റിലേ: അതിവേഗം ബഹുദൂരമായി കേരളത്തിന്റെ പെണ്‍കുട്ടികള്‍

കോഴിക്കോട്: 61ാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 4ഃ4ീീ റിലേയില്‍ കേരള പെണ്‍കുട്ടികള്‍ തകര്‍പ്പന്‍ പ്രകടനത്തോടെ സ്വര്‍ണം നേടി. 2009ല്‍ കേരളം നേടിയ 3:46:05 മിനിറ്റ് മറികടക്കാനായില്ലെങ്കിലും എതിരാളികളെ ആദ്യ ലാപ്പ് മുതല്‍ അവസാന ലാപ്പ് വരെ ബഹുദൂരം പിന്നിലാക്കിയാണ് ടി പി ഷഹര്‍ബാന സിദ്ധീഖ്, പി ഒ സയാന, വികെ ശാലിനി, അന്‍സ ബാബു അടങ്ങിയ നാല്‍വര്‍ സംഘം തകര്‍ത്തോടിയത്.
ആദ്യ ലാപ്പില്‍ വെയിലിന്റെ കാഠിന്യത്താല്‍ എല്ലാവര്‍ക്കും ആവേശം ചോര്‍ന്നുവെങ്കിലും രണ്ടാം ലാപ്പ് മുതല്‍ കാണികള്‍ ഒന്നടങ്കം കേരളത്തിനായി ആര്‍ത്തുവിളിച്ചതോടെ മത്സരത്തിന്റെ വേഗത കൂടി. ഈ സമയത്താണ് കേരള താരങ്ങള്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയത്. അവസാന ലാപ്പില്‍ ഓടിയ ഷഹര്‍ബാന സിദ്ധീഖ് എതിരാളികളെക്കാള്‍ ഏകദേശം നൂറുമീറ്ററോളം വ്യത്യാസത്തിലാണ് ഫിനിഷിങ് പോയിന്റ് കടന്നത്. 3:51:24 മിനിറ്റില്‍ കേരളം ദൂരം പൂര്‍ത്തിയാക്കി.
വെള്ളി നേടിയ തമിഴ്‌നാട് 4:00:96 മിനിറ്റിലാണ് മറികടന്നത്. 4:01:54 മിനിറ്റില്‍ ഓട്ടം പൂര്‍ത്തിയാക്കിയ കര്‍ണാടക വെങ്കലം നേടി.
അതേസമയം, ആര്‍ത്തുവിളിച്ച കാണികളെ അമ്പേ നിരാശരാക്കിയ പ്രകടനമായിരുന്നു ആണ്‍കുട്ടികളുടേത്. തമിഴ്‌നാടിനും ഡല്‍ഹിക്കും പിന്നില്‍ മുന്നാം സ്ഥാനം നേടാനേ ഇവര്‍ക്ക് കഴിഞ്ഞുള്ളൂ. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നിവയാണ് നാലു മുതല്‍ ആറ് സ്ഥാനം വരെ നേടിയത്. ആദ്യ ലാപ്പില്‍ നേരിയ മുന്‍തൂക്കം നേടിയ കേരളത്തെ രണ്ടാം ലാപ്പില്‍ ഡല്‍ഹി പിന്നിലാക്കി. ഈ ലാപ്പിന്റെ അവസാനത്തില്‍ തമിഴ്‌നാട് ഡല്‍ഹിയേയും കടത്തിവെട്ടി മുന്‍തൂക്കം നേടിയതോടെ കേരളത്തിന് വെങ്കലമേ ലഭിക്കൂവെന്ന് ഏറെക്കുറെ ഉറപ്പിച്ചു.
അവസാന ലാപ്പില്‍ തമിഴ്‌നാട് വ്യക്തമായ മേധാവിത്വത്തോടെയാണ് സ്വര്‍ണം സ്വന്തമാക്കിയത്. 3:14:19 മിനിറ്റാണ് തമിഴ്‌നാടിന്റെ നേട്ടം. വെള്ളി നേടിയ ഡല്‍ഹി 3:15ലും കേരളം 3:17:64 സമയത്തിലുമാണ് ഓടിത്തീര്‍ന്നത്. കേരളത്തിനായി എം എസ് ബിബിന്‍, എ ഹര്‍ഷാദ്, അല്‍ബിന്‍ ബാബു, കെ എസ് പ്രണവ് എന്നിവരാണ് മത്സരിച്ചത്.
Next Story

RELATED STORIES

Share it