റിമാന്‍ഡിലിരിക്കേ യുവാവ് മരിച്ചു; മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

കൊച്ചി: റിമാന്‍ഡില്‍ കഴിയവേ ആശുപത്രിയില്‍ മരിച്ച യുവാവിന്റെ മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. എളമക്കര താന്നിക്കല്‍ പ്ലാശ്ശേരിപ്പറമ്പ് വേണുവിന്റെ മകന്‍ വിനീഷ്(32) ആണ് ഞായറാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മരിച്ചത്.
മരണത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം. ഇന്നലെ ഉച്ചയ്ക്ക് 1.45നാണ് വിനീഷിന്റെ മൃതദേഹം തൃശൂരില്‍ നിന്നും ആംബുലന്‍സില്‍ താന്നിക്കലില്‍ എത്തിച്ചത്. ജങ്ഷനില്‍ ഇതിനോടകം നാട്ടുകാര്‍ ഉപരോധം ആരംഭിച്ചിരുന്നു. പോലിസിനെതിരേ മുദ്രാവാക്യം മുഴക്കിയ നാട്ടുകാര്‍ കലക്ടര്‍ നേരിട്ടെത്തി തങ്ങളുടെ പരാതി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു.
കലക്ടറുടെ നിര്‍ദേശപ്രകാരം സ്ഥലത്തെത്തിയ എഡിഎം സി ലതികയുമായി സിപിഎം ജില്ലാ കമ്മിറ്റിയംഗം അഡ്വ. എം അനില്‍കുമാര്‍, കുഡുംബി സേവാ സംഘം സംസ്ഥാന പ്രസിഡന്റ് കെ വി ഭാസ്‌കരന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ കെ മോഹന്‍ദാസ് എന്നിവര്‍ ചര്‍ച്ച നടത്തി. ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ എസ് സുഹാസ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും വിനീഷിന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്നും ഉറപ്പു നല്‍കിയതോടെയാണ് മൂന്നു മണിക്കൂര്‍ നീണ്ട സമരം അവസാനിച്ചത്.
സരോജിനിയാണ് മരിച്ച വിനീഷിന്റെ മാതാവ്. സഹോദരന്‍: വിനോദ്. ഈ മാസം 11 നാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന കേസില്‍ എളമക്കര പോലിസ് വിനീഷിനെ അറസ്റ്റ് ചെയ്തത്. ആലുവ സബ്ജയിലില്‍ വച്ച് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it