wayanad local

റിക്രൂട്ട്‌മെന്റ് : പ്രീ രജിസ്‌ട്രേഷന് ഉദ്യോഗാര്‍ഥികള്‍ കുറവ്



കല്‍പ്പറ്റ: പരീക്ഷാഫലങ്ങള്‍ വരുന്നതിനു മുമ്പേ വയനാട്ടിലെ ഉദ്യോഗാര്‍ഥികള്‍ക്കായി ആരംഭിച്ച വ്യോമസേന റിക്രൂട്ട്‌മെന്റ് റാലിയുടെ ഭാഗമായുള്ള പ്രീ രജിസ്‌ട്രേഷന് ഉദ്യോഗാര്‍ത്ഥികള്‍ കുറവ്. ഇന്നലെ കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളിലാണ് പ്രീ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ഇന്നു കൂടി രജിസ്‌ട്രേഷന് അവസരമുണ്ട്. എസ്.എസ്.എല്‍.സി., പ്ലസ്ടു പാസായ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ ഹാജരാക്കണമെന്ന നിബന്ധനയാണ് ഉദ്യോഗാര്‍ഥികള്‍ കുറയാന്‍ കാരണം. കഴിവും കായികശേഷിയുമുള്ള ഒട്ടേറെ ഉദ്യോഗാര്‍ഥികള്‍ വയനാട്ടില്‍ ഉണ്ട്. അവരെല്ലാം പരീക്ഷാ ഫലം പ്രതീക്ഷിച്ചിരിക്കുകയാണ്.  പ്ലസ്ടു, എസ്.എസ്.എല്‍.സി. പാസായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന അവര്‍ക്കെല്ലാം വിനയായി. ഇന്നലെ ഉച്ചക്കാണ് എസ്.എസ്.എല്‍.സി. ഫലം വന്നത്. മാര്‍ക്ക്‌ലിസ്റ്റിന്റെ കോപ്പി പ്രീ രജിസ്‌ട്രേഷന് സ്വീകരിക്കില്ല. റൗണ്ട് സീലുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റാണ് രജിസ്‌ട്രേഷനായി ഹാജരാക്കേണ്ടത്. എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷാഫലം കാത്തിരിക്കുന്ന കുറേ ഉദ്യോഗാര്‍ഥികള്‍ ഇന്നലെ പ്രീ രജിസ്‌ട്രേഷന് എത്തിയിരുന്നു. അവരെ അധികൃതര്‍ തിരിച്ചയച്ചു.ഉദ്യോഗാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പാസ്സായ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, സ്ഥിരവാസ സര്‍ട്ടിഫിക്കറ്റ്, നാല് കോപ്പി ഫോട്ടോ എന്നിവസഹിതമാണ് പ്രിിരജിസ്‌ട്രേഷനും റാലിക്കും ഹാജരാകേണ്ടത്. പ്രീ രജിസ്‌ട്രേഷന് രേഖകള്‍ സഹിതം ഹാജരാകാന്‍ കഴിയാത്തവര്‍ക്ക് ഇനി നേരിട്ട് റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാന്‍ കഴിയുമോയെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പു നല്‍കുന്നില്ല. നിശ്ചിത എണ്ണം ഉദ്യോഗാര്‍ഥികളെ റാലിയില്‍ നിന്ന് തെരഞ്ഞെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ പ്രീ രജിസ്‌ട്രേഷന്‍ നടത്താത്ത ആളുകളെ പരിഗണിക്കുകയുള്ളു. ഇക്കാര്യം അന്തിമമായി തീരുമാനിക്കുക  റിക്രൂട്ട്‌മെന്റിനായി എത്തുന്ന ഉന്നത വ്യോമസേനാ ഉദ്യോഗസ്ഥരാണ്.വയനാട്ടില്‍ ആദ്യമായാണ് വ്യോമസേനാ റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നത്. ആളു കുറവായ സാഹചര്യത്തില്‍ വരും വര്‍ഷങ്ങളില്‍ വയനാട്ടില്‍ വ്യോമസേനാ റിക്രൂട്ട്‌മെന്റ് നടക്കാനുള്ള സാധ്യത കുറവാണെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. എല്ലാ വര്‍ഷവും കേരളത്തില്‍ വച്ച് റിക്രൂട്ട്‌മെന്റ് നടത്താറുമില്ല. വ്യോമസേനയിലെ ഒഴിവുകള്‍ അനുസരിച്ചാണ് റിക്രൂട്ട്‌മെന്റ് നടത്താറുള്ളത്. ഫലത്തില്‍ മുന്‍വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു പാസായവര്‍ക്കാണ് റിക്രൂട്ട്‌മെന്റ് റാലി പ്രയോജനപ്പെടുക. റിക്രൂട്ട്‌മെന്റ് റാലിയില്‍ 5000 ത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വയനാട്, കണ്ണുര്‍, കാസര്‍കോഡ്, മാഹി, കോഴിക്കോട് പ്രദേശങ്ങളിലുള്ളവര്‍ക്കാണ് റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാന്‍ അവസരം. മറ്റ് പ്രദേശങ്ങളില്‍ പ്രി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി.
Next Story

RELATED STORIES

Share it