Flash News

റിയാസ് മൗലവി വധം : അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു



കാസര്‍കോട്: കോളിളക്കം സൃഷ്ടിച്ച റിയാസ് മൗലവി വധക്കേസില്‍ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പഴയചൂരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസാ അധ്യാപകനും കുടക് സ്വദേശിയുമായ  റിയാസ് മൗലവി(28)യെ ചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിലെ കിടപ്പുമുറിയില്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിന്റെ 1000 പേജുള്ള കുറ്റപത്രമാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ. എ ശ്രീനിവാസന്‍, തളിപ്പറമ്പ് സിഐ പി കെ സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഇന്നലെ കാസര്‍കോട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍  സമര്‍പ്പിച്ചത്.കൊലപാതകത്തിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന പരാതിയെക്കുറിച്ച് വിശദവും സമഗ്രവുമായ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് എസ്പി ഡോ. എ ശ്രീനിവാസന്‍ പറഞ്ഞു. കാസര്‍കോട്ട് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുക മാത്രമായിരുന്നു പ്രതികളുടെ ഉദ്ദേശ്യം. കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരായ കേളുഗുഡ്ഡെയിലെ എസ് നിതിന്‍ (18), എന്‍ അഖിലേഷ് (25), എസ് അജേഷ് (20) എന്നിവര്‍ മാത്രമാണ് കൊലയ്ക്കു പിന്നിലെന്നു കുറ്റപത്രത്തില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 449 (അതിക്രമിച്ചു കയറല്‍), 302 (കൊലപാതകം), 295 (ആരാധനാലയം മലിനപ്പെടുത്തല്‍), 201/ 34 (തെളിവുകള്‍ നശിപ്പിക്കല്‍) 153/എ (വര്‍ഗീയ കലാപത്തിനു ശ്രമിക്കല്‍) എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ മാര്‍ച്ച് 20നു രാത്രിയിലാണ് പഴയചൂരി പള്ളിയില്‍ കയറി മദ്‌റസാധ്യാപകനായ റിയാസ് മൗലവിയെ കഴുത്തറുത്തു കൊലപ്പെടുത്തിയത്. 23നു പ്രതികളെ അറസ്റ്റ് ചെയ്യുകയും 24ന് റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രന്‍ നായര്‍, കല്‍പറ്റ എഎസ്പി ജയ്‌ദേവ്, സിഐമാരായ പി കെ സുധാകരന്‍ (തളിപ്പറമ്പ്), അനില്‍ കുമാര്‍ (ക്രൈംബ്രാഞ്ച്) തുടങ്ങിയവരാണ് കേസ് അന്വേഷിച്ചത്. 137 പേരില്‍ നിന്നു മൊഴിയെടുത്തു. ഇതില്‍ 100 പേരെ സാക്ഷികളാക്കിയിട്ടുണ്ട്. 50 തൊണ്ടിമുതലുകളും 45 രേഖകളും കുറ്റപത്രത്തോടൊപ്പം ഹാജരാക്കി. ശാസ്ത്രീയ പരിശോധനാ റിപോര്‍ട്ടുകളും ഡിഎന്‍എ പരിശോധനാ റിപോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്. റിയാസ് മൗലവി കൊല്ലപ്പെട്ട് 89 ദിവസം പൂര്‍ത്തിയാവുന്ന ഇന്നലെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ വേണ്ടിയാണ് കുറ്റപത്രം നേരത്തേ സമര്‍പ്പിച്ചത്. അതേസമയം, പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഈ മാസം 27നു കോടതി പരിഗണിക്കും.
Next Story

RELATED STORIES

Share it