kannur local

റിയല്‍ എസ്റ്റേറ്റിന്റെ മറവില്‍ കോടിയോളം രൂപയുടെ തട്ടിപ്പ്; അധ്യാപിക അറസ്റ്റില്‍



വളപട്ടണം: വിവിധ കേസുകളിലായി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ അധ്യാപികയെ വളപട്ടണം പോലിസ് അറസ്റ്റ് ചെയ്തു. നാറാത്ത് സ്വദേശിനിയും ഇപ്പോള്‍ കണ്ണൂര്‍ ബല്ലാഡ് റോഡില്‍ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന ജ്യോതി എന്ന കെ എന്‍ ജ്യോതി ലക്ഷ്മി(47)യെയാണ് ഇന്നലെ രാവിലെ വളപട്ടണം എസ്‌ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. അഴീക്കോട് സ്വദേശിയും മുന്‍ പ്രവാസിയുമായ മുകുന്ദന്റെ പരാതിയിലാണ് അറസ്റ്റ്. 1995ല്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ച ജ്യോതിലക്ഷ്മി പിന്നീട് റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തിലേക്ക് തിരിയുകയായിരുന്നു. പല പ്രദേശങ്ങളില്‍ സ്ഥലം വാങ്ങി മറിച്ചു വിറ്റാണ് തട്ടിപ്പ്  നടത്തിയത്.   2014-15 കാലത്ത് മുകുന്ദന് സ്ഥലം വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു പരാതി. തളിപ്പറമ്പ് പൂവ്വത്തെ സാലി ടോമി എന്നയാളുടെ ഒന്നര ഏക്കര്‍ ഭൂമി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പലഘട്ടങ്ങളിലായി പണം കൈപ്പറ്റിയെങ്കിലും സ്ഥലം വില്‍പ്പന നടത്തി കൊടുക്കുകയോ പണം തിരിച്ചു നല്‍കുകയോ ചെയ്തില്ലെന്നാണു പരാതി. തളിപ്പറമ്പ്, കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനുകളിലും ഇവര്‍ക്കെതിരേ സമാനമായ പരാതികള്‍ ലഭിച്ചിരുന്നു.    ഇതിനുപുറമെ കണ്ണൂര്‍ ടൗണിലെ ടാക്‌സി ഡ്രൈവര്‍ അയ്യൂബിന് കാര്‍ വാടകയിനത്തില്‍ നാലു ലക്ഷം രൂപയോളം നല്‍കാനുണ്ടെന്നും പരാതിയുമുണ്ട്. ഇടയ്ക്കിടെ കോയമ്പത്തൂര്‍, ചെന്നൈ, വെല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിനോദയാത്ര നടത്തുന്ന ഇവര്‍ കണ്ണൂര്‍ ടൗണിലെ ടാക്‌സിയാണ് ഉപയോഗിച്ചിരുന്നത്.വാടക ഇനത്തില്‍ ചെക്ക് നല്‍കാറുണ്ടെങ്കിലും അക്കൗണ്ടില്‍ പണമില്ലാതെ മടങ്ങിയതോടെയാണ് പരാതി നല്‍കിയത്. കതിരൂര്‍ സ്വദേശിനിയായ കുഞ്ഞികൃഷ്ണനില്‍ നിന്നു സ്ഥലം വാങ്ങിത്തരാമെന്ന് പറഞ്ഞ് 20 ലക്ഷം രൂപ ജ്യോതി വാങ്ങിയിരുന്നു. മകളുടെ വിവാഹത്തിന് പണം തിരിച്ചു നല്‍കാന്‍ കുഞ്ഞികൃഷ്ണന്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതില്‍ മനം നൊന്ത് ഒരാഴ്ച മുമ്പ് കണ്ണൂരിലെ ഒരു ലോഡ്ജ് മുറിയില്‍ കുഞ്ഞികൃഷ്ണന്‍ ആത്മഹത്യ ചെയ്തിരുന്നു. തളിപ്പറമ്പ് ടാഗൂര്‍ വിദ്യാനികേതന് സമീപമാണ് വിവാഹം കഴിച്ചത്.ഭര്‍ത്താവുമായി വേറിട്ട് താമസിക്കുകയാണ് ജ്യോതിലക്ഷ്മി. രണ്ടു മക്കളില്‍ ഒരാള്‍ മംഗളൂരുവില്‍ മെഡിസിനും മറ്റൊരാള്‍ എന്‍ജിനീയറിങിനും പഠിക്കുകയാണ്.  പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. തളിപ്പറമ്പ്, കണ്ണൂര്‍ ടൗണ്‍, വളപട്ടണം സ്‌റ്റേഷന്‍ പരിധികളിലെ തട്ടിപ്പുകേസുകളില്‍ ജ്യോതിക്കെതിരേ വാറണ്ട് നിലവിലുണ്ട്.
Next Story

RELATED STORIES

Share it