Sports

റിയോ ഒളിംപിക്‌സ് ദീപം യുഎന്‍ ആസ്ഥാനത്ത്

ജനീവ: ബ്രസീലില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സിനുള്ള ദീപം ജനീവയിലെ യുഎന്‍ ആസ്ഥാനത്തെത്തി. കഴിഞ്ഞ മാസം 21ന് ഒളിംപിക്‌സിന്റെ ജന്‍മദേശമായ ഗ്രീസിലാണ് ദീപം തെളിയിച്ചത്. തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് ഇത് റിയോ ഒളിംപിക്‌സിന്റെ സംഘാടകര്‍ക്കു കൈമാറിയിരുന്നു.
യുഎന്‍ ആസ്ഥാനത്തു സംഘടിപ്പിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍, അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്ക് എന്നിവരടക്കം പ്രമുഖര്‍ പങ്കെടുത്തു. യുഎന്നും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും തമ്മിലുള്ള സൗഹൃദത്തെയാണ് ദീപം സൂചിപ്പിക്കുന്നതെന്ന് ബാന്‍ കിമൂണ്‍ പറഞ്ഞു.
അത്‌ലറ്റുകളുടെയും ആരാധകരുടെയും ഹൃദയങ്ങിലെ ജ്വലിക്കുന്ന ആവേശത്തിന്റെ ദീപമാണിത്. ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഒത്തൊരുമയുടെ പ്രതീകം കൂടിയാണ് ഈ ദീപം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഹിഷ്ണുത, ഏകത്വം, സമാധാനം എന്നിവയുടെ കാര്യത്തില്‍ ഒരേ തത്ത്വമാണ് യുഎ ന്നും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും പിന്തുടരുന്നതെന്ന് മേധാവി ബാക്ക് അഭിപ്രായപ്പെട്ടു. സഹിഷ്ണുതയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് ഈ ഒളിംപിക്‌സ് മുതല്‍ അഭയാര്‍ഥികള്‍ക്കു മാത്രമായി ഒരു ടീമിനെ (റെഫ്യൂജി ഒളിംപിക് ടീം) ഉള്‍പ്പെടുത്താന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
യുഎന്‍ ആസ്ഥാനത്തു നിന്ന് അടുത്തതായി ലോസെന്ന യിലെ ഒളിംപിക് മ്യൂസിയത്തിലേക്കാണ് ഒളിംപിക് ദീപം ഇനി യാത്ര ചെയ്യുക. ഇവിടെ നിന്ന് ദീപം ബ്രസീലിലെത്തും.
Next Story

RELATED STORIES

Share it