kasaragod local

റിയാസ് മൗലവി വധം : സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി



കാസര്‍കോട്:  പഴയചൂരി ഇസ്സത്തുല്‍ ഇസ്്‌ലാം മദ്‌റസാധ്യാപകന്‍ കുടക് എരുമാട് സ്വദേശി കെ എസ് മുഹമ്മദ് റിയാസ് മൗലവി(29)യെ പള്ളിയിലെ കിടപ്പുമുറിയില്‍ കഴുത്തറുത്ത് കൊന്ന കേസിന്റെ വിചാരണക്ക് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. പഴയചൂരി മുഹ്‌യുദ്ദീന്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എം അശോകനെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ച് ഉത്തരവിറക്കിയത്. ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി ഒപ്പിട്ട ഉത്തരവിന്റെ കോപ്പി ജമാഅത്ത് ഭാരവാഹികള്‍ക്ക് ലഭിച്ചു. കഴിഞ്ഞ മാര്‍ച്ച് 21ന് പുലര്‍ച്ചെയാണ് റിയാസ് മൗലവിയെ പള്ളിയിലെ കിടപ്പുമുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ കേളുഗുഡ്ഡെ അയ്യപ്പനഗറിലെ എസ് അജേഷ് എന്ന അപ്പു(20), കേളുഗുഡ്ഡെ മാത്തയിലെ നിധിന്‍(19), കേളുഗുഡ്ഡെ ഗംഗെയിലെ അഖിലേഷ്(24) എന്നിവരെ പ്രത്യേക അന്വേഷണ സംഘത്തലവന്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ ഇപ്പോള്‍ റിമാന്റിലാണ്. അതിനിടെ കേസില്‍ 153 എ വകുപ്പ് ചാര്‍ത്തിയത് വിചാരണ ദീര്‍ഘിക്കുമെന്ന ആശങ്ക ഉടലെടുത്തിട്ടുണ്ട്. ഈ വകുപ്പില്‍ കേസില്‍ വിചാരണ നടത്തണമെങ്കില്‍ സര്‍ക്കാറിന്റെ മുന്‍കൂട്ടി അനുമതി ആവശ്യമുണ്ട്. ഇതിന്റെ അനുമതി ഇന്ന് ലഭിക്കുമെന്നാണ് വിവരം. കേസില്‍ റിമാന്റിലുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കണമെങ്കില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ട്. അതിനിടെ പ്രതികളെ കസ്റ്റോഡിയല്‍ വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും ചില സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.  പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് മുമ്പ് കസ്റ്റോഡിയല്‍ വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്യും. പ്രത്യേക അതിവേഗ കോടതിയില്‍ വിചാരണ നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it