wayanad local

റിസോര്‍ട്ടിലെ സെപ്റ്റിക് മാലിന്യം കബനിയിലൊഴുക്കി; കുടിവെള്ള വിതരണം മുടങ്ങി

പുല്‍പ്പള്ളി: റിസോര്‍ട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്നുള്ള മാലിന്യം കബനിയിലൊഴുക്കി. കേരള-കര്‍ണാടക അതിര്‍ത്തിയായ ബാവലിയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടില്‍ നിന്നാണ് കക്കൂസ് ടാങ്കില്‍ നിന്നുള്ള മാലിന്യം പൈപ്പ് വഴി പുഴയിലേക്ക് തുറന്നുവിട്ടത്. വരള്‍ച്ചയെ തുടര്‍ന്ന് നീരൊഴുക്ക് നിലച്ച കബനിയില്‍ മനുഷ്യവിസര്‍ജ്യം അടഞ്ഞുകിടക്കുകയാണ്.
ഇതേത്തുടര്‍ന്ന് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന കബനി ജലവിതരണ പമ്പിങ് നിര്‍ത്തിവച്ചു. ഇന്നലെ രാവിലെയാണ് നാട്ടുകാര്‍ മാലിന്യം കാണുന്നത്. പുഴയില്‍ കുളിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യവും മറ്റും അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റിസോര്‍ട്ടില്‍ നിന്നുള്ള മാലിന്യം പുഴയില്‍ തള്ളിയതായി കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് അധികൃതര്‍ സ്ഥലത്തെത്തുമ്പോഴും മാലിന്യം പുഴയിലൊഴുകുന്ന നിലയിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. റിസോര്‍ട്ട് അധികൃതരെ നാട്ടുകാര്‍ ഏറെ നേരം തടഞ്ഞുവച്ചു. കര്‍ണാടക പോലിസ് സ്ഥലത്തെത്തി. അധികൃതര്‍ റിസോര്‍ട്ട് അടപ്പിച്ചു. പുല്‍പ്പള്ളി-മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ജനപ്രതിനിധികളും സ്ഥലത്തെത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്‍, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ സംഘത്തിലുണ്ടായിരുന്നു. പ്രശ്‌നത്തില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഇടപെട്ടു. വിവരം മുഖ്യമന്ത്രിയെ അറിയിച്ച് കര്‍ണാടക മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എംഎല്‍എ പറഞ്ഞു.
നീരൊഴുക്ക് നിലച്ച നിലയിലാണ് കബനി. തീരപ്രദേശങ്ങളിലെ ജനങ്ങള്‍ കുടിക്കാനും അലക്കാനും കുളിക്കാനും ഉപയോഗിക്കുന്ന ഏക സ്രോതസ്സാണ് മലിനമായിരിക്കുന്നത്. ജലജന്യരോഗങ്ങളും മറ്റും പടരുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. രൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന് കബനി പദ്ധതിയില്‍ നിന്നുള്ള പമ്പിങ് മിക്കപ്പോഴും മുടങ്ങിയിരിക്കുകയായിരുന്നു.
ഈ സംഭവത്തോടെ പുഴയില്‍ നിന്നുള്ള പമ്പിങ് പൂര്‍ണമായി നിലച്ചു. പുഴ മലിനപ്പെടുത്തുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമായതിനാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും അനധികൃതമായാണ് റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി.
Next Story

RELATED STORIES

Share it