Idukki local

റിലേ സത്യഗ്രഹ സമരം:പ്രതിഷേധം ശക്തമാക്കുമെന്ന്

കട്ടപ്പന: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കര്‍ഷക സംരക്ഷണ സമിതി ഉപ്പുതറ വില്ലേജ് ഓഫിസ് പടിക്കല്‍ നടത്തുന്ന കുടില്‍കെട്ടിയുള്ള അനിശ്ചിതകാല റിലേ സത്യഗ്രഹ സമരം 11 ദിവസം പിന്നിട്ടു. അതേസമയം, പ്രശ്‌ന പരിഹാരത്തിനു നടപടികള്‍ ഉണ്ടാവാത്തതോടെ പ്രതിഷേധം ശക്തമാക്കാന്‍ സമിതി തീരുമാനിച്ചു. സമരത്തിന്റെ ഒമ്പതാം ദിവസം പീരുമേട് തഹസില്‍ദാരും ഇ എസ് ബിജിമോള്‍ എംഎല്‍എയും സംയുക്തമായി സമിതി നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതോടെ സമിതിയുടെ സെന്‍ട്രല്‍ കമ്മിറ്റി യോഗം ചേര്‍ന്നാണു സമരം ശക്തമാക്കാന്‍ തീരുമാനമെടുത്തത്. ഡിസംബര്‍ 10ന് അകം പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കില്‍ ഡിസംബര്‍ 11 മുതല്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം നടത്താനാണു നിലവിലെ തീരുമാനം. സമിതി ചെയര്‍മാന്‍ സാബു വേങ്ങവേലില്‍ 48 മണിക്കൂര്‍ നിരാഹാരം അനുഷ്ഠിച്ചുകൊണ്ടു റിലേ സത്യഗ്രഹ സമരത്തിനു തുടക്കമിടും. രാജമാണിക്യം കമ്മിറ്റി റിപ്പോര്‍ട്ടിലെ കുടിയേറ്റ കര്‍ഷകരെ ബാധിക്കുന്ന ഉത്തരവു പിന്‍വലിക്കുക, ഉപ്പുതറ ടൗണിലും പത്തുചെയിന്‍ മേഖലയിലും മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും വ്യാപാരി സംഘടനകളുടെയും കര്‍ഷക സംഘടനകളുടെയും നേതൃത്വത്തിലാണു സമരമെങ്കിലും ബിജെപി വിട്ടുനില്‍ക്കുകയാണ്. രാജമാണിക്യം കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 27 സര്‍വേ നമ്പരുകളില്‍പെട്ട ഭൂമി കൈവശമുള്ളവര്‍ വലയുകയാണെന്നു സമിതി നേതാക്കള്‍ ആരോപിക്കുന്നു. ഭൂമിയുടെ കരം സ്വീകരിക്കല്‍, പോക്കുവരവ്, നിജസ്ഥിതി, കൈവശാവകാശം, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയെല്ലാം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല. ഇതുമൂലം പലവിധ ബുദ്ധിമുട്ടുകളാണ് മേഖലയിലെ ജനങ്ങള്‍ നേരിടുന്നത്. പ്രതിസന്ധികള്‍ പരിഹരിക്കുംവരെ സമരം തുടരുമെന്നാണ് സമിതി ഭാരവാഹികള്‍ പറയുന്നത്.
Next Story

RELATED STORIES

Share it