റിയാസ് മൗലവി വധം: 9 സാക്ഷികളെ കൂടി ഉള്‍പ്പെടുത്തണമെന്ന്

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: പ്രമാദമായ റിയാസ് മൗലവി വധക്കേസില്‍ ഒമ്പതു സാക്ഷികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ അശോകന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി.
കേളുഗുഡ്ഡെയിലെ അജിത് കുമാര്‍, സന്നകൂഡ്‌ലുവിലെ കെ അമല്‍, ബന്തിയോട് മുട്ടം ഗേറ്റിലെ സന്തോഷ്, കേളുഗുഡ്ഡെയിലെ ബി കെ പവന്‍ കുമാര്‍, കാസര്‍കോട് ജൂനിയര്‍ എസ്‌ഐയായിരുന്ന രാജേഷ് പെറുവത്ത് പീടികയില്‍, കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നഴ്‌സിങ് അസി. കെ രാമകൃഷ്ണന്‍, ജനറല്‍ ആശുപത്രിയിലെ ഡോ. ഫാത്തിമ റൂബിയ, സീനിയര്‍ ക്ലാര്‍ക്ക് കെ രഘുനാഥന്‍, മടിക്കേരി തഹസില്‍ദാര്‍ കുസുമം എന്നിവരെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി ഫയല്‍ ചെയ്തത്. ഇതിലും കേസ് വിചാരണ തിയ്യതി ആരംഭിക്കുന്നതിലും ഈ മാസം 31ന് കോടതി തീരുമാനം എടുക്കും. കഴിഞ്ഞ 8ന് വിചാരണ ആരംഭിച്ചിരുന്നു. നാലു സാക്ഷികളെ വിസ്തരിച്ചു. ഇതിനിടെ ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജി എം ജെ കിണിയുടെ സഹോദരന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് അവധിയിലായിരുന്നു. ഇതോടെ വിചാരണ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഈ മാസം 31ന് വിചാരണ തിയ്യതി കോടതി തീരുമാനിക്കും. മറ്റു സാക്ഷികളെ ഉള്‍പ്പെടുത്തുന്ന കാര്യം കൂടി കോടതി പരിഗണിക്കും. കര്‍ണാടക കുടക് സ്വദേശിയും പഴയചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിലെ മുഅദ്ദിനുമായിരുന്ന റിയാസ് മൗലവിയെ 2017 മാര്‍ച്ച് 21ന് പുലര്‍ച്ചെയാണ് ചൂരി ജുമാമസ്ജിദിലെ താമസസ്ഥലത്ത് കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു (20), നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. കാസര്‍കോട് പോലിസ് രജിസ്റ്റര്‍ ചെയ്ത 210/2017 കേസില്‍ ഐപിസി 450, 302, ആര്‍/ഡബ്ല്യൂ 34 ഐപിസി എന്നീ വകുപ്പുകളാണ് ചേര്‍ത്തിട്ടുള്ളത്. പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ഇപ്പോഴത്തെ കാസര്‍കോട് എസ്പി ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. കേസില്‍ 90 ദിവസത്തിനു മുമ്പ് 1000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തളിപ്പറമ്പ് സിഐയും ഇപ്പോള്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിയുമായ പി കെ സുധാകരനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ നേരത്തേ തള്ളിയിരുന്നു. ഒന്നാം സാക്ഷി ഹാഷിം പ്രതികളെ കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു. രണ്ടാം സാക്ഷി പള്ളിയിലെ ഖത്തീബ് അബ്ദുല്‍ അസീസ് ദാരിമിയും പ്രതികളെ തിരിച്ചറിഞ്ഞിരുന്നു.
Next Story

RELATED STORIES

Share it