റിലയന്‍സ്, അദാനി... വന്‍കിടക്കാരുടെ കിട്ടാക്കടം ലക്ഷം കോടികള്‍

മുംബൈ: രാജ്യത്തെ വികസന മാതൃകകളായി ഉയര്‍ത്തിക്കാണിക്കുന്ന വന്‍കിട കമ്പനികള്‍ പൊതുമേഖലാ ബാങ്കുകള്‍ക്കു നല്‍കാനുള്ളത് ദശ കോടികള്‍. കഴിഞ്ഞ ഡിസംബര്‍ വരെ രാജ്യത്തെ പത്ത് പ്രമുഖ കമ്പനികള്‍ പൊതുമേഖലാ ബാങ്കുകള്‍ക്കു കൊടുത്തുവീട്ടാനുള്ളത് 3.04 ലക്ഷം കോടി രൂപയാണ്. ഇത് രാജ്യം വിദ്യാഭ്യാസത്തിനായി നീക്കിവയ്ക്കുന്ന ബജറ്റ് തുകയുടെ നാലു മടങ്ങിനേക്കാളും വരും.
അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പാണ് തിരിച്ചടയ്ക്കാത്ത വായ്പത്തുകയില്‍ മുന്നിലുള്ളത്. ഇന്‍ഷുറന്‍സ്, സാമ്പത്തിക പദ്ധതികള്‍, ടെലികോം തുടങ്ങിയ മേഖലയിലെ കുത്തക കമ്പനിയായ റിലയന്‍സ് 1.25 ലക്ഷം കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകള്‍ക്കു നല്‍കാനുള്ളത്. കഴിഞ്ഞ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബിഹാറിനു വേണ്ടി പ്രഖ്യാപിച്ച പ്രത്യേക പാക്കേജിനു തുല്യമായ തുകയാണ് ഇത്. അനില്‍ അഗര്‍വാളിന്റെ വേദാന്ത ഗ്രൂപ്പ് 1.03 ലക്ഷം കോടി രൂപയുടെ വീട്ടാത്ത കടവുമായി രണ്ടാം സ്ഥാനത്തുണ്ട്.
റൂയ സഹോദരന്‍മാരുടെ ഉടമസ്ഥതയിലുള്ള എസ്സാര്‍ ഗ്രൂപ്പ് 25 രാജ്യങ്ങളിലാണ് വാണിജ്യ സാമ്ര്യാജ്യം കെട്ടിപ്പടുത്തിട്ടുള്ളത്. പക്ഷേ 1.01 ലക്ഷം കോടി രൂപയാണ് അവര്‍ ബാങ്കുകളില്‍ നിന്നു വായ്പയെടുത്ത വകയില്‍ കൊടുത്തുവീട്ടാതെ കൈവശം വയ്ക്കുന്നത്. കേരളത്തില്‍ വിഴിഞ്ഞം പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത അദാനി ഗ്രൂപ്പും വീട്ടാക്കടങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയിലുണ്ട്. 96,031 കോടി രൂപയാണ് ഇവരുടെ കടം. നേരത്തെ ആസ്‌ട്രേലിയയില്‍ കല്‍ക്കരി ഖനനം തുടങ്ങുന്നതിന് അദാനി ഗ്രൂപ്പിന് എസ്ബിഐ 6600 കോടി വായ്പ നല്‍കിയിരുന്നു.
75,163 കോടിയുടെ വായ്പയെടുത്ത ജെയ്പി ഗ്രൂപ്പ്, 58,171 കോടി വായ്പയുള്ള ജെഎസ്ഡബ്ല്യു ഗ്രൂപ്പ്, 45,405 കോടിയുടെ കടക്കാരായ വീഡിയോകോണ്‍ കമ്പനി തുടങ്ങിയവയും സറ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള പൊതുമേഖല ബാങ്കുകള്‍ക്ക് പണം കൊടുത്തുവീട്ടാനുണ്ട്. സാധാരണക്കാര്‍ വീടു നിര്‍മാണത്തിനും കാര്‍ഷികാവശ്യങ്ങള്‍ക്കും എടുക്കുന്ന വായ്പയുടെ തിരിച്ചടവു മുടങ്ങുമ്പോള്‍ ജപ്തി നടപടികളുമായി കുടിയിറക്കുന്ന പൊതുമേഖലാ ബാങ്കുകള്‍ തന്നെയാണ് വന്‍കിട കമ്പനികള്‍ക്ക് ലക്ഷം കോടികളുടെ വായ്പ നിലവിലുള്ളപ്പോള്‍ തന്നെ പുതുതായി കോടികള്‍ വായ്പയായി നല്‍കുന്നത്.
Next Story

RELATED STORIES

Share it