Sports

റിയോയില്‍ ജ്വാലയ്‌ക്കൊപ്പം മെഡല്‍ നേടുമെന്ന് അശ്വിനി

ബംഗളുരു: റിയോ ഒളിംപിക്‌സ് വനിതാ ബാഡ്മിന്റണില്‍ ഇന്ത്യക്ക് ഒരു മെഡല്‍ ഉറപ്പാണെന്ന് ഡബിള്‍സ് സ്‌പെഷ്യലിസ്റ്റ് അശ്വിനി പൊന്നപ്പ പറഞ്ഞു. തന്റെ ഡബിള്‍സ് പങ്കാളിയായ ജ്വാല ഗുട്ടയ്‌ക്കൊപ്പം ഒളിംപിക്‌സ് മെഡല്‍ ചൂടാനാവുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി താരം വ്യക്തമാക്കി.
ലോക ഡബിള്‍സ് റാങ്കിങില്‍ നിലവില്‍ 14ാം സ്ഥാനത്താണ് ജ്വാല-അശ്വിനി സഖ്യം.
ഒളിംപിക്‌സ് മെഡലെന്ന സ്വപ്‌നം ഇതുവരെ പൂവണിഞ്ഞിട്ടില്ലെങ്കിലും മറ്റു അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കു മെഡല്‍ സമ്മാനിക്കാന്‍ ഇവര്‍ക്കായിട്ടുണ്ട്. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡ ല്‍ നേടി ചരിത്രം കുറിച്ച ജ്വാല- അശ്വിനി ജോടി 2011ലെ ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലവും 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും ഇന്ത്യക്കു നേടിത്തന്നു.
ബാഡ്മിന്റണില്‍ ഏഴു താരങ്ങളാണ് റിയോ ഒളിംപിക്‌സില്‍ ഇന്ത്യക്കായി കോര്‍ട്ടിലിറങ്ങുന്നത്. 2010ലെ ലണ്ടന്‍ ഒളിംപിക്‌സിനേക്കാള്‍ അഞ്ചു പേര്‍ കൂടുതലാണിത്.
ഒളിംപിക്‌സിനുള്ള തയ്യാറെടുപ്പുകള്‍ മികച്ച രീതിയിലാണ് മുന്നോട്ടുപോവുന്നതെന്ന് അശ്വിനി പറഞ്ഞു. ഞാനും ജ്വാലയും കഠിനമായി പരിശീലനം നടത്തുന്നുണ്ട്. ഒളിംപിക്‌സിലെ ഏതു വെല്ലുവിളിയും നേരിടാനുള്ള കരുത്ത് ഞങ്ങള്‍ നേടിക്കഴിഞ്ഞു.
നല്ല തയ്യാറെടുപ്പുണ്ടെങ്കില്‍ മാത്രമേ ഒളിംപിക്‌സ് പോലൊരു വലിയ വേദിയില്‍ പിടിച്ചുനില്‍ക്കാനാവുകയുള്ളൂ. കാര്യങ്ങള്‍ അനുകൂലമായി വരുകയാണെങ്കില്‍ ഞാനും ജ്വാലയും ഒളിംപിക്‌സ് മെഡല്‍ കഴുത്തിലണിഞ്ഞ് രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തും- അശ്വിനി വിശദമാക്കി.
ജ്വാല-അശ്വിനി ജോടിയുടെ രണ്ടാം ഒളിംപിക്‌സാണ് റിയോയിലേത്. 2012ലെ ലണ്ടന്‍ ഒളിംപിക്‌സിലെ അനുഭവസമ്പത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ തങ്ങളെ സഹായിക്കുമെന്ന് അശ്വിനി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
ഒരു തവണയെങ്കിലും ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞാല്‍ അതു തൊട്ടടുത്ത ഒളിംപിക്‌സില്‍ അത്‌ലറ്റിനു തുണയാവും. ലണ്ടന്‍ ഒളിംപിക്‌സില്‍ മല്‍സരിച്ചതിനാല്‍ ഇത്തവണ ഏതു രീതിയിലുള്ള വെല്ലുവിളികളാണ് ഉണ്ടാവുകയെന്ന് അറിയാം- താരം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it