Flash News

റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം : രാജീവിന്റെ വീട്ടില്‍ അഡ്വ. ഉദയഭാനു എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്



തൃശൂര്‍: പരിയാരത്ത് കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ വീട്ടില്‍ അഡ്വ. സി പി ഉദയഭാനു നിത്യസന്ദര്‍ശകനായിരുന്നെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. പോലിസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് പുറത്തായിട്ടുള്ളത്. രാജീവിന്റെ വീട്ടില്‍ ഉദയഭാനു നിത്യസന്ദര്‍ശകനായിരുന്നുവെന്ന് തെളിയിക്കാന്‍ രാജീവിന്റെ കുടുംബാംഗങ്ങള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പോലിസിനു കൈമാറിയത്. അഭിഭാഷകന്റെ ഹരജിക്കാരനായിരുന്നു രാജീവ്. ഹരജിക്കാരന്റെ വീട്ടില്‍ അഭിഭാഷകന്‍ നിത്യവും വരുന്നത് വെറും സൗഹൃദമല്ലെന്ന് തെളിയിക്കാനാണ് പോലിസിന്റെ ശ്രമം. രാജീവിന്റെ വീട്ടില്‍ അഭിഭാഷകന്‍ ഇരിക്കുന്നതും ചില രേഖകള്‍ തയ്യാറാക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രാജീവ് കൊല്ലപ്പെട്ടതിനു പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിലെ വൈരാഗ്യമാണെന്നാണ് പോലിസിന്റെ നിഗമനം. അഭിഭാഷകന്റെ പേരില്‍ കരാറെഴുതിയ ഭൂമിയിടപാടിന്റെ രേഖകളും പോലിസ് കണ്ടെത്തി.അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് രാജീവിനെ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കിയതെന്നു പ്രതികള്‍ നേരത്തേ മൊഴിനല്‍കിയിരുന്നു. കൊലയ്ക്കു പിന്നിലെ ഗൂഢാലോചന തെളിയിക്കാന്‍ അന്വേഷണം തുടരുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിനാല്‍ 16ാം തിയ്യതി വരെ അഭിഭാഷകനെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. രാജീവ് കൊലക്കേസില്‍ ഇതുവരെ ആറു പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് തിങ്കളാഴ്ച നടക്കും. കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോണിയുള്‍പ്പെടെ ഉള്ളവരെയാണ് തിരിച്ചറിയല്‍ പരേഡിനു വിധേയമാക്കുക. ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ്. അതേസമയം, കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത അങ്കമാലി സ്വദേശി സന്തോഷിനെ വിട്ടയച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എസ് ഷംസുദ്ദീന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Next Story

RELATED STORIES

Share it