റിസ്‌ക് ഫണ്ട് വര്‍ധിപ്പിക്കുന്നത് ആലോചിക്കും: മന്ത്രി

പത്തനംതിട്ട: സഹകരണ ബാങ്കുകളില്‍ നിന്നു വായ്പയെടുത്തവര്‍ക്ക് മാരകരോഗം ബാധിക്കുകയോ മരണപ്പെടുകയോ ചെയ്താല്‍ വായ്പാ ബാധ്യതയിലേക്ക് ധനസഹായം നല്‍കുന്ന റിസ്‌ക് ഫണ്ട് പദ്ധതി തുക വര്‍ധിപ്പിക്കുന്നത് ആലോചിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ റിസ്‌ക് ഫണ്ട് ചികില്‍സാ ധനസഹായ വിതരണം പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനായി ലാഭകരമായി പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ ക്ഷേമനിധിയിലേക്ക് കൂടുതല്‍ സംഭാവന നല്‍കാന്‍ തയ്യാറാവണം. അങ്ങനെ വന്നാല്‍ നിലവിലുള്ള ചട്ടങ്ങളില്‍ തന്നെ ആവശ്യമായ മാറ്റം വരുത്താന്‍ സാധിക്കും. ഇതുസംബന്ധിച്ച കാര്യങ്ങള്‍ സംഘടനാ നേതാക്കന്മാരുമായും സഹകരണ ബാങ്കുകളുടെ അസോസിയേഷന്റെ ഭാരവാഹികളുമായും ആലോചിക്കും.
സഹകരണ പ്രസ്ഥാനത്തിന്റെ കൈത്താങ്ങാണ് റിസ്‌ക് ഫണ്ട്. കൂടുതല്‍ വിശ്വാസമാര്‍ജിക്കുന്നതിനും സുതാര്യമായി പ്രവര്‍ത്തിക്കുന്നതിനും സഹകരണ പ്രസ്ഥാനത്തിന്റെ നന്മയെ ഉയര്‍ത്തിപ്പിടിക്കുന്നതിനും സഹകരണ ബാങ്കുകള്‍ക്ക് സാധിക്കണമെന്നും മന്ത്രി പറഞ്ഞു. വായ്പാ തിരിച്ചടവ് മുടങ്ങുന്നവരെ സഹായിക്കാന്‍ നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരം കഴിയുന്നില്ലെന്ന സാഹചര്യമുണ്ട്. ഇത് എങ്ങനെ പരിഹരിക്കാന്‍ സാധിക്കും റിസ്‌ക് ഫണ്ടിന്റെ വരുമാനം എങ്ങനെ വര്‍ധിപ്പിക്കാന്‍ സാധിക്കും , തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും.
ബാങ്ക് വായ്പ നല്‍കുന്നത് തിരിച്ചടവിനു വേണ്ടിയാണ്. ബാങ്കിന്റെ നിക്ഷേപം എന്നു പറയുന്നത് നാട്ടുകാരില്‍ നിന്നു സമാഹരിക്കുന്ന നിക്ഷേപമാണ്. ഈ പണമാണ് വായ്പയായി വിതരണം ചെയ്യുന്നത്. നിക്ഷേപകനു പണം പലിശ അടക്കം തിരികെ നല്‍കേണ്ടതുണ്ട്. ഇതു സാധ്യമാവണമെങ്കില്‍ വായ്പ എടുക്കുന്നവര്‍ തിരിച്ചടയ്ക്കണം. ചിലര്‍ മനപ്പൂര്‍വം വായ്പ തിരിച്ചടയ്ക്കില്ലെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it