kasaragod local

റിബലിന് വിജയം; തൃക്കരിപ്പൂര്‍ ലീഗില്‍ വിഭാഗീയത

തൃക്കരിപ്പൂര്‍: ജില്ലാ ലീഗ് നേതാവിന്റെ വാര്‍ഡില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മല്‍സരിച്ച റിബല്‍ സ്ഥാനാര്‍ഥി വിജയിച്ചത് പാര്‍ട്ടിയില്‍ കലാപത്തിന് വഴിവെച്ചു. ജില്ലാ ലീഗ് ജോയിന്റ് സെക്രട്ടറി എ ജി സി ബഷീറിന്റെ തട്ടകമായ ആയിറ്റി— ഒന്നാംവാര്‍ഡിലാണ് റിബല്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ച വി അനീസ 301 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചത്.
ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി ഉമ്മുകുല്‍സുവമാണ് ഇവിടെ പരാജയപ്പെട്ടത്. വാര്‍ഡ് ലീഗ് കമ്മിറ്റി ഒന്നടങ്കം അനീസയെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവങ്കിലും പഞ്ചായത്ത് കമ്മിറ്റിയിലെ ചില നേതാക്കള്‍ ഇടപെട്ടാണ് ഉമ്മുകുല്‍സുവിനെ സ്ഥാനാര്‍ഥിയാക്കിയത്.
ഇതേ തുടര്‍ന്ന് എസ്ടിയു ജില്ലാ ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ ആയിറ്റി, ലീഗ് പ്രവര്‍ത്തകന്‍ വി പി റഷീദ് ഹാജി എന്നിവരെ റിബലുകള്‍ക്ക് സഹായം നല്‍കിയെന്നാരോപിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ പഞ്ചായത്ത് കമ്മിറ്റി മേല്‍ഘടകത്തോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതോടെ തൃക്കരിപ്പൂര്‍ പഞ്ചായത്ത് ലീഗ് പൊട്ടിത്തെറിയുടെ വക്കിലാണ്.
മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി വി കെ ബാവക്ക് കൈക്കോട്ടുകടവ് 15ാം വാര്‍ഡില്‍ ഭൂരിപക്ഷം കുറഞ്ഞതും പാര്‍ട്ടിയില്‍ വിഭാഗീയതക്കിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതിയില്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന ബാവക്ക് ലീഗിന്റെ കുത്തക വാര്‍ഡില്‍ 129 വോട്ട് മാത്രമാണ് ഭൂരിപക്ഷം ലഭിച്ചത്. പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി സത്താര്‍ വടക്കുമ്പാട് മല്‍സരിച്ച മെട്ടമ്മല്‍ വാര്‍ഡിലും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
ഇതും ലീഗിന്റെ ഉരുക്കുകോട്ടയാണ്. ആയിറ്റി വാര്‍ഡില്‍ ലീഗ് പ്രവര്‍ത്തകര്‍ റിബലിന് വോട്ട് ചെയ്തതോടെ പിലിക്കോട് ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്നും മല്‍സരിച്ച കോണ്‍ഗ്രസിലെ പത്മജത്തിന്റെ ഭൂരിപക്ഷംകുറഞ്ഞു. ഇവിടെ സിപിഎം സ്ഥാനാര്‍ഥി എം പി പ്രസന്നക്കാണ് മിക്ക ലീഗ് വോട്ടുകളും ലഭിച്ചതെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പഴയ ഐഎന്‍എല്‍ പ്രവര്‍ത്തകയായ 19ാം വാര്‍ഡില്‍ നിന്നുള്ള വി പി ഫൗസിയയെ പരിഗണിക്കുന്നതിനെതിരേയും പാര്‍ട്ടിയില്‍ കലാപം ഉയര്‍ന്നിട്ടുണ്ട്.
രണ്ട് തവണ ഐഎന്‍എല്‍ ടിക്കറ്റില്‍ ഇവര്‍ ലീഗിനെതിരെ മല്‍സരിച്ചിരുന്നു. ഇത്തവണ ലീഗ് ടിക്കറ്റില്‍ മല്‍സരിച്ചാണ് വിജയിച്ചത്.
പഞ്ചായത്ത് ഭരണസമിതിയില്‍ മുന്‍ ഐഎന്‍എല്‍ നേതാവ് കൂടിയായ വി കെ ബാവയും വിജയിച്ച് കയറിയിട്ടുണ്ട്. ലീഗിനെതിരെ കാലാകാലങ്ങളില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ടിക്കറ്റ് നല്‍കുകയും ഇവര്‍ക്ക് തന്നെ ഔദ്യോഗിക സ്ഥാനം നല്‍കുകയും ചെയ്യുന്നതിനെതിരെ ഭൂരിഭാഗം പ്രവര്‍ത്തകരും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it