റിയാസ് മൗലവി വധം;പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കോടതിയില്‍

കാസര്‍കോട്: കര്‍ണാടക കുടക് സ്വദേശിയും പഴയചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദില്‍ മുഅദ്ദിനുമായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരേ ഭീകരപ്രവര്‍ത്തനം തടയല്‍ നിയമം (യുഎപിഎ) ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കര്‍ണാടക കുടക് ജില്ല ഹൊഡബയിലെ എം ഇ സൈദ (22) അഡ്വ. സി ഷുക്കൂര്‍ മുഖേന ജില്ലാ സെഷന്‍സ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു.
2017 മാര്‍ച്ച് 21നാണ് മൗലവിയെ ചൂരി പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറിയ ആര്‍എസ്എസ് പ്രവര്‍ത്തകരായ മൂന്നു പേര്‍ കഴുത്തറുത്തു കൊലപ്പെടുത്തിയത്. കേസിലെ പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഈ കേസില്‍ മാര്‍ച്ച് 5നു വിചാരണ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി കോഴിക്കോട് സ്വദേശി അഡ്വ. അശോകനെ നേരത്തേ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രതികള്‍ക്കെതിരേ കൊലപാതകത്തിനു മാത്രമാണ് കേസെടുത്തിട്ടുള്ളത്. എന്നാല്‍, സാമുദായിക കലാപം ഇളക്കിവിടാനാണ് നീക്കം നടത്തിയതെന്നാണ് ഹരജിയില്‍ ആരോപിക്കുന്നത്.
ഹരജി ഫയലില്‍ സ്വീകരിച്ച കോടതി നാളെ പരിഗണിക്കും. കണ്ണൂര്‍ ക്രൈംബ്രാഞ്ച് പോലിസ് സൂപ്രണ്ട്, കാസര്‍കോട് സിഐ, അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ് സിഐ സുധാകരന്‍, സംസ്ഥാന ആഭ്യന്തര സെക്രട്ടറി, പ്രതികളായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു , നിതിന്‍ , കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരെയാണ് എതിര്‍കക്ഷികളായി ചേര്‍ത്തിട്ടുള്ളത്.
Next Story

RELATED STORIES

Share it