Cricket

റൂട്ട് തെറ്റി ഇംഗ്ലണ്ട്, ഇത് സമിത്തിന്റെ വിജയം

റൂട്ട് തെറ്റി ഇംഗ്ലണ്ട്, ഇത് സമിത്തിന്റെ വിജയം
X


പെര്‍ത്ത്: പുത്തന്‍ നായകന്റെ കീഴില്‍ ആഷസ് പരമ്പര സ്വപ്നം കണ്ടിറങ്ങിയ ഇംഗ്ലണ്ട് ഒരിക്കല്‍ക്കൂടി നാണം കെട്ടു. ഇന്നിങ്‌സിനും 41 റണ്‍സിനുമായിരുന്നു മൂന്നാം ടെസ്റ്റ് ഇംഗ്ലണ്ട് അടിയറവ് പറഞ്ഞത്. നാലിന് 132 എന്ന നിലയില്‍ ഇന്നലെ കളി തുടര്‍ന്ന ഇംഗ്ലണ്ടിന്റെ ചെറുത്തു നില്‍പ്പ് 218 എന്ന ദയനീയ ടോട്ടലിലേക്ക് ഒതുങ്ങിയതോടെ ആസ്‌ത്രേലിയ ജയം കൈപിടിയിലൊതുക്കുകയായിരുന്നു. നേരത്തേ, ടോസ് ജയിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഡേവിഡ് മലാന്റെയും ജോണി ബെയര്‍‌സ്റ്റോയുടെയും സെഞ്ച്വറി പ്രകടനത്തില്‍ 403 റണ്‍സെടുത്തപ്പോള്‍ രണ്ടാം ബാറ്റിങിനിറങ്ങിയ ആസ്‌ത്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ ഡബിള്‍ സെഞ്ച്വറി മികവില്‍ ഒമ്പത് വിക്കറ്റിന് 662 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. ജയത്തോടെ അഞ്ച് ടെസ്റ്റുകളടങ്ങുന്ന ആഷസ് പരമ്പരയില്‍ മൂന്നു മല്‍സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്നും ജയിച്ച് ആസ്‌ത്രേലിയ പരമ്പര സ്വന്തമാക്കി. സ്റ്റീവ് സ്മിത്താണ് കളിയിലെ താരം. മൂന്നാം ടെസ്റ്റിലെ അവസാന ദിനമായ ഇന്നലെ നാലിന് 132 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് സമനില പ്രതീക്ഷകള്‍ നല്‍കി മഴയും നനഞ്ഞ ഗ്രൗണ്ടും അനുകൂലമായി. ലഞ്ച് ബ്രേക്കിനു ശേഷവും മഴ കനത്തതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി ഒപ്പം ആസ്‌ത്രേലിയയുടെ ആശങ്കയും ഉറഞ്ഞു തുള്ളി. പക്ഷേ നിമിഷങ്ങള്‍ക്കുള്ളില്‍ മഴ ശമിച്ചതോടെ കളി ആരംഭിച്ചു. ബാറ്റിങ് തുടര്‍ന്ന ഇംഗ്ലണ്ടിന് ഒരു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറി വീരന്‍ ജോണി ബെയര്‍‌സ്റ്റോയെ(14) നഷ്ടമായി.  പിന്നീട് സ്‌കോര്‍ 172ല്‍ നില്‍ക്കേ 11 റണ്‍സെടുത്ത മോയിന്‍ അലിയെ ലിയോണ്‍ എല്‍ ബിയില്‍ കുരുക്കി.  മികച്ച രീതിയില്‍ ബാറ്റു വീശിയിരുന്ന ഡേവിഡ് മലാനെ(54) ഹെയ്‌സല്‍വുഡ് വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നിന്റെ കൈകളിലെത്തിച്ച് മടക്കിയത് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി. പിന്നീട് വന്നവരില്‍ ക്രിസ് വോക്‌സ്(22) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കുമ്മിന്‍സ് വോക്‌സിനെ പെയ്‌നിന്റെ കൈകളിലെത്തിച്ച് മടക്കി. ശേഷം വന്ന ക്രെയ്ഗ് ഓവര്‍ട്ടനും(12) സ്റ്റുവര്‍ട്ട് ബ്രോഡും(0) കാര്യമായ വെല്ലുവിളി ഉയര്‍ത്താനാവാതെ വന്നപ്പോള്‍ ഇംഗ്ലണ്ടിന്റെ പിന്തുടരല്‍ 218 റണ്‍സില്‍ അവസാനിച്ചു.
Next Story

RELATED STORIES

Share it