റുമാറ്റിക് ഹൃദ്രോഗ ദേശീയ സമ്മേളനം 11ന്

കോട്ടയം: ഭാരതത്തിലെ റുമാറ്റിക് ഹൃദ്രോഗ ചികില്‍സയില്‍ തല്‍പരരായ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന ഏകദിന ദേശീയ സമ്മേളനവും പാനല്‍ ചര്‍ച്ചയും ഫെബ്രുവരി 11ന് കോട്ടയം മെഡിക്കല്‍ കോളജ് ഗോള്‍ഡ് മെഡക്‌സ് ഹാളില്‍ നടത്തും. മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് വിഭാഗങ്ങള്‍ നേതൃത്വം നല്‍കുന്ന സമ്മേളനം മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. എ റംല ബീവി ഉദ്ഘാടനം ചെയ്യും. സമ്മേളന സംഘാടകസമിതി ചെയര്‍മാന്‍ ഡോ. ജോര്‍ജ് ജേക്കബ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിന് റുമാറ്റിക് ഹാര്‍ട്ട് ക്ലബ്ബ് സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ഡോ. വി എല്‍ ജയപ്രകാശ് സ്വാഗതം പറയും.   സംസ്ഥാന ആസൂത്രണ വകുപ്പ് അംഗവും കേരളത്തിലെ റുമാറ്റിക് ഹൃദ്രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ അംബാസിഡറുമായ ഡോ. ബി ഇക്ബാല്‍ സമ്മേളന സുവനീര്‍ പ്രകാശനം ചെയ്യും. സയന്റിഫിക് കമ്മിറ്റി ചെയര്‍മാന്‍ ഡോ. രാജന്‍ മാഞ്ഞൂരാന്‍, കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ സംസ്ഥാന അധ്യക്ഷന്‍ ഡോ. രാജു ജോര്‍ജ് എന്നിവര്‍ സംസാരിക്കും. റുമാറ്റിക് ഹാര്‍ട്ട് ക്ലബ്ബ്  സ്ഥാപക കോ ഓര്‍ഡിനേറ്റര്‍ ഡോ. എസ് അബ്ദുല്‍ ഖാദറിന് റുമാറ്റിക് ഹാര്‍ട്ട് ക്ലബ്ബ് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന ഹൃദയപുരസ്‌കാരം സമ്മാനിക്കും. ഡോ. എസ് അബ്ദുല്‍ ഖാദര്‍ ഉദ്ഘാടന സമ്മേളനത്തിന് നന്ദി പറയും. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ഹൃദ്രോഗവിഭാഗം മുന്‍ തലവനും റുമാറ്റിക് ഹൃദ്രോഗ ചികില്‍സയില്‍ വ്യക്തിഗത സംഭാവന നല്‍കിയവരില്‍ പ്രമുഖനും നാരായണ ഹൃദയാലയ ചീഫ് കാര്‍ഡിയോളജിസ്റ്റുമായ  ഡോ. ജോര്‍ജ് ചെറിയാന്‍ പ്രഥമ റുമാറ്റിക് ഹാര്‍ട്ട് ക്ലബ്ബ് ഒപറേഷന്‍ അവാര്‍ഡ് സമ്മാനിക്കും. സമ്മേളനത്തില്‍ റുമാറ്റിക് ഫീവര്‍ തടയുന്നതിന് തയ്യാറാക്കുന്ന വാക്‌സിനെക്കുറിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അംഗം ഡോ. മീനാക്ഷി ശര്‍മ്മ, റുമാറ്റിക് ഹൃദ്രോഗ നിയന്ത്രണത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ റുമാറ്റിക് സബ്കമ്മറ്റി മെമ്പര്‍ ഡോ. ആര്‍ കൃഷ്ണകുമാര്‍, റുമാറ്റിക് ഫീവര്‍ വീണ്ടും വരാതിരിക്കാനുള്ള മരുന്നുകളെയും കുത്തിവെയ്പുകളെയും കുറിച്ച് പുഷ്പഗിരി മെഡിക്കല്‍ കോളജ് എമിരറ്റസ് പ്രഫ. ഡോ. രാജന്‍ മാഞ്ഞൂരാന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. റുമാറ്റിക് ഫീവര്‍ നിര്‍ണയത്തിലെ പുതിയ വെല്ലുവിളികളെക്കുറിച്ചും പ്രഫ. എസ് സന്ധ്യാമണി പ്രഫ. ജോര്‍ജ് കോശി എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. 2025 ഓടുകൂടി ഭാരതത്തെ റുമാറ്റിക് ഹൃദ്രോഗ നിയന്ത്രണത്തിന് വിധേയമാക്കാനുള്ള ശ്രമങ്ങള്‍ക്ക് നേരിടുന്ന പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരവും എന്ന വിഷയത്തില്‍ നടത്തുന്ന  പാനല്‍ ചര്‍ച്ചയ്ക്ക് ബിലീവേഴ്‌സ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍ ശിശുഹൃദ്രോഗ  വിദഗ്ധന്‍ ഡോ. ആര്‍ സുരേഷ് കുമാര്‍ നേതൃത്വം നല്‍കും. പൂര്‍വവിദ്യാര്‍ഥി സമ്മേളനവും നടത്തും.
Next Story

RELATED STORIES

Share it