kasaragod local

റിയാസ് മൗലവി വധകേസില്‍ പോലിസ് ന്യൂനപക്ഷ കമ്മീഷന് നല്‍കിയ റിപോര്‍ട്ടിനെതിരേ വ്യാപക പ്രതിഷേധം



കാസര്‍കോട്: കഴിഞ്ഞ മാര്‍ച്ച് 21ന് പഴയ ചൂരി ജുമാമസ്ജിദിന് അകത്ത് കയറി മദ്‌റസാ അധ്യാപകന്‍ റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്ന കേസില്‍ പോലിസ് ന്യൂനപക്ഷ കമ്മീഷന് നല്‍കിയ റിപോര്‍ട്ടിനെതിരെ വ്യാപക പ്രതിഷേധം. കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ ആരംഭിക്കുന്നതിനായി കോടതി പരിഗണിക്കുന്ന സമയത്ത് കുറ്റപത്രത്തില്‍ പറഞ്ഞതിന് വിരുദ്ധമായി പ്രതികള്‍ മദ്യത്തിന്റെയും മയക്ക് മരുന്നിന്റെയും ലഹരിയിലാണ് കൊലപാതകം നടത്തിയതെന്നാണ്് പോലിസ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് നല്‍കിയ റിപോര്‍ട്ട്. ബുധനാഴ്ച കാസര്‍കോട് കലക്്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ കേസിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതിക്ക് മറുപടിയായാണ് പോലിസ് ഇക്കാര്യം അറിയിച്ചത്. കോടതിയുടെ പരിഗണനയിലുള്ള ഏറ്റവും പ്രമാദമായ ഒരു കേസില്‍ ഇടപ്പെട്ട് അഭിപ്രായം പറഞ്ഞ ന്യൂനപക്ഷ കമ്മീഷന്‍ അംഗത്തിന്റെ നിലപാടും പരിശോധിക്കേണ്ടതാണെന്ന് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കുടുംബത്തിന് സര്‍ക്കാരില്‍ നിന്ന് സാമ്പത്തികസഹായം ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്്‌ലിംലീഗ് ജില്ലാ സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി നല്‍കിയ പരാതി കമ്മീഷന്റെ പൂര്‍ണ യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് സിറ്റിങില്‍ അറിയിച്ചിരുന്നു. റിയാസ് മൗലവി വധക്കേസില്‍ ഗുഢാലോചന ഇല്ലെന്ന് കമ്മീഷന് പോലിസ് നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കി. പ്രതികള്‍ മദ്യം, മയക്കുമരുന്ന് ലഹരിയിലാണ് കൊലപാതകം നടത്തിയതെന്നും മറ്റു ഗൂഢാലോചനയൊന്നും ഇല്ലെന്നും റിപോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന പരാതി കമ്മീഷന്‍ അവസാനിപ്പിച്ചതായും കമ്മീഷന്‍ അംഗം അഡ്വ.മുഹമ്മദ് ഫൈസല്‍ അറിയിച്ചിരുന്നു. റിയാസ് മൗലവിയെ പള്ളിക്കകത്ത് കയറി കൊലപ്പെടുത്തിയതിന്റെ പിന്നിലെ ബിജെപി, സംഘ്പരിവാര്‍ നേതാക്കളുടെ ഗുഢാലോചന തിരിച്ചറിയാന്‍ മഷിയിട്ട് നോക്കേണ്ട ആവശ്യമില്ലെന്നും പോലിസ് റിപോര്‍ട്ടില്‍ തന്നെ പ്രതികള്‍ ആര്‍എസ്എസ്-സംഘ്പരിവാര്‍ പ്രവര്‍ത്തകരാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മുസ്്‌ലിം യൂത്ത് ലീഗ് ആരോപിച്ചു. നാട്ടില്‍ കലാപം ഉണ്ടാക്കുന്നതിന് വേണ്ടി ഗൂഢാലോചന നടത്തിയാണ് റിയാസ് മൗലവിയെ പള്ളിക്കകത്ത്  കയറി സംഘ് പരിവാര്‍ ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയതെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കിന് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ കേസിലെ ബിജെപി, സംഘ് പരിവാര്‍ നേതാക്കളുടെ ഗൂഢാലോചന അന്വേഷിച്ച് പുറത്ത് കൊണ്ട് വരണമെന്നും പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നും യൂത്ത് ലീഗ് നേതാക്കളായ അഷ്‌റഫ് എടനീര്‍, ടി ഡി കബീര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. റിയാസ് മൗലവി വധക്കേസില്‍ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട ഹരജി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ തള്ളിയതിനെ ആഘോഷമാക്കുന്ന ബിജെപി ജനങ്ങളെ വിഢികളാക്കാനാണ് ശ്രമിക്കുന്നതെന്ന് മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ അഭിപ്രായപ്പെട്ടു.പരാതിക്കാര്‍ക്ക് നോട്ടീസ് പോലും നല്‍കാതെ സംസ്ഥാന ക്രൈംബ്രാഞ്ചും പോലിസും നല്‍കിയ റിപോര്‍ട്ട് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. റിപോര്‍ട്ട് അടിസ്ഥാനപ്പെടുത്തി ഗുഢാലോചന നടന്നിട്ടില്ലെന്ന് കണ്ടെത്തിയ ന്യൂനപക്ഷ കമ്മീഷന്റെ നിലപാടും സംശയാസ്പദമാമാണെന്ന് ഖമറുദ്ദീന്‍ പറഞ്ഞു. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് സംബന്ധിച്ച് പോലിസ് വിഭാഗം ന്യൂനപക്ഷ കമ്മീഷന്‍ മുമ്പാകെ സമര്‍പിച്ച റിപോര്‍ട്ട് അവാസ്തവവും അനുചിതവുമാണ്. റിയാസ് മൗലവി വധത്തിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ നീതിയുടെ എല്ലാ വഴിയും പാര്‍ട്ടി കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it