റിബലുകളെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് കെപിസിസി



തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അച്ചടക്കനടപടിക്ക് വിധേയരായവരെ ഒരുകാരണവശാലും പാര്‍ട്ടിയുടെയോ യുഡിഎഫിന്റെയോ പൊതുവേദികളിലോ മീറ്റിങുകളിലോ മറ്റു പരിപാടികളിലോ പങ്കെടുപ്പിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നിര്‍ദേശം നല്‍കി.
പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള കമ്മിറ്റികള്‍ക്കാണു നിര്‍ദേശം നല്‍കിയത്. അച്ചടക്കനടപടികള്‍ക്കു വിധേയരായി റിബലുകളായി മല്‍സരിക്കുന്നവര്‍ പാര്‍ട്ടിയുടേയോ മുന്നണിയുടേയോ പേരില്‍ വോട്ടര്‍മാരെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അതാതു പാര്‍ട്ടി കമ്മിറ്റികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും സുധീരന്‍ സര്‍ക്കുലറില്‍ പറഞ്ഞു.
അതേസമയം, റിബലുകള്‍ക്കെതിരായ നടപടി കോണ്‍ഗ്രസ്സില്‍ തുടരുന്നു. തിരുവനന്തപുരം കോര്‍പറേഷനില്‍ ഇന്നലെ മൂന്നു വിമതരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. 24 മണിക്കൂറിനുള്ളില്‍ മല്‍സരത്തില്‍ നിന്നു പിന്‍മാറണമെന്ന തിരുവനന്തപുരം ഡിസിസിയുടെ അന്ത്യശാസനം ലംഘിച്ച സാഹചര്യത്തിലാണ് നടപടി.
കോര്‍പറേഷനില്‍ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരേ മല്‍സരിക്കുന്ന സുരേഷ് (കുന്നുകുഴി), സുധീര്‍ഖാന്‍ (വിഴിഞ്ഞം), മണ്ണാമ്മൂല രാജേഷ് (പേരൂര്‍ക്കട) എന്നിവരെയാണ് കോണ്‍ഗ്രസ്സിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നു നീക്കംചെയ്തതായി ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള അറിയിച്ചത്.
വിമതരായി മല്‍സരിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍നിന്നും പിന്മാറാന്‍ സുധീരന്‍ കഴിഞ്ഞദിവസം അന്ത്യശാസനം നല്‍കിയിരുന്നു. വിവിധ ജില്ലകളില്‍ ഇതിനോടകം അമ്പതോളം റിബലുകളാണ് പാര്‍ട്ടിക്ക് പുറത്തായത്.
Next Story

RELATED STORIES

Share it