Flash News

റുബെല്ലാ വാക്‌സിന്‍ : സമയപരിധി 18 വരെ ദീര്‍ഘിപ്പിച്ചു- ആരോഗ്യമന്ത്രി



തിരുവനന്തപുരം: മീസില്‍സ്-റുബെല്ലാ വാക്‌സിനേഷന്‍ തിയ്യതി 18 വരെ ദീര്‍ഘിപ്പിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നേരത്തേ നിശ്ചയിച്ച പ്രകാരം വാക്‌സിനേഷന്‍ പദ്ധതി ഇന്നു സമാപിക്കേണ്ടതാണ്. എന്നാല്‍, സംസ്ഥാനത്ത് ഇതുവരെ 65.87 ശതമാനം കുട്ടികള്‍ മാത്രമാണ് വാക്‌സിനേഷന്‍ എടുത്തത്. ഈ സാഹചര്യത്തില്‍ നൂറുശതമാനം പേരിലും വാക്‌സിന്‍ എത്തിക്കുന്നതിന്റെ ഭാഗമായാണു തിയ്യതി നീട്ടിയത്. അതേസമയം, വാക്‌സിനേഷനില്‍ ഏറെ പിന്നാക്കമായ മലപ്പുറം ജില്ലയില്‍ പ്രത്യേക യജ്ഞം സംഘടിപ്പിക്കും. മലപ്പുറത്ത് 38.71 ശതമാനംപേര്‍ മാത്രമാണ് വാക്‌സിന്‍ എടുത്തത്. ഇതു മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെ കുറവാണ്. ശരാശരിയില്‍ താഴെയായ കണ്ണൂര്‍ (55.80 ശതമാനം), കോഴിക്കോട് (57.47) ജില്ലകളില്‍ വാക്‌സിനേഷനിലുണ്ടായ കുറവ് പ്രത്യേകം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.വാക്‌സിന്‍ നല്‍കാനുള്ള തിയ്യതി 18 വരെ നീട്ടിയെങ്കിലും 10ാം തിയ്യതിക്കു മുമ്പായി പരമാവധി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാണു ശ്രമിക്കുന്നത്. ബുധനാഴ്ച വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്തൊട്ടാകെ 49,38,963 കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി. 75,62,886 കുട്ടികളെയാണ് പദ്ധതി ലക്ഷ്യമിട്ടത്. നൂറുശതമാനം കുട്ടികളിലും വാക്‌സിന്‍ എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഇതിനായി വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. വാക്‌സിനേഷനെതിരേ ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്ന ചില വീഡിയോകളും പോസ്റ്റുകളും സംബന്ധിച്ച് നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. വാക്‌സിന്‍ എടുക്കാന്‍ തയ്യാറാവുന്നവരെ പോലും അന്ധവിശ്വാസങ്ങളുടെ പേരില്‍ പിന്തിരിപ്പിക്കാന്‍ ചില കേന്ദ്രങ്ങളില്‍നിന്ന് നീക്കം നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരക്കാരെ നിരീക്ഷിച്ചുവരുകയാണ്. തെളിവു ലഭിച്ചാല്‍ നിയമനടപടി സ്വീകരിക്കും.
Next Story

RELATED STORIES

Share it