റിപോ നിരക്ക് കുറച്ചു; ഭവന-വാഹന വായ്പകളുടെ പലിശ കുറയും

മുംബൈ: വാണിജ്യബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍നിന്ന് എടുക്കുന്ന ഹ്രസ്വകാല വായ്പകള്‍ക്കു നല്‍കുന്ന പലിശനിരക്കായ റിപോ 0.25 ശതമാനം കുറച്ച് റിസര്‍വ് ബാങ്ക് പുതിയ സാമ്പത്തികവര്‍ഷത്തെ വായ്പാനയം പ്രഖ്യാപിച്ചു. ഇതോടെ റിപോ നിരക്ക് നിലവിലെ 6.75 ശതമാനത്തില്‍നിന്ന് 6.50 ശതമാനമായി കുറഞ്ഞു.
ഭവന-വാഹന വായ്പകളുടെ പലിശനിരക്ക് കുറയാനിടയാക്കുന്നതാണ് ആര്‍ബിഐ നടപടി. രണ്ടുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ റിപോ നിരക്കാണിത്.
ബാങ്കുകള്‍ 0.25-0.5 ശതമാനം വരെ പലിശനിരക്കുകള്‍ നേരത്തേ കുറച്ചിട്ടുണ്ട്. പുതിയ വായ്പാനയത്തോടെ നിരക്ക് ഇനിയും കുറയുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു. പലിശനിരക്ക് കുറച്ചത് സാമ്പത്തിക വളര്‍ച്ചയുടെ ശക്തി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, പ്രതീക്ഷയോടെയാണ് പലിശനിരക്ക് കുറച്ചതെങ്കിലും ഓഹരിവിപണിയില്‍ അതു പ്രതികൂലമായാണു പ്രതിഫലിച്ചത്. സെന്‍സെക്‌സ് 400 പോയിന്റിലധികം താഴ്ന്നു.
പലിശനിരക്ക് കുറച്ചത് സാമ്പത്തികവളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കുമെന്ന് കേന്ദ്ര ധനസഹമന്ത്രി ജയന്ത് സിന്‍ഹ അഭിപ്രായപ്പെട്ടു. റിസര്‍വ് ബാങ്കിന്റെ നടപടിയെ തുടര്‍ന്ന് ബാങ്കുകളും പലിശനിരക്കില്‍ ഇളവു വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് പ്രതികരിച്ചു.
Next Story

RELATED STORIES

Share it