Sports

റിയോ ഒളിംപിക്‌സ് അംബാസഡര്‍ സ്ഥാനത്തേക്കുള്ള ക്ഷണം: സചിന്റെയും റഹ്മാന്റെയും മറുപടി കാത്ത് ഐഒഎ

ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കാനിരിക്കുന്ന റിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ ടീമിന്റെ ഗുഡ്‌വില്‍ അംബാസഡറാവാന്‍ ആവശ്യപ്പെട്ട് ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറിനെയും സംഗീത സംവിധായകന്‍ എആര്‍ റഹ്മാനെയും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) സമീപിച്ചു.
എന്നാല്‍, സചിനും റഹ്മാനും ഇക്കാര്യത്തില്‍ അനുകൂലമായ മറുപടി പറഞ്ഞിട്ടില്ലെന്നും ഐഒഎ വൈസ് പ്രസിഡന്റ് ടര്‍ലോചന്‍ സിങ് പറഞ്ഞു. ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ അംബാസഡര്‍ സ്ഥാനത്തു തന്നെ തുടരുമെന്നും കൂടുതല്‍ പേരെ അംബാസഡര്‍മാരായി കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അംബാസഡറാവാനുള്ള ഐഒഎയുടെ ക്ഷണം സ്വീകരിക്കുന്നതായി ഷൂട്ടിങ് ഇന്ത്യയുടെ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവായ അഭിനവ് ബിന്ദ്ര അറിയിച്ചു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. നേരത്തെ സചിന്‍, റഹ്മാന്‍ എന്നിവര്‍ക്കൊപ്പം ബിന്ദ്രയെയും അംബാസഡര്‍ സ്ഥാനത്തേക്ക് ഐഒഎ ക്ഷണിച്ചിരുന്നു.
എന്നാല്‍, ജൂലൈ 15ന് ശേഷം മാത്രമേ അംബാസഡറായി തന്റെ സേവനം ലഭിക്കുകയുള്ളൂവെന്നും ബിന്ദ്ര ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. റിയോ ഒളിംപിക്‌സില്‍ ഷൂട്ടിങില്‍ ഇന്ത്യക്കു വേണ്ടി മല്‍സരിക്കുന്നതാണ് ഇതിനുള്ള കാരണമായി താരം ചൂണ്ടിക്കാട്ടുന്നത്.
Next Story

RELATED STORIES

Share it