റിട്ട. അധ്യാപികയെ ഭീഷണിപ്പെടുത്തി ആഭരണവും പണവും കവര്‍ന്നു

കാഞ്ഞങ്ങാട്: വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മുഖംമൂടി സംഘം റിട്ട. അധ്യാപികയെ കത്തിമുനയില്‍ നിര്‍ത്തി ഒമ്പതു പവന്‍ സ്വര്‍ണാഭരണങ്ങള്‍ ദേഹത്തു നിന്ന് ഊരിയെടുത്തു. അലമാരയില്‍ സൂക്ഷിച്ച 1000 രൂപയും തട്ടിയെടുത്തു.
വെള്ളിക്കോത്തു സ്ഥിതി ചെയ്യുന്ന അജാനൂര്‍ പഞ്ചായത്ത് ഓഫിസില്‍ നിന്ന് 50 മീറ്റര്‍ അകലെയുള്ള പഴയ തറവാട് വീട്ടില്‍ തനിച്ചു താമസിക്കുന്ന റിട്ട. അധ്യാപിക ഓമന (74)യാണു മുഖംമൂടി അക്രമത്തിന് ഇരയായത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണു മുഖംമൂടി ധരിച്ച ഒരാള്‍ അകത്തുകടന്നത്.  അക്രമി ഓമനയ്ക്കു നേരെ കത്തി കാണിക്കുകയും  ഓമനയുടെ കൈയിലുണ്ടായിരുന്ന ടോര്‍ച്ച് കൈക്കലാക്കുകയും ചെയ്തു. അതിനു ശേഷം കഴുത്തില്‍ ഉണ്ടായിരുന്ന അഞ്ചു പവന്‍ തൂക്കമുള്ള മാലയും കൈകളില്‍ ഉണ്ടായിരുന്ന രണ്ടു പവന്‍ വീതമുള്ള രണ്ടു വളകളും ഊരിവാങ്ങുകയായിരുന്നു. മലയാളത്തിലാണ് അക്രമി സംസാരിച്ചിരുന്നത്. ഭയം കാരണം ഇന്നലെ പുലര്‍ച്ചെ അഞ്ചുവരെ സംഭവം ആരോടും പറഞ്ഞില്ല. ഉറങ്ങാതെ കിടന്ന ഓമന പുലര്‍ച്ചെ പിലാത്തറയിലേക്ക് പോയ മകന്‍ സുധീറിനെ ഫോണ്‍ ചെയ്ത് അറിയിക്കുകയായിരുന്നു. സുധീര്‍ നാട്ടിലുള്ള സുഹൃത്തിനെ വിവരം അറിയിച്ചു. ഓമനയുടെ മൂന്നുമൂന്നു മക്കളും വെവ്വേറെയാണു താമസം. ഒരാള്‍ ഗള്‍ഫിലും മറ്റൊരാള്‍ പിലാത്തറയിലാണ് താമസം. തറവാട് വീടിനോട് ചേര്‍ന്ന് പുതിയ വീടു വച്ചു താമസിക്കുന്ന മകന്‍ സുധീര്‍ തിങ്കളാഴ്ച കോഴിക്കോട്ടേക്കു പോയതായിരുന്നു.
മകന്‍ സ്ഥലത്തില്ലാത്ത വിവരം അറിഞ്ഞ ആരെങ്കിലുമായിരിക്കും മോഷണത്തിന് പിന്നിലെന്നു സംശയിക്കുന്നു. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലിസ് എത്തി പരിശോധിച്ചു. വിരലടയാള വിദഗ്ധരും പോലിസ് നായയും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
Next Story

RELATED STORIES

Share it