wayanad local

റിസോര്‍ട്ടിനെതിരേ സമരാഹ്വാനവുമായി 'കാട്ടുതീ'

മാനന്തവാടി: തിരുനെല്ലി അഗ്രഹാരം റിസോര്‍ട്ടിനെതിരേ സമരത്തിന് ആഹ്വാനം ചെയ്ത് കാട്ടുതീയുടെ പുതിയ ലക്കം. ചൊവ്വാഴ്ച്ച രാത്രി തിരുനെല്ലി ഗുണ്ടികപ്പറമ്പ് എരുവക്കിക്കവലയിലെത്തിയ മാവോവാദി സംഘം വിതരണം ചെയ്ത കാട്ടുതീയിലാണ് റിസോര്‍ട്ട് മാഫിയക്കെതിരേ രൂക്ഷ വിമര്‍ശനം. കഴിഞ്ഞ വര്‍ഷം നവംബര്‍ 17ന് ആദിവാസി ഭൂമി കൈവശപ്പെടുത്തി നിര്‍മിച്ചതെന്ന് ആരോപണമുയര്‍ത്തി ഈ റിസോര്‍ട്ടിനെതിരേ മാവോവാദികള്‍ ആക്രമണം നടത്തിയിരുന്നു. കബനിദളം നടത്തിയ ഈ ആക്രമത്തെ കാട്ടുതീയില്‍ ഓര്‍മപ്പെടുത്തുകയും നാട്ടുകാരില്‍ നിന്നു ലഭിച്ച പിന്തുണയെപ്പറ്റി പ്രതിപാദിക്കുകയും ചെയ്യുന്നുണ്ട്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പോലിസ് കാവലില്‍ വീണ്ടും റിസോര്‍ട്ട് തുറന്നതിനെതിരേ സായുധസമരത്തിന് കാട്ടുതീയില്‍ ആഹ്വാനം ചെയ്യുന്നു. ആദിവാസി പ്രേമം പറയുന്ന ഭരണകൂടം ആദിവാസി ഭൂമി തട്ടിയെടുത്ത് നിര്‍മിച്ച റിസോര്‍ട്ടിന് സംരക്ഷണം നല്‍കുന്നതിനെതിരേയാണ് മുന്നറിയിപ്പ്. 'ശത്രുവിനെതിരേ ആഞ്ഞടിക്കാന്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുക', 'ജനരോഷത്താല്‍ റിസോര്‍ട്ടുകളും ഹോം സ്‌റ്റേകളും തകര്‍ന്നു വീഴട്ടെ' തുടങ്ങിയ ആഹ്വാനങ്ങളും കാട്ടുതീയില്‍ ഉണ്ട്. തേയിലത്തോട്ടം നഷ്ടത്തിലാണെന്ന പ്രചാരണം ഭൂമി റിസോര്‍ട്ടിനു നല്‍കാനുള്ള കുതന്ത്രമാണ്. കമ്പമല തോട്ടംതൊഴിലാളികള്‍ ഭൂമിക്കും അധികാരത്തിനും വേണ്ടി സംഘടിക്കണം. ആദിവാസികളെ പിറന്ന മണ്ണില്‍ നിന്ന് ആട്ടിയോട്ടിക്കുകയും ഭൂമിക്കായി സമരം ചെയ്തപ്പോള്‍ വെടിയുതിര്‍ക്കുകയും ചെയ്തതു ജനാധിപത്യപത്യത്തിന്റെ ഭാഗമാണെങ്കില്‍ വോട്ട് ബഹിഷ്‌കരിക്കണം-കാട്ടുതീ പറയുന്നു.
Next Story

RELATED STORIES

Share it