Flash News

റിയാസ് മൗലവി വധം : എസ് ഡിപിഐ മാര്‍ച്ച് നാളെ



കോഴിക്കോട്: മദ്‌റസ അധ്യാപകനും കാസര്‍കോട് ചൂരി ജുമുഅത്ത് പള്ളി പരിപാലകനുമായ റിയാസ് മൗലവിയെ വെട്ടിക്കൊന്ന കേസിലെ മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ നാളെ കോഴിക്കോട് ഉത്തരമേഖലാ എഡിജിപി ഓഫിസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. കൊലയ്ക്കു പിന്നില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സംഘപരിവാരത്തിന്റെ ഉന്നത നേതാക്കന്‍മാരടക്കമുള്ളവരുടെ പങ്കാളിത്തം പകല്‍പോലെ വ്യക്തമാണ്. റിയാസ് മൗലവി വധം സംസ്ഥാനത്ത് കലാപം സൃഷ്ടിക്കുന്നതിനുള്ള ആര്‍എസ്എസിന്റെ ആസൂത്രിത നീക്കമെന്നാണ് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍, കൊല നടന്ന് രണ്ടുമാസം തികയുമ്പോഴും ഡോ. ശ്രീനിവാസന്‍ ഐപിഎസിന്റെ കീഴില്‍ നടക്കുന്ന അന്വേഷണം പ്രഹസനമായി തുടരുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ഭാരവാഹികള്‍ കുറ്റപ്പെടുത്തി. വലിയ ആസൂത്രണ മികവോടെ നടത്തിയ ഈ കൊലപാതകം മദ്യത്തിന് അടിമപ്പെട്ട മൂന്നു യുവാക്കളുടെ കൈപ്പിഴയായി ചുരുക്കി സംഘപരിവാര പങ്കാളിത്തം മറച്ചുപിടിക്കാനുള്ള ശ്രമമാണു നടക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള ആദ്യ സംഭവമല്ല ഇത്. കൊടിഞ്ഞി ഫൈസല്‍ വധക്കേസിലും പ്രതികളെയും ആര്‍എസ്എസിനെയും  സഹായിക്കുന്ന നിലപാടാണ് പോലിസ് സ്വീകരിച്ചത്. പ്രക്ഷോഭം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ എസ്ഡിപിഐ തീരുമാനിച്ചു. നാളെ രാവിലെ 10.30ന് കോഴിക്കോട് സ്‌റ്റേഡിയം പരിസരത്ത് സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. തുളസീധരന്‍ പള്ളിക്കല്‍, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, പി അബ്ദുല്‍ ഹമീദ് പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍, സംഘാടകസമിതി കണ്‍വീനര്‍ പി അബ്ദുല്‍ ഹമീദ്, കാസര്‍കോട് ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുസ്സലാം, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി പങ്കെടുത്തു.
Next Story

RELATED STORIES

Share it