kasaragod local

റിയാസ് മൗലവി വധം; വിചാരണ നീളും

റിയാസ് മൗലവി വധം; വിചാരണ നീളും
X


കാസര്‍കോട്: ചൂരി ഇസ്സത്തുല്‍ ഇസ്്‌ലാം മദ്‌റസാധ്യാപകന്‍ റിയാസ് മൗലവിയെ പള്ളിയിലെ കിടപ്പുമുറിയില്‍ കഴുത്തറുത്ത് കൊന്ന കേസില്‍ ഈമ ാസം അവസാനത്തോടെ കുറ്റപത്രം സമര്‍പ്പിക്കും. എന്നാല്‍, കേസിന്റെ വിചാരണ നീളാനാണ് സാധ്യതയെന്നു നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ മാര്‍ച്ച് 21ന് പുലര്‍ച്ചെയാണ് റിയാസ് മൗലവി പള്ളിയിലെ കിടപ്പുമുറിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടത്. കേസില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണക്ക് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ചൂരി ജമാഅത്ത് കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍, ഇതില്‍ നടപടിയായിട്ടില്ല. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎമ്മുകാരായ പ്രതികള്‍ക്ക് വേണ്ടി വാദിച്ച അഡ്വ. അശോകനെയാണ് ജമാഅത്ത് കമ്മിറ്റി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന് ശേഷം കണ്ണൂര്‍ മേഖലാ ഐജിയുടെ ഓഫിസില്‍ നിന്നും ഇതുസംബന്ധിച്ച ശുപാര്‍ശ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ അടുത്തയാഴ്ച തന്നെ തീരുമാനമുണ്ടാകുമെന്നാണ് സൂചന. എന്നാല്‍, റിയാസ് മൗലവി വധക്കേസില്‍ പ്രത്യേക അന്വേഷണ സംഘം പ്രതികള്‍ക്കെതിരേ 153 എ വകുപ്പ് ചുമത്തിയിരുന്നു. വര്‍ഗീയ വികാരം ഇളക്കിവിടാന്‍ പ്രേരകമാകുന്ന വകുപ്പാണിത്. 153 എ വകുപ്പ് ചേര്‍ത്തതിനാല്‍ കേസിന്റെ വിചാരണയ്ക്ക് സര്‍ക്കാരിന്റെ പ്രത്യേക അനുമതി വേണം. അനുമതി ലഭിക്കാന്‍ കാലതാമസം വരുന്നതിനാല്‍ പ്രതികള്‍ക്ക് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ ജാമ്യം ലഭിക്കുമെന്നാണറിയുന്നത്. പ്രതികളെ റിമാന്‍ഡില്‍ വച്ച് വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ചില സന്നദ്ധ സംഘടനകള്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്കു മാത്രമേ ഇനി കേസില്‍ വിചാരണ ആരംഭിക്കുകയുള്ളൂ. പ്രത്യേക അതിവേഗ കോടതിയില്‍ കേസ് വിചാരണ ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it