റിപോര്‍ട്ടുകള്‍ വിജിലന്‍സ് പരിശോധിക്കാതിരുന്നത് നിരാശാജനകം

കൊച്ചി: എസ്എന്‍ഡിപി യോഗത്തിന്റെ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണത്തിന്റെ ഭാഗമായി അക്കൗണ്ടന്റ്‌സ് ജനറലിന്റെയും ലോക്കല്‍ ഫണ്ട് ഓഡിറ്റിന്റെയും റിപോര്‍ട്ടുകള്‍ വിജിലന്‍സ് പരിശോധിക്കാതിരുന്നത് നിരാശാജനകമെന്ന് ഹൈക്കോടതി. പണം വകമാറ്റിയെന്ന ഓഡിറ്റ് റിപോര്‍ട്ടിലെ കണ്ടെത്തലുകളാണ് കേസിന് ആധാരമെന്നിരിക്കേ എന്തുകൊണ്ടാണ് വിജിലന്‍സ് അന്വേഷണത്തില്‍ പിഴവ് വന്നതെന്നും കോടതി ചോദിച്ചു. ഓഡിറ്റ് റിപോര്‍ട്ടുകള്‍ പരിശോധിച്ചിട്ടില്ലെന്ന് ഇന്നലെ കോടതിയില്‍ ഹാജരായിരുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞപ്പോഴാണ് കോടതി ഈ പരാമര്‍ശം നടത്തിയത്.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാലാം പ്രതിയും പിന്നാക്ക വികസന കോര്‍പറേഷന്‍ എംഡിയുമായിരുന്ന നജീബ് അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. വ്യക്തികള്‍ ആരെന്നു നോക്കാതെയാണ് വിജിലന്‍സ് അന്വേഷണം നടത്തേണ്ടതെന്ന് കോടതി പറഞ്ഞു. ആരെങ്കിലുമൊക്കെ പറയുന്നതു കേട്ട് അന്വേഷിക്കാതെ വസ്തുതകളില്‍ ഊന്നണം. ഓഡിറ്റ് റിപോര്‍ട്ടുകള്‍ പരിശോധിച്ചില്ലെന്നത് ഗൗരവമേറിയ വിഷയമാണ്. റിപോര്‍ട്ടുകള്‍ പരിശോധിച്ചും അന്വേഷണം നടത്തിയും വ്യക്തമായ തെളിവുകള്‍ ഈ മാസം 10നു സമര്‍പ്പിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിര്‍ദേശം നല്‍കി.
ഇന്നലെ രാവിലെ കേസ് പരിഗണനയ്ക്ക് എടുത്ത കോടതി കേസിലെ തെളിവുകള്‍ എന്താണെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ചു. എസ്എന്‍ഡിപി യോഗത്തിന് മൈക്രോഫിനാന്‍സ് പദ്ധതി നടത്താനുള്ള യോഗ്യതയില്ലെന്നും പിന്നാക്ക വികസന കോര്‍പറേഷന്‍ എംഡി നജീബുമായി ഗൂഢാലോചന നടത്തി ഉള്‍പ്പെടുത്തുകയായിരുന്നെന്നും നേതാക്കള്‍ ഈ പണം ദുരുപയോഗം ചെയ്‌തെന്നും കാട്ടി വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തിരുന്നത്.
Next Story

RELATED STORIES

Share it