്ള തെറ്റായ പ്രചാരണങ്ങള്‍ പള്‍സ് പോളിയോ ആരംഭിച്ച കാലത്തും വ്യാപകമായി നടന്നിരുന്നതായും എന്നാല്‍ അന്ന് വാക്‌സിന്‍ സ്വീകരിച്ച കുട്ടികള്‍ നല്ല രീതിയില്‍ കുടുംബജീവിതം നയിച്ചുവരുന്നതായും അവര്‍ ചൂണ്ടിക്കാട്ടി.എംആര്‍ കാംപയിന്‍ നാളെ അവസാനിക്കും. ഇതുവരെ കുത്തിവയ്പ് എടുക്കാത്തവര്‍ അടുത്തുള്ള അങ്കണവാടികളിലോ ആരോഗ്യ കേന്ദ്രങ്ങളിലോ എത്തി വാക്‌സിന്‍ എടുക്കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു.മീസില്‍സ്, റൂബല്ല വാക്‌സിന്‍ നിര്‍മിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൂന സീറം ഇന്‍സ്റ്റിറ്റിയൂട്ടിലാണ്.80 രാജ്യങ്ങളിലേക്ക് ഇവിടെ നിന്നുള്ള വാക്‌സിന്‍ കയറ്റുമതി ചെയ്യുന്നുമുണ്ട്.എന്നിരിക്കെ വാക്‌സിന്‍ മാഫിയയുടെ കോടിക്കണക്കിന് രൂപ തട്ടിയെടുക്കാനുള്ള പദ്ധതിയായി എംആര്‍ കാംപയിനെ പ്രചരിപ്പിക്കുന്നത്് ശരിയല്ലെന്നും അവര്‍ പറഞ്ഞു.വാക്‌സിനെടുക്കുന്ന കുട്ടികള്‍ക്ക് ഓട്ടിസം പോലെയുള്ള രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്നും വാക്‌സിനില്‍ രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നുമുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്.കുട്ടികള്‍ക്ക് മാത്രമായി വാക്‌സിന്‍ നല്‍കുന്നത് ഈ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കുട്ടികള്‍ക്കായതിനാലാണ്.ഒരേ സിറിഞ്ച് പല കുട്ടികള്‍ക്ക് ഉപയോഗിക്കുന്നുവെന്നും തെറ്റിദ്ധാരണ പരത്തുന്നുണ്ട്.ഇത്തരം തെറ്റിദ്ധാരണകളിലകപ്പെടാതെ മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തയ്യാറാവണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു.വാക്‌സിനെടുത്ത കുട്ടികള്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടായതായുള്ള പ്രചാരണങ്ങളില്‍ വസ്തുതയില്ല.ജില്ലയില്‍ ഇതിനകം 85 ശതമാനത്തോളം കുട്ടികള്‍ വാക്‌സിന്‍ എടുത്തുകഴിഞ്ഞു.ശേഷിക്കുന്ന 15 ശതമാനം പേര്‍ക്ക് കൂടി പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതിന് ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ഡിഎംഒ പറഞ്ഞു.
Next Story

RELATED STORIES

Share it