റിസര്‍വേഷന്‍ ചുമതല കൈമാറുന്ന ഉത്തരവ് മരവിപ്പിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ റിസര്‍വേഷന്‍ കൗണ്ടറുകളുടെ പ്രവര്‍ത്തനം കുടുംബശ്രീയെ ഏല്‍പ്പിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ഇന്നലെ മിന്നല്‍പ്പണിമുടക്ക് നടത്തിയതിനെ തുടര്‍ന്ന് ഉത്തരവ് സര്‍ക്കാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചു. ഇന്നലെ രാവിലെ ആറു മുതലാണ് സംയുക്ത തൊഴിലാളി യൂനിയന്റെ നേതൃത്വത്തില്‍ ഡിപോകളില്‍ റിസര്‍വേഷന്‍ കൗണ്ടര്‍ ഉപരോധിച്ചുള്ള സമരം ആരംഭിച്ചത്. താമ്പാനൂരില്‍ സമരക്കാര്‍ കുത്തിയ കൊടി പോലിസെടുത്ത് മാറ്റിയതോടെ സംഘര്‍ഷത്തിനു കാരണമായി. സമരക്കാരെ പോലിസ് മര്‍ദിച്ചെന്ന് ആരോപിച്ച് ബസ്സുകള്‍ നടുറോഡില്‍ നിര്‍ത്തിയിട്ടു സമരക്കാര്‍ പ്രതിഷേധിച്ചു. ഇത് മണിക്കൂറുകളോളം തലസ്ഥാനത്തു ഗതാഗതം സ്തംഭിക്കാനിടയാക്കി. കോഴിക്കോട്, കൊച്ചി, കാസര്‍കോട്, കോട്ടയം ജില്ലകളിലും സമാനനിലയിലുള്ള പ്രതിഷേധം നടന്നു. സമരം ശക്തമായതോടെ ഗതാഗതമന്ത്രിയും കെഎസ്ആര്‍ടിസി എംഡിയും ജീവനക്കാരുമായി ചര്‍ച്ച നടത്തി. ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിക്കാമെന്നു മന്ത്രി തൊഴിലാളി സംഘടനാ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. 24 റിസര്‍വേഷന്‍ കൗണ്ടറുകളാണു കുടുംബശ്രീയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. സിഐ—ടിയു, എഐടിയുസി, ഐഎന്‍ടിയുസി, ഡ്രൈവേഴ്‌സ് യൂനിയന്‍ എന്നിവരാണു സമരം നടത്തിയത്. അതേസമയം സമരത്തെ തുടര്‍ന്ന് ഒരു കോടിയുടെ നഷ്ടം കോര്‍പറേഷന് ഉണ്ടായതായാണു മേനേജ്‌മെന്റിന്റെ വിശദീകരണം.
Next Story

RELATED STORIES

Share it