wayanad local

റീസര്‍വേ രേഖകള്‍ അബദ്ധപഞ്ചാംഗം: തെറ്റുതിരുത്താന്‍ ജനങ്ങള്‍ നെട്ടോട്ടത്തില്‍

പുല്‍പ്പള്ളി: ഭൂമിയുടെ റീസര്‍വേ പൂര്‍ത്തിയായ പാടിച്ചിറ വില്ലേജില്‍ ഭൂമിയുടെ കൈവശാവകാശം സംബന്ധിച്ച രേഖകളെല്ലാം താറുമാറായി. റീസര്‍വേ രേഖകള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഉണ്ടാക്കിയ റവന്യൂ രേഖകളാണ് ഗുരുതരമായ കൃത്യവിലോപം നടന്നതിനാല്‍ അബദ്ധപഞ്ചാംഗമായത്.
തൊട്ടടുത്ത പുല്‍പ്പള്ളി വില്ലേജില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് റീസര്‍വേ രേഖകള്‍ തയ്യാറാക്കിയിരുന്നു. ഇപ്പോഴാണ് പാടിച്ചിറ വില്ലേജില്‍ റിസര്‍വേ രേഖകള്‍ തയ്യാറാക്കിയതും രേഖകള്‍ പ്രാബല്യത്തിലാക്കിയതും. അതിനുവേണ്ടി 2015 ആഗസ്ത് മുതല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ വില്ലേജിലെ മുഴുവന്‍ പ്രദേശങ്ങളും സന്ദര്‍ശിച്ച് കണക്കെടുപ്പ് നടത്തി. കൈവശഭൂമിയുടെ അളവും അവരുടെ ഭൂവിസ്തൃതി, നികുതിച്ചീട്ടിലും വില്ലേജ് രേഖകളിലും ഒരേ തരത്തിലാണോ എന്നു പരിശോധിക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിച്ച് രേഖകള്‍ കൃത്യമാക്കുകയുമായിരുന്നു ചെയ്തത്.
എന്നാല്‍, ഇത്തരത്തില്‍ തയ്യാറാക്കിയതില്‍ പകുതിയിലധികം രേഖകളും തെറ്റായിരുന്നു. നാല്‍ക്കവലകളിലും അങ്ങാടികളിലും എത്തിയ ഉദ്യോഗസ്ഥര്‍ നാട്ടുകാരോട് വിവരങ്ങള്‍ തിരക്കി രേഖകള്‍ തയ്യാറാക്കി അത് ഔദ്യോഗിക റീസര്‍വേ രേഖകളായി പ്രസിദ്ധീകരിക്കുകയുമായിരുന്നു. നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് തയ്യാറാക്കിയ രേഖകളിലാണ് തെറ്റുകളുടെ കൂമ്പാരം. കരഭൂമി വയലായും വയല്‍ പുറമ്പോക്കായും പുറമ്പോക്ക് റവന്യൂഭൂമിയായും നടപ്പാത ഹൈവേ ആയും പിഡബ്ല്യൂഡി റോഡ് കയ്യാലയായുമൊക്കെയാണ് രേഖകള്‍ തയ്യാറാക്കിയിരിക്കുന്നത്.
ഇനി പിശകുകള്‍ പരിഹരിച്ച് രേഖകള്‍ കൃത്യമാക്കാന്‍ സ്ഥലത്തിന്റെ ഉടമസ്ഥര്‍ വിവിധ ഓഫിസുകള്‍ കയറിയിറങ്ങണം. ആവശ്യമായ തെളിവുകളും മറ്റും ഹാജരാക്കിയാല്‍ മാത്രമേ ഇനി രേഖകള്‍ കൃത്യമാവുകയുള്ളൂ. രണ്ടേക്കര്‍ ഭൂമിക്ക് പകരം രണ്ടു സെന്റ് ഭൂമിയെന്നു രേഖപ്പെടുത്തിയിരിക്കുന്ന ആള്‍ ഇനി അംഗീകാരമുള്ള സര്‍വേയറെക്കൊണ്ട് ഭൂമി അളന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങി മതിയായ രേഖകള്‍ സഹിതം അപേക്ഷ നല്‍കണം. എങ്കില്‍ മാത്രമേ കൈവശഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കുകയുള്ളൂ.
Next Story

RELATED STORIES

Share it