kannur local

റിസര്‍വേഷന്‍ കൗണ്ടറുകള്‍ വെട്ടിച്ചുരുക്കി ; കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രാദുരിതം



കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ മൂന്നു റിസര്‍വേഷന്‍ കൗണ്ടറുകള്‍ വെട്ടിച്ചുരുക്കി ഒരു കൗണ്ടര്‍ മാത്രമാക്കിയതോടെ യാത്രക്കാര്‍ കടുത്ത ദുരിതത്തില്‍. മണിക്കൂറുകളോളം വരിനിന്നു വേണം  ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍. മൂന്നുദിവസമായി ഇതാണ് സ്ഥിതി. ജീവനക്കാരില്ലാത്തതിനാല്‍ റിസര്‍വേഷന്‍ കൗണ്ടറുകള്‍ അടച്ചിടുന്നുവെന്നാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം. റെയില്‍വേ സ്‌റ്റേഷന്‍ രണ്ടാംകവാടത്തില്‍ മൂന്ന് റിസര്‍വേഷന്‍ കൗണ്ടറുകളാണ് ഉള്ളത്. എന്നാല്‍, നിലവില്‍ ഒരു റിസര്‍വേഷന്‍ കൗണ്ടര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഒരേസമയം, നിരവധി യാത്രക്കാര്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാനെത്തുമ്പോള്‍ സ്ഥിതി സങ്കീര്‍ണമാണ്. വടകര, പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനുകളിലെ ഓരോ ജീവനക്കാര്‍ വീതം അവധിയില്‍ പ്രവേശിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനു കീഴിലാണ് ഈ രണ്ടു സ്‌റ്റേഷനുകളും. അതിനാല്‍ ഇവിടെയുള്ള ജീവനക്കാരെയാണ് വടകരയിലും പയ്യന്നൂരിലേക്കും അയച്ചത്. രണ്ടുപേര്‍കൂടി പോയതോടെയാണ് ഈ ഷിഫ്റ്റുകള്‍ ഒഴിവാക്കി ഒരു കൗണ്ടര്‍ മാത്രം പ്രവര്‍ത്തിപ്പിക്കേണ്ടി വന്നത്. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് റിസര്‍വേഷന്‍ കൗണ്ടറുകളുടെ പ്രവര്‍ത്തനസമയം. ഓരോ കൗണ്ടറിലും രണ്ടുവീതം ഷിഫ്റ്റുകളിലായി ആറുപേരാണ് ജോലിചെയ്യുന്നത്. എന്‍ക്വയറി കം റിസര്‍വേഷന്‍ ക്ലാര്‍ക്ക് എന്നാണ് തസ്തികയുടെ പേര്. മുമ്പ് മൂന്നു റിസര്‍വേഷന്‍ കൗണ്ടറുകള്‍ക്ക് പുറമെ രാവിലെ 10 മുതല്‍ 5 വരെയുള്ള ഒരു ജനറല്‍ ഷിഫ്റ്റുമുണ്ടായിരുന്നു. എന്നാല്‍, രണ്ടു ജീവനക്കാരുടെ കുറവുവന്നതോടെ ഒരു കൗണ്ടര്‍ ഒഴിവാക്കി. രണ്ട് റിസര്‍വേഷന്‍ കൗണ്ടറുകളും ഒരു ജനറല്‍ ഷിഫ്റ്റും മാത്രമായി ചുരുക്കി. എന്നാല്‍, ഒരുമാസം മുമ്പ് ജനറല്‍ ഷിഫ്റ്റും ഒഴിവാക്കി. പുതിയ നിയമനങ്ങള്‍ നടത്താത്തതും ജീവനക്കാരെ യഥാവിധം പുനര്‍വിന്യസിക്കാത്തതുമാണ് ജീവനക്കാരുടെ ക്ഷാമത്തിന് കാരണം. നേരത്തെ തലശ്ശേരി റെയില്‍വേ സ്‌റ്റേഷനില്‍ ഒന്നാം പ്ലാറ്റ്‌ഫോമിലെ രണ്ടാമത്തെ റിസര്‍വേഷന്‍ കൗണ്ടര്‍ അടച്ചുപൂട്ടി. ഇതോടെ ഇവിടെ റിസര്‍വേഷന് ഒരു കൗണ്ടര്‍ മാത്രമായി ചുരുങ്ങി. നിലവില്‍ ഇവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ വടകരയ്ക്ക് സ്ഥലം മാറ്റുകയും ചെയ്തു.
Next Story

RELATED STORIES

Share it