Flash News

റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം: വളര്‍ച്ചാനിരക്ക് കുറയും



ന്യൂഡല്‍ഹി: നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. ഇതോടെ റിപോ നിരക്ക് 6 ശതമാനവും സിആര്‍ആര്‍ നിരക്ക് 4 ശതമാനവുമായി തുടരും. എന്നാല്‍, സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി നിരക്കില്‍ (എസ്എല്‍ആര്‍) 50 ബേസിസ് പോയിന്റ് കുറച്ച് 19.5 ശതമാനമാക്കി. ഇത് ഒക്ടോബര്‍ 14 മുതല്‍ നിലവില്‍വരും. രാജ്യത്തെ വളര്‍ച്ചാനിരക്ക് 6.7 ശതമാനമായി കുറയുമെന്നാണ് ആര്‍ബിഐ പ്രവചനം. സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറയുമെന്ന പ്രവചനത്തിലൂടെ രാജ്യം സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലാണെന്ന് സമ്മതിക്കുകയാണ് റിസര്‍വ് ബാങ്ക്. നേരത്തേ 7.3 ശതമാനം വളര്‍ച്ചയുണ്ടാവും എന്നായിരുന്നു നിഗമനം. മാത്രമല്ല, നാണ്യപ്പെരുപ്പം ഇനിയും കൂടുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ വ്യക്തമാക്കി. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമായി കുറഞ്ഞ സാഹചര്യത്തില്‍, സമ്പദ്ഘടനയില്‍ ഉണര്‍വുണ്ടാക്കാന്‍ നിരക്കുകള്‍ കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാരും വ്യവസായ കൂട്ടായ്മകളും നിരക്ക് കുറയ്ക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍, നാണ്യപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ നിരക്ക് കുറയ്ക്കാന്‍ ആര്‍ബിഐ തയ്യാറായില്ല. നാണ്യപ്പെരുപ്പ നിരക്ക് ആഗസ്തില്‍ 3.36 ശതമാനമായി ഉയര്‍ന്നു. ഒക്ടോബര്‍-മാര്‍ച്ച് മാസങ്ങളില്‍ ഇത് 4.6 ശതമാനം വരെ ഉയരാനുള്ള സാധ്യതയാണുള്ളത്. ചില്ലറവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ആഗസ്തില്‍ 3.36 ശതമാനമായി ഉയര്‍ന്നിരുന്നു. ജൂലൈയില്‍ ഇത് 2.36 ശതമാനമായിരുന്നു. പഴം-പച്ചക്കറി വിലകള്‍ ഉയരുന്നതാണ് വിലക്കയറ്റത്തിനു കാരണം. ഇന്ധനവില കൂടി ഉയരുന്ന സാഹചര്യത്തില്‍ വരുംമാസങ്ങളില്‍ പണപ്പെരുപ്പം ഇനിയും കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സാധനങ്ങളുടെ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ പണപ്പെരുപ്പം വര്‍ധി ക്കുമെന്നാണ് സൂചനകള്‍. നടപ്പുവര്‍ഷം നാണയപ്പെരുപ്പം നാലു ശതമാനത്തിനു താഴെയാക്കി നിയന്ത്രിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം.
Next Story

RELATED STORIES

Share it