kasaragod local

റിയാസ് മൗലവി വധം: പ്രതികളുടെ റിമാന്‍ഡ് ആഗസ്ത് 2വരെ നീട്ടി

കാസര്‍കോട്്: കര്‍ണാടക കുടക് സ്വദേശിയും പഴയചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദില്‍ മുഅദ്ദിനുമായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ റിമാന്റ് കാലാവധി ആഗസ്ത് 2വരെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നീട്ടി. ഇന്നലെ പ്രതികളെ വന്‍ സുരക്ഷാ സന്നാഹത്തോടെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസിന്റെ വിചാരണ ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്‌റ്റേ ചെയ്തതിനെ തുടര്‍ന്നാണ് റിമാന്റ് കാലാവധി നീട്ടിയത്. കേസിലെ പ്രതികള്‍ക്കെതിരെ ഭീകരപ്രവര്‍ത്തനം തടയല്‍ നിയമം (യുഎപിഎ) ചുമത്തണമെന്നാവശ്യപ്പെട്ട് ഭാര്യ കര്‍ണാടക കുടക് ജില്ല ഹൊഡബയിലെ എം ഇ സൈദ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഈ കേസില്‍ സര്‍ക്കാറില്‍ നിന്ന് വിശദീകരണം കോടതി തേടിയിരുന്നു. 2017 മാര്‍ച്ച് 21നാണ് മൗലവിയെ ചൂരി പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറിയ ആര്‍എസ്എസ് പ്രവര്‍ത്തകരായ മൂന്നുപേര്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മാര്‍ച്ച് 5ന് വിചാരണ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി കോഴിക്കോട് സ്വദേശി അഡ്വ. അശോകനെ നേരത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. പ്രതികളായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു (20), നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരുടെ റിമാന്റ് കാലാവധിയാണ് നീട്ടിയത്.
Next Story

RELATED STORIES

Share it