Alappuzha local

റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ആലപ്പുഴ: കാപ്പിത്തോട് നവീകരണത്തിനായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം സപ്തംബര്‍ ഒന്നിന് നല്‍കിയ ഉത്തരവിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് അമ്പലപ്പുഴ വടക്ക് പഞ്ചായത്തിന് നിര്‍ദേശം നല്‍കി.
പമ്പാ നദിയുടെ പോഷകനദിയായ പൂകൈത ആറില്‍ എത്തിച്ചേരുന്ന കാപ്പിത്തോട്ടിലെ മലിനജലം പ്രദേശ വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കാപ്പിത്തോട് നവീകരണത്തിനായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ച 16 .6 കോടിയുടെ പദ്ധതി നടപ്പാക്കാന്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗമായിരുന്ന ആര്‍ നടരാജന്‍ ചീഫ് സെക്രട്ടറിക്കും തദ്ദേശ സ്വയംഭരണ സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയിരുന്നു.
കാപ്പിത്തോട്ടിലെ ഇരുകരകളിലുമുള്ള അറവുശാലകളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. കാപ്പിത്തോട്ടില്‍ അറവുമാലിന്യങ്ങള്‍ തള്ളുന്നത് തടയാന്‍ രാത്രികാല പട്രോളിങ് ഏര്‍പ്പെടുത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. കാപ്പിത്തോട്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് കൂത്താടികള്‍ നശിപ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. സ്വീകരിച്ച നടപടികള്‍ കമ്മീഷനെ അറിയിക്കാനും നിര്‍ദേശിച്ചിരുന്നു.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വിശദീകരണം സമര്‍പ്പിച്ചെങ്കിലും നടപടികള്‍ സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷനംഗം ആവശ്യപ്പെടുകയായിരുന്നു.
ജലഗതാഗതവും വാണിജ്യ സംവിധാനങ്ങളും നടന്നിരുന്ന കാപ്പിത്തോട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുകയാണെന്നും സമീപത്തെ പാടശേഖരങ്ങളിലെ നെല്‍കൃഷി ഇല്ലാതായെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it