Flash News

റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊല; നാലുപേര്‍ കസ്റ്റഡിയില്‍



ചാലക്കുടി: പരിയാരത്ത് റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ അങ്കമാലി നായത്തോട് വീരന്‍പറമ്പില്‍ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ നാലുപേരെ പിടികൂടിയതായി റൂറല്‍ എസ്പി യതീഷ് ചന്ദ്ര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേസില്‍ രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്നും എസ്പി അറിയിച്ചു. തുടരന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ അറസ്റ്റിലായവരുടെ വിവരങ്ങള്‍ പോലിസ് വെളിപ്പെടുത്തിയിട്ടില്ല. മുഖം മറച്ചാണ് പ്രതികളെ ഡിവൈഎസ്പി ഓഫിസില്‍ എത്തിച്ചത്. പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലയ്ക്കു പിന്നിലെന്നും കേസ് പ്രത്യേക സംഘം (എസ്‌ഐടി) അന്വേഷിക്കുമെന്നും എസ്പി അറിയിച്ചു. സിബിഐ ടീമില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷംസുദ്ദീന്‍, ഡിവൈഎസ്പി ഓമനക്കുട്ടന്‍, പുതുക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് പി സുധീരന്‍, സൈബര്‍ സെല്‍, ക്രൈം സ്‌ക്വാഡ് എന്നിവരടങ്ങിയതാണ് അന്വേഷണ സംഘം. അങ്കമാലി നായത്തോട് സ്വദേശി വീരന്‍പറമ്പില്‍ രാജീവി(46)നെയാണ് കഴിഞ്ഞദിവസം പരിയാരത്തിന് സമീപം തവളപ്പാറയില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാജീവിനെ തട്ടിക്കൊണ്ടുപോയശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.  കൊച്ചിയിലെ പ്രമുഖ അഭിഭാഷകന്‍ സി പി ഉദയഭാനുവില്‍ നിന്ന് വധഭീഷണിയുള്ളതായി രാജീവന്‍ നേരത്തേ ഡിജിപിക്കു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദയഭാനുവിന് എതിരേയുള്ള പരാതി അന്വേഷിച്ചുവരുകയാണ്. തെളിവുകള്‍ ശേഖരിച്ചശേഷമേ ആരെല്ലാം കേസില്‍ ഉള്‍പ്പെടുമെന്ന് പറയാനാവൂ എന്നും യതീഷ് ചന്ദ്ര പറഞ്ഞു. പരിയാരത്ത് തോട്ടം പാട്ടത്തിനെടുത്ത് കൃഷി നടത്തിവരുകയായിരുന്നു രാജീവന്‍. പാട്ടത്തിനെടുത്ത തോട്ടത്തിലേക്കുള്ള വഴിയില്‍ നിന്ന് ഇയാളുടെ സ്‌കൂട്ടറും കുടയും മൂന്നു പേരുടെ ചെരിപ്പുകളും പ്രതിയുടേതെന്നു സംശയിക്കുന്ന മൊബൈല്‍ ഫോണും കണ്ടെത്തി. സ്ഥലത്തു ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ ഭാഗത്തു വച്ച് രാജീവനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം എസ്ഡി കോണ്‍വെന്റിന്റെ ഒഴിഞ്ഞുകിടന്ന കെട്ടിടത്തില്‍ മൃതദേഹം ഒളിപ്പിച്ചതായാണു പോലിസിന്റെ പ്രാഥമിക നിഗമനം.
Next Story

RELATED STORIES

Share it