റിലയന്‍സ് ഗ്രൂപ്പ് പ്രതിരോധ രംഗത്തേക്ക്

ന്യൂഡല്‍ഹി/മുംബൈ: അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് പ്രതിരോധ മേഖലയിലും കൈവയ്ക്കാനൊരുങ്ങുന്നു. മുങ്ങിക്കപ്പലുകളും മിസ്സൈലുകളുമടക്കമുള്ള സൈനിക സാമഗ്രികള്‍ നിര്‍മിക്കാനുള്ള കരാറിനാണ് കമ്പനി ശ്രമിക്കുന്നത്. ഇതിനകം ഈ മേഖലയില്‍ 84000 കോടി രൂപയുടെ കരാറുകള്‍ക്കുള്ള ലേലങ്ങളില്‍ കമ്പനി പങ്കെടുത്തു.
അതിലൊന്നും കമ്പനിക്ക് വിജയിക്കാനായില്ലെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അന്താരാഷ്ട്ര കമ്പനികളുടെയും പിന്തുണയോടെ കരാര്‍ നേടിയെടുക്കാനാണ് കമ്പനിയുടെ ശ്രമം. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 25000 കോടി ഡോളറിന്റെ പ്രതിരോധ കരാറുകള്‍ സ്വകാര്യ മേഖലയ്ക്കു നല്‍കാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്. ഇതില്‍ മുഖ്യപങ്ക് കമ്പനി നേടുമെന്ന് റിലയന്‍സ് പ്രതിരോധ വിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് ആര്‍ കെ ധിന്‍ഗ്ര പറഞ്ഞു.
അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രതിരോധരംഗത്ത് മുഖ്യകണ്ണിയായി കമ്പനിക്ക് ഉയരാന്‍ സാധിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍, റിലയന്‍സിന്റെ ആഗ്രഹം സംശയത്തോടെയാണ് പ്രതിരോധ മേഖലയിലെ വിദഗ്ധര്‍ നോക്കി ക്കാണുന്നത്. കപ്പല്‍ മുതല്‍ പോര്‍ വിമാനം വരെ നിര്‍മിക്കുകയെന്ന റിലയന്‍സിന്റെ ആഗ്രഹം അതിരുകവിഞ്ഞതാണെന്നാണ് ഒരു സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞത്. സങ്കീര്‍ണ സൈനിക സാമഗ്രികള്‍ നിര്‍മിക്കുന്നതില്‍ റിലയന്‍സ് കടുത്ത വെല്ലുവിളി നേരിടേണ്ടിവരുമെന്നാണ് കരാറില്‍ പങ്കെടുത്ത മറ്റു കമ്പനികളുടെ പ്രതികരണം.
ഈ രംഗത്ത് ഉടനെ പണം ചെലവഴിക്കേണ്ടിവരികയില്ലെങ്കിലും നീണ്ട പരിചയ സമ്പത്തും ഉയര്‍ന്ന സാങ്കേതികവിദ്യയും നിക്ഷേപവും ദീര്‍ഘകാല പദ്ധതികളും വേണ്ടിവരുമെന്ന് സാബ് ഇന്ത്യ ടെക്‌നോളജീസിലെ മേധാവി ജാന്‍ വൈഡ് സ്‌ട്രോം പറഞ്ഞു.
ഇന്ത്യന്‍ നാവികസേനയുടെയും തീരദേശ സേനയുടേയും ചില വികസന പദ്ധതികള്‍ റിലയന്‍സും സാബ് കമ്പനിയും ചേര്‍ന്ന് ഇപ്പോള്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട്.
Next Story

RELATED STORIES

Share it